തിരുവനന്തപുരം: എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു. സഭാ നടപടികളിലേക്ക് കടക്കാതെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതോടെയാണ് പ്രതിപക്ഷം സത്യഗ്രഹം അവസാനിപ്പിച്ചത്. രാവിലെ 8.30ന് തന്നെ സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി സഭ സ്തംഭിപ്പിച്ചു. സഭയില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിവരുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്‍ സ്പീക്കര്‍ എം വിജയകുമാറിന്റെ റൂളിംഗ് ഉദ്ധരിച്ചുകൊണ്ട് സ്പീക്കര്‍ അറിയിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസിന് കോട്ടം തട്ടുന്ന ഒരു തീരുമാനവും എടുക്കാന്‍ സാധിക്കില്ല. സഭാ നടപടികള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം ഉള്ളതിനാല്‍ ചട്ടം 313 പ്രകാരം ചോദ്യോത്തര വേളയും ശൂന്യവേളയും സസ്‌പെന്റ് ചെയ്യുന്നതായി സ്പീക്കര്‍ അറിയിച്ചു. ഇതു സംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുകയും സ്പീക്കര്‍ അത് അംഗീകരിക്കുകയുമായിരുന്നു.
കൃഷി മന്ത്രി കെ.പി മോഹനന്‍ സഭയുടെ അന്തസിന് ചേരാത്ത രീതിയില്‍ പെരുമാറിയെന്നും മേശപ്പുറത്ത് കാലു കയറ്റി വച്ച സംഭവത്തില്‍ അദ്ദേഹത്തിനെ സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് എം.എ ബേബി കത്തു നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കെ.പി മോഹനനോട് വിശദീകരണം ചോദിച്ചതായും സഭയ്ക്കുള്ളില്‍ പറയാന്‍ പറ്റാത്ത തരത്തിലുള്ള പദപ്രയോഗം ഉണ്ട ായതില്‍ പ്രകോപിതനായാണ് ഇങ്ങനെ പെരുമാറിയതെന്നും ഇക്കാര്യത്തിലുള്ള ഖേദം രേഖാമൂലം നല്‍കിയതായും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
ഓര്‍ക്കാതെയാണ് താന്‍ നിയസഭയ്ക്കുള്ളില്‍ കയറിയതെന്നും ഇതില്‍ അതിയായ വിഷമുണ്ടെ ന്നും മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ കടകംപള്ളി സുരേന്ദ്രന്‍ തന്നെ അറിയച്ചതായും സ്പീക്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രശ്‌നം അവസാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. സഭാ നടപടികള്‍ 10 മിനുട്ടുകൊണ്ട ് പൂര്‍ത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു. സഭ നടപടികള്‍ വേഗം തീര്‍ക്കാന്‍ സ്പീക്കര്‍ ശ്രമിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സംസാരിക്കാനായി എഴുന്നേറ്റങ്കിലും പ്രതിപക്ഷ നേതാവ് തന്നോട് ക്ഷമിക്കണം എന്നുപറഞ്ഞ് സ്പീക്കര്‍ സംസാരിക്കാന്‍ അനുവദിച്ചില്ല.
സഭ പിരിഞ്ഞതോടെ എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്തതുമുതല്‍ ആരംഭിച്ച സത്യാഗ്രഹം പ്രതിപക്ഷം അവസാനിപ്പിക്കുകയായിരുന്നു. മന്ത്രി കെ.പി മോഹനനെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കെ.പിമോഹനനെ സസ്‌പെന്റ് ചെയ്യണമെന്ന മുദ്രാവാക്യമാണ് സഭയില്‍ ഇന്നു പ്രധാനമായും പ്രതിപക്ഷം ഉയര്‍ത്തിയത്.
Discussion about this post