സ്വാമി സത്യാനന്ദ സരസ്വതി
ആനന്ദം
മഹര്‍ലോകത്തിലെ സവിശേഷത വര്‍ണനക്ക് വിഷയമാകത്തക്ക വണ്ണം സ്വായത്തമായശേഷം, ജീവാത്മാവ് അടുത്തമണ്ഡലമായ പ്രതിഭശരീരത്തില്‍ കേന്ദ്രീകരിക്കുന്നു. അവിടെ ജീവാത്മാവിനുള്ള അനുഭൂതിമണ്ഡലം ജനുര്‍ലോകമെന്ന നാമത്തില്‍ അറിയപ്പെടുന്നു. ഈ ജനുര്‍ലോകമെന്ന സംജ്ഞ പ്രാതിഭശരീരത്തെ (ചൈതന്യത്തെ) സംബന്ധിക്കുന്നതാണ്. ആനന്ദമയകോശമെന്നും ജനുര്‍ലോകമെന്നും പറയുന്നു ജീവാത്മാവിന്റെ ഈ അനുഭവം അന്യവിഷയങ്ങളെ വിട്ട് തന്നില്‍ തന്നെ കേന്ദ്രീകരിക്കുന്ന അവസ്ഥയാണ്.
അസ്മിത
ആനന്ദമയകോശമെന്ന ജനുര്‍ലോകത്തില്‍ നിന്ന് തപോലോകത്തിലെത്തുമ്പോള്‍ ജീവാത്മാവ് (ജീവാത്മപ്രജ്ഞ) ആത്മരൂപമായിത്തീരുന്നു. തന്നില്‍തന്നെ കേന്ദ്രീകരിക്കുക എന്നതില്‍ കവിഞ്ഞ് പ്രജ്ഞക്ക് ഇതരവികാസത്തിന് ഉപാധിയില്ലാതായിത്തീരുന്നു. ആനന്ദമയമായ ശരീരത്തില്‍ നിന്ന് (ജനുര്‍ലോകത്തില്‍ നിന്ന്) തപോലോകത്തിലെത്തുന്നതിനുള്ള ജീവാത്മപ്രജ്ഞയുടെ ഈ അവസ്ഥയെ ‘അസ്മിത എന്ന പദം കൊണ്ട് വ്യക്തമാക്കിയിരിക്കുന്നു. ‘അസ്മിതാസമാപതി’ യെന്നു കേള്‍ക്കുമ്പോള്‍ യോഗിക്ക് ജീവമുക്താവസ്ഥ കൈവന്നുവെന്നാണ് ധരിക്കേണ്ടത്.
മേല്‍വിരിച്ച പ്രജ്ഞാഭൂമിയിലോരോന്നിലും ജീവനെ നയിക്കുന്ന അന്തഃശക്തിയെയാണ് അസംപ്രജ്ഞാതയോഗമെന്ന സംജ്ഞകൊണ്ട് വിശദീകരിക്കുന്നത് ”ഭൂഃ ഭുവര്‍ സ്വ മഹര്‍ ജനതപോലോകങ്ങളിലേക്ക് ജീവാത്മാവിനെ നയിക്കുന്ന പ്രാതിഭാസികപ്രജ്ഞയെയാണ് അസംപ്രജ്ഞാതമെന്നും പറയുന്ന സാങ്കേതികപദങ്ങള്‍ യഥാക്രമം ഉപാധിസഹിതവും ഉപാധിരഹിതവുമായ പ്രജ്ഞാസ്വഭാവത്തെ വിശദീകരിക്കുന്നവയാണ്. അസംപ്രജ്ഞതത്വം പ്രജ്ഞാശൂന്യതയാണെന്ന് തെറ്റിദ്ധരിക്കരുത്. പ്രജ്ഞാശൂന്യത കേവലം യോഗവിരോധിയായ അപ്രജ്ഞത്വം (അവിവേകം) മാത്രമാണ്. അറിയാതിരിക്കുക എന്നത് പ്രജ്ഞാസങ്കല്പത്തിന് വിപരീതമാണ്. തികഞ്ഞ തമസ്സും മൂഢതയുമാണ് അറിയാതിരിക്കുന്നതുകൊണ്ട് സംഭവിക്കുന്നത്. ഇത് യോഗമാര്‍ഗത്തിലോ ലക്ഷ്യത്തിലോ അംഗീകരിക്കപ്പെടുന്നില്ല. മറിച്ച് ജീവാത്മാവിന് കര്‍മമുക്തി സംഭവിക്കുകയും കര്‍മങ്ങള്‍ക്കുപരിയുള്ള സ്വാധീനത കൈവരിക്കുകയും ചെയ്യുന്ന പ്രജ്ഞാമണ്ഡലമാണ് അസംപ്രജ്ഞാതത്വം. അറിയാതിരിക്കുന്ന തമോമയപ്രകൃതിയില്‍ നിന്നും എല്ലാമറിയുകയെന്ന അനുഭവത്തിലേക്കെത്തിച്ചേരുന്നതാണ് അസംപ്രജ്ഞാതത്വം. ഉപാശിസഹിതമായിരിക്കുമ്പോഴും ശരീരത്തോടുകൂടി ദൃശ്യനായി സ്ഥൂലലോകത്തില്‍ കാണുമ്പോഴും ജീവന്റെ സംസ്‌കാരവിശേഷം ശരീരത്തെ അതിജീവിച്ച് സൂക്ഷ്മതലങ്ങളിലേക്ക് വ്യാപരിക്കുന്നു. ഈയവസ്ഥയില്‍ ശരീരം ജീവന്റെ ഇച്ഛയ്ക്കനുസരിച്ച് വഴങ്ങികൊടുക്കുന്നു. ഭൂതമാത്രങ്ങള്‍ക്ക് ജീവനെ സ്വാധീനിക്കാന്‍ കഴിയുന്നതിനുപകരം ജീവന് ഭൂതമാത്രകളെ നിയന്ത്രിക്കാന്‍ നിയന്ത്രിക്കാന്‍ കഴിയുന്നുയെന്നുള്ളതും പ്രാധാന്യമര്‍ഹിക്കുന്നു. മുക്തിയെന്തെന്നറിയുവാനും ബദ്ധമാകാതിരിക്കുവാനുമുള്ള സ്വാഭാവികത നഷ്ടപ്പെടാതിരിക്കുന്നു. ജീവമുക്തന്റെ ലക്ഷണങ്ങള്‍ ഉപനിഷത്തുകള്‍ക്ക് പകര്‍ത്താന്‍ കഴിഞ്ഞത് അതനുഭവിച്ച യോഗിളുടെ അനുഭൂതിയെ ആശ്രയിച്ചാണ്.
ജീവന്‍ മുക്തി
പദാര്‍ത്ഥഭാവനാദാര്‍ഢ്യം കൊണ്ട് ജീവനനുഭവിക്കുന്ന ബന്ധം വാസനയുടെ സൃഷ്ടിയാണ്. ജീവന്‍ സമ്പാദിച്ചുവച്ച വസ്തുക്കളുടെ സൂക്ഷ്മവിഷയങ്ങളുടെ സ്വാധീനതയാണ് പുനര്‍ജന്മത്തിനു കാരണമായിത്തീരുന്നത്. വറുത്ത വിത്തിന്റെ മുള് പിന്നെ മുളയ്ക്കാത്തതുപോലെ ജീവനില്‍ ലയിച്ചു കിടക്കുന്ന വസ്തുസ്വഭാവത്തെ അതിജീവിക്കുമ്പോള്‍ വാസനാനാശം സംഭവിക്കുന്നു. ഈ വസനാനാശം തന്നെയാണ് മുക്തി അഥവാ മോക്ഷം. ഉപാധികളെ ആശ്രയിച്ചും അതിജീവിച്ചും അനുഭവിക്കുന്ന വിരക്തി ജീവമുക്തനെന്ന പദവി സമ്പാദിച്ചുകൊടുക്കുന്നു. പൂര്‍വജന്മാര്‍ജിത പുണ്യംകൊണ്ട് പ്രത്യക്ഷത്തില്‍ തപസ്സും സാധനകളും അനുഷ്ഠിക്കാത്ത പലരും ജീവന്മുക്താവസ്ഥയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ജീവന്റെ ആസക്തി നശിക്കുന്നതോടുകൂടി സുഖമെന്നും ദുഃഖമെന്നുമുള്ള വ്യത്യാസം അനുഭവപ്പെടുന്നില്ല. അതുകൊണ്ട് സന്തുഷ്ടിയെന്നോ അസന്തുഷ്ടിയെന്നോ തോന്നുന്നുമില്ല. സമ്പാദിച്ചുവെന്നു നഷ്ടപ്പെട്ടുവെന്നുമുള്ള ബോധംകൊണ്ട് ചഞ്ചലത്വം വരുന്നുമില്ല. കാമ, ക്രോധം, ലോഭം, മോഹം, സുഖം, ദുഃഖം എന്നീ വൈരുധ്യങ്ങളെ അതിജീവിച്ചുകൊണ്ട് കാമനകള്‍ക്കതീതനായി വര്‍ത്തിക്കുന്നവനാണ് ജീവമുക്തന്‍. അപേക്ഷിക്കണമെന്നും ഉപേക്ഷിക്കണമെന്നുമുള്ള ഭാവവ്യത്യാസം അവനില്‍ സംഭവിക്കുന്നുമില്ല. ചിന്താലയത്തിലൂടെ ചിത്തലയം നേടുകയഉം ചിത്തലയത്തോടുകൂടി ആത്മഭാവം പ്രസന്നമാകുകയും ചെയ്യുന്നു. ഈ പ്രശാന്തമായ അവസ്ഥ നഷ്ടപ്പെടാതെ തുടരുന്നവനാണ് ജീവമുക്തന്‍.
”രാഗദ്വേഷോ സുഖം ദുഃഖം ധര്‍മാധര്‍മൗ ഫലാഫലേ
യ കര്യോത്യനപേക്ഷൈ്യവ സ ജീവന്മുക്ത ഉച്യതേ.”15
ഫലാപേക്ഷയില്ലാതെ, സുഖദുഃഖങ്ങളില്‍ നിരപേക്ഷനായി, ധര്‍മാധര്‍മങ്ങളില്‍ ബന്ധമില്ലാത്തവനായി രാഗദ്വേഷരഹിതനായിരിക്കുന്നവനാണ് ജീവന്മുക്തന്‍.
Discussion about this post