ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കാബിനറ്റ് സെക്രട്ടറി തലവനായ സമിതിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിയമിച്ചു. ഗെയിംസ് തയ്യറെടുപ്പുകളെ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്ന സാഹചര്യത്തില്‍ നിയമിതമായ കമ്മിറ്റിക്ക് അഴിമതിയില്‍ മുങ്ങിയ സംഘാടക സമിതിയുടെ മേല്‍നോട്ടച്ചുമതലയുമുണ്ട്. ഈ നടപടികളിലൂടെ സംഘാടകസമിതി തലവന്‍ സുരേഷ് കല്‍മാഡിയുടെ അധികാരങ്ങള്‍ക്ക് ശക്തമായ നിയന്ത്രണം വന്നിരിക്കുകയാണ്. തയ്യാറെടുപ്പുകളുടെ സമയക്രമത്തില്‍ വീഴ്ചയും അപാകവും വന്നിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിന് ചുമതലപ്പെട്ട മന്ത്രാലയങ്ങള്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കനത്ത ശിക്ഷയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളുണ്ടായ എല്ലാ ഇടപാടുകളിലും പൂര്‍ണ അന്വേഷണം നടത്താനും അതത് മന്ത്രാലയങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങളിലെ പോരായ്മകള്‍ മുതല്‍ മറ്റു വീഴ്ചകള്‍ വരെ അന്വേഷിക്കണം.
മുടങ്ങിക്കിടക്കുന്ന പണികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ചില മത്സരവേദികള്‍ ഈ മാസം അവസാനത്തെ ആഴ്ച അദ്ദേഹം സന്ദര്‍ശിക്കും. ഗെയിംസിന്റെ ചുമതലയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന, മുഖ്യമന്ത്രി ഷീല ദീക്ഷിത്, സംഘാടകസമിതി അധ്യക്ഷന്‍ സുരേഷ്‌കല്‍മാഡി, കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍, ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഗെയിംസിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു.
ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ സെക്രട്ടറിമാരുടെ സമിതി അവലോകനം ചെയ്യുമെന്നും സംഘാടക സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഇതിന് അധികാരമുണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി തലത്തിലുള്ള ഓഫീസര്‍ സംഘാടകസമിതിയുമായി ദിവസവും ബന്ധപ്പെടും. ഗെയിംസിന്റെ നടത്തിപ്പിനായി കേന്ദ്ര നഗരവികസനമന്ത്രി ജയ്പാല്‍ റെഡ്ഡി തലനായി രപൂവത്കരിച്ച മന്ത്രിതല സമിതിയുമായി സ്ഥിരമായി ബന്ധപ്പെടണമെന്ന് കാബിനറ്റ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പരിഗണന വേണമെന്ന് മന്ത്രിതല സമിതിക്ക് തോന്നുന്ന കാര്യങ്ങള്‍ അന്തിമ തീരുമാനത്തിനായി ധനമന്ത്രി പ്രണബ്മുഖര്‍ജിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രിതല സമിതിയുടെ യോഗം ഞായറാഴ്ച ചേരും.
Discussion about this post