കോട്ടയം: മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട് ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിച്ചു. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എന്‍.എം. തോമസിന്റെ നേതൃത്വത്തിലുള്ളടീമാണ് അന്വേഷണം ഏറ്റെടുത്തത്.
അന്വേഷണസംഘം സമീപവാസികള്‍, സ്ഥിരമായി ഉമ്മന്‍ ചാണ്ട ിയുടെ വീടിനു മുന്നിലൂടെയുള്ള റോഡില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരെക്കണ്ടു വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സയന്റിഫിക് വിദഗ്ധര്‍ ഇന്നലെ സംഭവ സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തി. കല്ലേറില്‍ ചില്ലു തകര്‍ന്ന കാര്‍, എറിയാനുപയോഗിച്ച കല്ല്, എന്നിവ സയന്റിഫിക് വിദഗ്ധര്‍ പരിശോധിച്ചു.
വ്യാഴാഴ്ച രാത്രി പോലീസ് നായയെ കൊണ്ടുവന്ന് അന്വേഷണം നടത്തി. കല്ലേറില്‍ തകര്‍ന്ന കാറും കല്ലുകളും മണത്ത പോലീസ് നായ പ്രധാന റോഡിലെത്തി തെക്കു ഭാഗത്തേക്കാണ് ഓടിയത്. പാറേട്ട് ആശുപത്രിക്കു മുന്നിലുള്ള റോഡിലൂടെ കയറി കൊച്ചാലുങ്കല്‍പ്പടിയിലെത്തി നായ നിന്നു. വീടാക്രമിച്ചവര്‍ സംഭവത്തിനുശേഷം ഇതുവഴിയാകാം രക്ഷപ്പെട്ടതെന്ന നിഗമനത്തിലാണു പോലീസ്.
വീടിനു നേര്‍ക്ക് ആക്രമണം നടന്ന സമയത്ത് ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് പി. ചാണ്ടിയും ഭാര്യ ലൈലയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. ശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയപ്പോള്‍ ഏതാനും പേര്‍ ഓടിപ്പോകുന്നതു കണ്ടു. കരോട്ടുവള്ളക്കാലില്‍ വീടിനു നേരേയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പുതുപ്പള്ളിയില്‍ പ്രകടനം നടന്നു.
Discussion about this post