ന്യൂഡല്‍ഹി: അഴിമതി രാജ്യത്തിന്റെ വികസനം ഇല്ലാതാക്കുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. അഴിമതി നിലവിലുള്ള നിയമസംവിധാനം തകര്‍ക്കുന്ന അവസ്ഥയാണുള്ളത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന രണ്ട് ദിവസത്തെ ഗവര്‍ണര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. 28 ഗവര്‍ണര്‍മാരും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ള ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനം വര്‍ദ്ധിച്ചുവരികയാണ്. ഇത് തടയാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
അഴിമതി മൂലം രാജ്യത്തെ സാമൂഹ്യ പുരോഗതി തടസ്സപ്പെടും. ഇത് തടയാന്‍ അഴിമതിക്കെതിരായ നിയമങ്ങള്‍ ശക്തമാക്കണം. ജനങ്ങള്‍ക്കിടയില്‍ അഴിമതിക്കെതിരെ ബോധവത്ക്കരണം നടത്തണം. ഭരണ സുതാര്യത ഉറപ്പ് വരുത്തണം. ഇക്കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ അതീവശ്രദ്ധ ചെലുത്തണം. കോളേജുകളിലെ റാഗിങ് തടയാന്‍ സുപ്രീം കോടതി നിയമം ശക്തമാക്കിയിട്ടുണ്ട്. ഇത് ഓരോ സംസ്ഥാനത്തും നടപ്പിലാവുന്നുണ്ടെന്ന് ഗവര്‍ണര്‍മാര്‍ ഉറപ്പ് വരുത്തണം-രാഷ്ട്രപതി പറഞ്ഞു.
Discussion about this post