തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പിഴവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയോഗത്തിലാണ് മുഖ്യമന്ത്രി എജിയെ ന്യായീകരിച്ചത്.
എജി നല്‍കിയ സത്യവാങ്മൂലം താന്‍ വായിച്ചു നോക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷെ ഓപ്പണ്‍ കോര്‍ട്ടില്‍ കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് വേണ്ട രീതിയില്‍ വിശദീകരണം നല്‍കാന്‍ എജിക്ക് ആയില്ലെന്നും സമ്മതിച്ചു. ജലനിരപ്പിന്റെ കാര്യത്തിലും കോടതിയെ വേണ്ട രീതിയില്‍ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ എജിക്കായില്ല. അടുത്തിടെയുണ്ടായ ഭൂചലനത്തെക്കുറിച്ച് എജി കോടതിയില്‍ പറയേണ്ടിയിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുല്ലപ്പെരിയാര്‍ തര്‍ക്കം കേരളവും തമിഴ്‌നാടും തമ്മിലുള്ള പോരാട്ടത്തിന് വേദിയാക്കിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.
എജിക്കെതിരേ ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ എതിര്‍പ്പു രേഖപ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം.
Discussion about this post