കണ്ണൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ആശങ്കയുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രത്തിന് ആരോടും കല്‍പ്പിക്കാനാവില്ല. ഇരു സംസ്ഥാനങ്ങളെയും ബന്ധപ്പെട്ട് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനെ കഴിയൂ. ഇതിനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടരും. പ്രശ്‌നത്തില്‍ ചെയ്യാവുന്നതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
നീട്ടിക്കൊണ്ടുപോകാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടത്. ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്നകാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. പാകിസ്താനിലെ സ്ഥിതിഗതികളില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി വിശദമായ ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കുള്ള ആശങ്ക അദ്ദേഹത്തെ അറിയിച്ചതായി എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
Discussion about this post