കുമളി: തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ജനക്കൂട്ടം കേരളത്തിലേക്ക് വന്നതോടെ കുമിളിയില്‍ സംഘര്‍ഷാവസ്ഥ. കുമളിയിലെ മുരുകന്‍ കോവിലിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. ജനക്കൂട്ടം ഇപ്പോഴും കുമളിയില്‍ തമ്പടിച്ചിരിക്കുകയാണ്. പോലീസ് വലയം ഭേദിക്കാന്‍ പ്രവര്‍ത്തകര്‍ പലതവണ ശ്രമിച്ചു. വനത്തിലൂടെ കുമളിയിലെത്താന്‍ 50 ഓളം പേരടങ്ങിയ സംഘം ശ്രമിച്ചുവെങ്കിലും പോലീസ് പരാജയപ്പെടുത്തി.
സംസ്ഥാന പോലീസും കേന്ദ്രസേനയും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കുമളി ചെക്ക് പോസ്റ്റ് പോലീസ് അടച്ചതോടെ കൊല്ലം തേനി ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഐ.ജി ആര്‍. ശ്രീലേഖ ഞായറാഴ്ച രാവിലെ കുമളി സന്ദര്‍ശിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ അവര്‍ വിലയിരുത്തി. കുമളിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചുവെന്ന് പറഞ്ഞു. പ്രതിഷേധക്കാര്‍ കേരളത്തിലേക്ക് നുഴഞ്ഞു കയറുന്നത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അക്രമ സംഭവങ്ങള്‍ തടയാന്‍ കേരള അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഐ.ജിയുടെ നേതൃത്വത്തില്‍ 500 പോലീസുകാരെ അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഡി.ജി.പി കെ രാമാനുജം പറഞ്ഞു. ഗൂഡല്ലൂരും കേരള അതിര്‍ത്തിയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ സുരക്ഷിത പാതയിലൂടെ തിരിച്ചുവിടും. ഗൂഡല്ലൂര്‍ കുമളി പാതയിലെ ഗതാഗതം ഉടന്‍ സാധാരണ നിലയിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post