തൃശൂര്‍: മുളങ്കുന്നത്തുകാവിനടുത്ത് അത്താണിയില്‍ വെടിക്കെട്ടു ശാലയില്‍ പൊട്ടിത്തെറി. നാലു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ആറു പേരെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായപ്പോള്‍ 12 തൊഴിലാളികള്‍ വെടിക്കെട്ടു ശാലയില്‍ ഉണ്ടായിരുന്നു. ഏഴു പേര്‍ അകത്ത് കുടുങ്ങിയതായി സംശയിക്കുന്നു. ഇവരെ പുറത്തെടുക്കാന്‍ ശ്രമം തുടരുകായാണ്. തീപിടിക്കാതെ അകത്തു വെടിമരുന്ന് ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം താമസിക്കുകയാണ്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള വീടുകളുടെ ചില്ലുകള്‍ വരെ തകര്‍ന്നു.
എലുവിത്തിങ്കല്‍ ദേവസ്സിക്കുട്ടിയുടെ മകന്‍ ജോഫിയുടെ ഉടമസ്ഥതയില്‍ ഉള്ള വെടിക്കെട്ടു ശാലയിലാണു സ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു അപകടം. വാഹനങ്ങള്‍ എത്താത്ത കുന്നില്‍ പ്രദേശത്താണു വെടിക്കെട്ടു ശാല സ്ഥിതി ചെയ്യുന്നത്. അഗ്നിശമന സേനയുടെ വാഹനം അവിടേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. സമീപത്തു വീടുകളും കുറവാണ്.
കരാറുകാരനു ലൈസന്‍സ് ഉണ്ടായിരുന്നു. പക്ഷേ ഈ സ്ഥലത്തു പടക്കശാല നടത്താന്‍ അനുമതി ഇല്ലെന്നാണു സൂചന.
Discussion about this post