തിരുവനന്തപുരം: മദനിയെ അന്‍വാര്‍ശേരി യത്തീംഖാനയില്‍ കയറി അറസ്റ്റ് ചെയ്തത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അനുമതിയില്ലാതെ. മാത്രമല്ല ആഗ്രഹത്തിനെതിരും. മദനിയെ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ട സൗകര്യം നല്‍കണമെന്നായിരുന്നു കോടിയേരി നിര്‍ദ്ദേശിച്ചിരുന്നത്. ഡിജിപിയും അനൗദ്യോഗികമായി ഇക്കാര്യം കീഴോട്ട് അറിയിച്ചു.
എന്നാല്‍ ആഭ്യന്തരമന്ത്രിയെ മറികടന്ന് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശമാണ് ഇന്നലെ പോലീസ് നടപ്പാക്കിയത്. ഇന്റലിജന്‍സ് എഡിജിപി സിബി മാത്യൂസിനെ വിളിച്ചുവരുത്തി വി.എസ്. അച്യുതാനന്ദന്‍ മദനിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിന്റെ വിശദീകരണം തേടിയിരുന്നു. അറസ്റ്റിന്റെ പേരില്‍ നടക്കുന്ന നാടകത്തിലുള്ള അതൃപ്തിയും പ്രകടിപ്പിച്ചു. മദനി പ്രശ്നത്തില്‍ പോലീസ് നടപടിയില്‍ അതൃപ്തരായ ഒരു വിഭാഗത്തിന് പിടിവള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തുടര്‍ന്നാണ് ഐജി ഹേമചന്ദ്രന്‍ ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കുശേഷം മദനിയെ ഇന്നലെ പിടിച്ചുകൊടുക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തു.
മദനിയെ കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കുകയും അവിടെ നിന്ന് കര്‍ണാടക പോലീസിന് കൈമാറുകയും ചെയ്താല്‍ മതി എന്ന നിര്‍ദ്ദേശമായിരുന്നു ഇന്നലെ ആഭ്യന്തരമന്ത്രി നല്‍കിയിരുന്നത്. കര്‍ണാടക പോലീസിന്റെ ആജ്ഞ കേള്‍ക്കാന്‍ കേരള പോലീസിന് ആകില്ലെന്നും കോടിയേരി വീരവാദം മുഴക്കി. എന്നാല്‍ പോലീസും വിസും ഒത്തപ്പോള്‍ കോടിയേരിയുടെ ആഗ്രഹം നടന്നില്ല. മദനിയെ രണ്ടുമണിക്ക് മുമ്പ് തന്നെ അറസ്റ്റ് ചെയ്തിരിക്കണം എന്ന കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യയുടെ ആജ്ഞ സ്വീകരിച്ച കേരളാ പോലീസ് മദനിയെ പിടിച്ചുകൊടുത്തു. കോടിയേരി ഇളിഭ്യനായപ്പോള്‍ ചിരിച്ചത് വി.എസ്.
Discussion about this post