ബാംഗ്ലൂര്‍ /അന്‍വാര്‍ശേരി: ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.24ന് അന്‍വാര്‍ശ്ശേരിയില്‍നിന്ന് അറസ്റ്റുചെയ്ത മഅദനിയെ വൈകുന്നേരം 7.45ന് തിരുവനന്തപുരത്തുനിന്നും വിമാനത്തില്‍ രാത്രി 9.24ന് ബാംഗ്ലൂരിലെത്തിച്ചു. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെയും മറ്റും കബളിപ്പിച്ച് വി.ഐ.പി. ലോഞ്ചിലൂടെ മഅദനിയെ രഹസ്യമായി പുറത്തുകൊണ്ടുവന്ന് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി. നാല്പതോളം വരുന്ന കമാന്‍ഡോ സംഘം ഉള്‍പ്പെടെ കനത്ത സുരക്ഷ ബാംഗ്ലൂര്‍ വിമാനത്താവളത്തിലൊരുക്കിയിരുന്നു.
11.20ന് കോറമംഗലയിലുള്ള ഗെയിംസ് വില്ലേജിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വെങ്കിടേഷ് ഗുരുജിയുടെ മുമ്പാകെ മഅദനിയെ ഹാജരാക്കി. മജിസ്‌ട്രേറ്റ് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിനു മുന്നില്‍ കാറിലാണ് മഅദനിയെ കൊണ്ടുവന്നത്. പ്രതി അംഗവൈകല്യമുള്ള ആളാണെന്നു മനസ്സിലാക്കിയ മജിസ്‌ട്രേറ്റ് മുകള്‍ നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് താഴെയിറങ്ങിവന്നാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. മഅദനിയെ പത്തുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മൂന്നു മിനിറ്റ് മാത്രം നീണ്ടുനിന്ന നടപടികള്‍ക്കൊടുവില്‍ മഅദനിയെ മജിസ്‌ട്രേറ്റ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. എന്നാല്‍, ഇത് എത്ര ദിവസത്തേയ്‌ക്കെന്ന് ബുധനാഴ്ചയേ മജിസ്‌ട്രേറ്റ് വ്യക്തമാക്കുകയുള്ളു.
ചൊവ്വാഴ്ച അന്‍വാര്‍ശ്ശേരിക്കുള്ളിലേക്ക് തള്ളിക്കയറിയ കേരളാ പോലീസ്‌സംഘത്തിന്റെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് 1.20നാണ് കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് നടപ്പാക്കിയത്. താന്‍ കോടതിയില്‍ കീഴടങ്ങാന്‍ പോവുകയാണെന്ന് മഅദനി പറഞ്ഞെങ്കിലും അതനുവദിക്കാനാവില്ലെന്നും അറസ്റ്റ്‌ചെയ്യുകയാണെന്നും കര്‍ണാടക പോലീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓംകാരയ്യ അറിയിച്ചു. കോടതിയിലേക്ക് പോകുന്നുവെന്ന് പ്രഖ്യാപിച്ച് സ്വന്തം ടെംപോ ട്രാവലറില്‍ മഅദനി കയറിയിരുന്നതിന് തൊട്ടു പിന്നാലെയായിരുന്നു പോലീസ്‌സംഘം കര്‍ണാടക പോലീസിലെ ജോയന്റ് കമ്മീഷണര്‍ അലോക്കുമാറിന്റെയും കൊല്ലം ജില്ലാപോലീസ് സൂപ്രണ്ട് ഹര്‍ഷിതഅത്തല്ലൂരിയുടെയും നേതൃത്വത്തില്‍ അന്‍വാര്‍ശ്ശേരിക്കുള്ളില്‍ കടന്നത്.1.15 നുള്ളില്‍ മഅദനി പുറത്തുകടന്നില്ലെങ്കില്‍ തങ്ങള്‍ ഉള്ളിലേക്ക് കയറുമെന്ന് കേരള പോലീസ് അന്ത്യശാസനം നല്‍കിയിരുന്നു.
കൊല്ലം എസ്പി ഹര്‍ഷിത അട്ടല്ലൂരി കരുനാഗപ്പള്ളി ഡിവൈഎസ്പി സി.ജി. സുരേഷ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്തിലുള്ള വന്‍ പോലീസ് സന്നാഹം ബാംഗ്ലൂര്‍ പോലീസിനെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നു. ഏഴ് ഡിവൈഎസ്പിമാര്‍, 15 സിഐമാര്‍, 25 ഓളം എസ്‌ഐമാര്‍ കൂടാതെ 1000ത്തോളം പോലീസും അറസ്റ്റിന്‍ സഹായിക്കാന്‍ യത്തീംഖാന പരിസരത്തുണ്ടായിരുന്നു. തുടര്‍ന്ന് എസ്പി സര്‍വസന്നാഹങ്ങളുമായി ബാംഗ്ലൂര്‍ പോലീസിനൊപ്പം യത്തീംഖാനയിലേക്ക് കയറി. കോടതിയില്‍ പോകാനായി കയറിയ മദനിയുടെ വാന്‍ പോലീസ് പിടിച്ചെടുത്തു. ഭാര്യ സൂഫിയയും രണ്ടു സഹായികളുമായി പോലീസ് മദനിയെ അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ടുപോയി.
മദനിയെ കര്‍ണാടക പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും പിഡിപി-പോപ്പുലര്‍ഫ്രണ്ട് അക്രമി സംഘം അഴിഞ്ഞാടി. കരുനാഗപ്പള്ളി സിവില്‍ സ്റ്റേഷനു സമീപം തമ്പടിച്ചിരുന്ന പിഡിപി-പോപ്പുലര്‍ഫ്രണ്ട് അക്രമി സംഘമാണ് സംഘര്‍ഷങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. സംഭവത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. ദേശീയപാത ഉപരോധിച്ച് അക്രമം നടത്തിയ സംഘത്തിലെ 28ഓളം പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
മദനി കരുനാഗപ്പള്ളി കോടതിയില്‍ കീഴടങ്ങുമെന്നും അപ്പോള്‍ പ്രവര്‍ത്തകര്‍ അവിടെയെത്തണമെന്നും നേരത്തെ പിഡിപി നേതൃത്വം അണികളെ ചട്ടം കെട്ടിയിരുന്നു. ഇതനുസരിച്ച് രാവിലെ മുതല്‍ പിഡിപി-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി സിവില്‍ സ്റ്റേഷന്‍ പരിസരത്തും ദേശീയപാതയിലുമായി സംഘടിച്ചു. കടകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പെട്രോള്‍ പമ്പുകളുടെയും മറപിടിച്ച് അക്രമി സംഘം ഒളിച്ചു നില്‍ക്കുകയായിരുന്നു. മദനിയെ അറസ്റ്റു ചെയ്തതറിഞ്ഞ് നിമിഷ നേരം കൊണ്ട് ഇവര്‍ ദേശീയപാത കയ്യേറുകയും പോലീസ്, കെഎസ്‌ആര്‍ടിസി ബസ്സുകള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയ്ക്കു നേരെ കല്ലെറിഞ്ഞ് അക്രമം അഴിച്ചുവിടുകയുമായിരുന്നു. ആദ്യമൊക്കെ പോലീസ് കഴിയുന്നത്ര സംയമനം പാലിച്ചു. എന്നാല്‍ അക്രമം വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്പി ഹര്‍ഷിത അട്ടല്ലൂരി ലാത്തിച്ചാര്‍ജിന് ഉത്തരവിട്ടു. അക്രമികളെ തുരത്തി ഓടിക്കാന്‍ കരുനാഗപ്പള്ളി, പുതിയകാവ്, വവ്വാക്കാവ് എന്നിവിടങ്ങളില്‍ പോലീസിന് ശക്തമായി ബലം പ്രയോഗിക്കേണ്ടി വന്നു. മൂന്ന് കെഎസ്‌ആര്‍ടിസി ബസ്സുകള്‍, രണ്ട് ലോറികള്‍, രണ്ടു കാറുകള്‍ എന്നിവയാണ് അക്രമികള്‍ തകര്‍ത്തത്.
താലൂക്കാശുപത്രിക്കു സമീപം കടകളുടെ ഗ്ലാസുകളിലേക്കും പെട്രോള്‍ പമ്പിലേക്കും അക്രമികള്‍ കല്ലെറിഞ്ഞു. കല്ലേറിലാണ് പെട്രോള്‍ പമ്പ് ജീവനക്കാരന് പരിക്കേറ്റത്. എന്നാല്‍ പോലീസ് ലാത്തിച്ചാര്‍ജ് ശക്തമാക്കിയതിനാല്‍ അക്രമികള്‍ക്ക് പിന്തിരിയേണ്ടി വന്നു. മദനി കരുനാഗപ്പള്ളി കോടതിയില്‍ കീഴടങ്ങാന്‍ വന്നാല്‍ കീഴടങ്ങലും അറസ്റ്റും അട്ടിമറിക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് അക്രമം നടന്നത്.
എംസി റോഡുവഴിയാണ് മദനിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. 4.10ന് വിമാനത്താവളത്തിലെത്തി. 4.45ന് ജെറ്റ് വിമാനത്തില്‍ സീറ്റ് ലഭ്യമല്ലാത്തതിനാല്‍ നേരത്തെ ബുക്ക് ചെയ്തിരുന്ന കിങ് ഫിഷറിന്റെ ഐടി 4637 നമ്പര്‍ വിമാനത്തില്‍ ഏഴരയോടെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. അന്‍വാര്‍ശ്ശേരിയില്‍ നിന്നും മദനി കയറിയ വണ്ടിക്ക് ബ്രേക്ക് കുറവാണെന്ന് കണ്ടതിനെത്തുടര്‍ന്ന് കൊട്ടാരക്കരയില്‍നിന്നും വണ്ടിമാറ്റി. സൂഫിയ മദനിയും സിറാജും ഒപ്പമുണ്ടായിരുന്നു. വഴിനീളെ പോലീസ് അണിനിരന്നു. മദനിയേയും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം തടയാന്‍ വെഞ്ഞാറമൂട് പിഡിപിക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വിമാനത്താളവത്തിന് പുറത്ത് പ്രതിഷേധപ്രകടനം നടത്തി.വിമാനത്താവളത്തിലെത്തിയ മദനി വാര്‍ത്താലേഖകരോട് സംസാരിക്കാന്‍ മുതിര്‍ന്നു. രണ്ട് മൂന്ന് വാചകം പറയുമ്പോഴേക്കും വിമാനത്താവളത്തിനകത്ത് കയറ്റി പാസഞ്ചര്‍ ലോഞ്ചില്‍ ഇരുത്തി. മൂന്ന് മണിക്കൂറിലധികം അവിടെ കഴിയേണ്ടി വന്ന മദനിക്ക് നിസ്ക്കരിക്കാനും നോമ്പുതുറക്കാനും സൗകര്യം ഒരുക്കി. വിമാനത്തില്‍ കയറും മുമ്പ് ഭാര്യയുമായി സംസാരിക്കാനും അവസരം കൊടുത്തു.താന്‍ ജീവനോടെ തിരിച്ചെത്തുകയാണെങ്കില്‍ കേരളത്തിലുണ്ടാകുമെന്നും നശിപ്പിച്ചാല്‍ തനിക്കായി പ്രാര്‍ത്ഥിക്കണമെന്നും മദനി വിമാനത്താവളത്തില്‍ ക്യാമറകളെ നോക്കിപ്പറഞ്ഞു.
മദനിയുടെ കാര്യത്തില്‍ നിയമപരമായും മര്യാദയോടും കൂടി മാത്രമാണ് കര്‍ണാടക പോലീസും സര്‍ക്കാരും നീങ്ങിയത്. മദനിക്കെതിരെ മൊഴി ലഭിച്ചതിനുശേഷം അദ്ദേഹത്തെയും ഭാര്യയെയും ചോദ്യം ചെയ്ത് നിജസ്ഥിതി മനസ്സിലാക്കി. കോടതിക്ക് ബോധ്യപ്പെടുന്ന രീതിയില്‍ കുറ്റപത്രം നല്‍കി. കോടിതി മദനിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടും അമിതാവേശം കാട്ടാന്‍ കര്‍ണാടക പോലീസ് തയ്യാറായില്ല. മദനിക്ക് അപ്പീലുകള്‍ നല്‍കാനുള്ള അവസരങ്ങളെല്ലാം നല്‍കി. അതേ സമയം തന്നെ മദനിക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള നിയമനടപടികളും സ്വീകരിച്ചിരുന്നു.
കേരളത്തില്‍ പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം ഉണ്ടായപ്പോഴും കര്‍ണ്ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ തികഞ്ഞ സംയമനമാണ് പാലിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ എന്നതായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നയം.
അതോടൊപ്പം മദനിയെ പിടിച്ചുകൊണ്ട് പോകാനുള്ള നീക്കവും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായി. ഒരാഴ്ച മുമ്പ് ഉന്നത ബാംഗ്ലൂര്‍ പോലീസ് സംഘം കേരളത്തിലെത്തിയത് ഇതിനാണ്. എന്നാല്‍ സംഘം കൊച്ചിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചപ്പോള്‍ തന്നെ വാര്‍ത്ത പുറത്തായി. സംസ്ഥാന പോലീസിലെ തന്നെ ചിലരായിരുന്നു ഇതിന് പിന്നില്‍. കൊച്ചിയില്‍ നിന്നു കൊല്ലത്ത് എത്തി അന്നുതന്നെ അറസ്റ്റ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കൊല്ലം എസ്പി ഹര്‍ഷിത അട്ടല്ലൂരിയുമായി ബാംഗ്ലൂര്‍ പോലീസ് സംഘം നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തതാണ്. ഉന്നത ഇടപെടലിനെ തുടര്‍ന്നാണ് അന്ന് അറസ്റ്റ് നടക്കാതിരുന്നത്. രാഷ്ട്രപതിയുടെ വരവും സ്വാതന്ത്ര്യദിനത്തിന്റെ പേരും ഒക്കെ എടുത്തുകാട്ടിയപ്പോള്‍ കര്‍ണാടക പോലീസും കാത്തിരുന്നു. എന്നാല്‍ മദനിയെ പിടിച്ചു നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. സിറ്റി ജോയിന്റ് കമ്മീഷണറെ തന്നെ കേരളത്തിലേക്ക് അയച്ചു. ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പരസ്യമായി തന്നെ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രസ്താവനയും ഇറക്കി. കേരള പോലീസിനെ പ്രതിരോധത്തിലാക്കാനായിരുന്നു രണ്ട് നടപടിയും.
Discussion about this post