ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ മൂല്യനിര്‍ണയത്തിന് നിയമിച്ച വിദഗ്ധസമിതി കോഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് ഡോ. സി.വി. ആനന്ദബോസിനെ സുപ്രീംകോടതി മാറ്റി. നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ. എം. വേലായുധന്‍ നായരെ പുതിയ കോഓര്‍ഡിനേറ്റായി നിയമിക്കുകയും ചെയ്തു. കേന്ദ്ര സര്‍വീസില്‍നിന്ന് വിരമിച്ച സാഹചര്യത്തില്‍ കോഓര്‍ഡിനേറ്ററായി ഡോ. സി.വി. ആനന്ദബോസിന്റെ സേവനങ്ങള്‍ തുടരേണ്ടെതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. വിദഗ്ധസമിതിയും സര്‍ക്കാറുംതമ്മിലുള്ള ഏകോപനത്തിനായി ദേവസ്വം സെക്രട്ടറിയെ നിയമിച്ചത് കോടതി അംഗീകരിക്കുകയും ചെയ്തു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാനടപടികള്‍ കാര്യക്ഷമമായി പാലിക്കാത്തതിനാല്‍ സര്‍ക്കാരിനെയും ക്ഷേത്രമാനേജ്‌മെന്റിനെയും സുപ്രീംകോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ആനന്ദബോസ് സപ്തംബര്‍ 20ന് സര്‍വീസില്‍നിന്നു വിരമിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സേവനങ്ങള്‍ ആവശ്യമില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. വേലായുധന്‍നായരെ നിയമിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചതും ആ സാഹചര്യത്തില്‍ത്തന്നെ.
ആനന്ദബോസിന്റെ സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയില്ലെങ്കില്‍ അദ്ദേഹത്തെ ഒരുകൊല്ലത്തേക്ക് കോഓര്‍ഡിനേറ്ററായി നിയമിക്കുന്നത് സംസ്ഥാനസര്‍ക്കാറിന് പരിഗണിക്കാമെന്ന് 2011 സപ്തംബര്‍ 22ന് പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. വേലായുധന്‍നായരെ മെമ്പര്‍ സെക്രട്ടറിയായി കോടതിതന്നെയാണ് നിയമിച്ചത്. മൂല്യനിര്‍ണയ നടപടികളുടെ തുടര്‍ച്ചയ്ക്കായി അദ്ദേഹത്തെ കോഓര്‍ഡിനേറ്ററായി നിയമിക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം. ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
Discussion about this post