തിരുവനന്തപുരം: ഐ.ജി ടോമിന്‍ തച്ചങ്കരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആള്‍ ഇന്ത്യ സര്‍വീസ് റൂള്‍സ് ലംഘിച്ചതിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു തച്ചങ്കരി. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും ഖത്തറില്‍ സംശയത്തിന്റെ നിഴലിലുള്ളവരുടേയും കേസില്‍പ്പെട്ടവരുടേയും ആതിഥേയത്വം സ്വീകരിച്ചതും ചൂണ്ടിക്കാട്ടി തച്ചങ്കരിക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കേന്ദ്രത്തിന്റെ ഉപദേശം അനുസരിച്ചാണ് തീരുമാനം. തച്ചങ്കരിക്ക് തീവ്രവാദ ബന്ധമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കെ മോഹന്‍ദാസ് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാത്ത പശ്ചാത്തലത്തില്‍ പി പ്രഭാകരന്‍ തന്നെ ചീഫ് സെക്രട്ടറിയായി തുടരും. കൊച്ചി മെട്രോയുടെ കാര്യത്തില്‍ വ്യാഴാഴ്ച ചേരുന്ന ആസൂത്രണ കമ്മീഷന്‍ യോഗത്തില്‍ ഇ ശ്രീധരന്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ചത്തെ യോഗത്തില്‍ തന്നെ കൊച്ചി മെട്രോയുടെ കാര്യത്തില്‍ വ്യക്തതയുണ്ടാകും.
Discussion about this post