ശബരിമല: തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദര്‍ശിച്ച്, മകരജ്യോതി കണ്ട് മനം നിറയ്ക്കാന്‍ ശബരീ സന്നിധിയില്‍ വന്‍ തിരക്ക്.
തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നു കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അയ്യപ്പന് അഭിഷേകം നടത്തുന്ന സംക്രമാഭിഷേകവും മകരസംക്രമ പൂജയും ഇന്നലെ അര്‍ധരാത്രി 12.59ന് ആയിരുന്നു. സൂര്യന്‍ ധനുരാശിയില്‍ നിന്നു മകരം രാശിയിലേക്കു മാറുന്ന മകരസംക്രമ മുഹൂര്‍ത്തമാണിത്. ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്കു സംക്രമം ആരംഭിക്കുന്നതും ഈ സമയത്താണ്. നട തുറന്ന ദിവസം തന്നെ ഹരിവരാസനം ചൊല്ലി നട അടച്ചില്ല എന്ന അപൂര്‍വതയ്ക്കും ഇന്നലെ സന്നിധാനം സാക്ഷ്യം വഹിച്ചു. ശനിയാഴ്ച വൈകിട്ട് തുറന്ന നട അര്‍ധരാത്രി മകരസംക്രമ പൂജയെത്തുടര്‍ന്ന് ഒന്നരയോടെയാണ് അടച്ചത്.
പന്തളം കൊട്ടാരത്തില്‍ നിന്നു കൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ അയ്യപ്പനു ചാര്‍ത്തി ഇന്ന് വൈകിട്ട് 6.30ന് ആണ് ദീപാരാധന. ശബരിമല ക്ഷേത്രത്തില്‍ ദീപാരാധന നടക്കുന്ന സമയത്തു തന്നെ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടിലും ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ദീപാരാധന നടത്തും. ഈ സമയം ആകാശത്ത് മകരനക്ഷത്രം തെളിയും.
മകരസംക്രമ സന്ധ്യയില്‍ അയ്യപ്പസന്നിധിയില്‍ നടക്കുന്ന ദീപാരാധനയും മകരനക്ഷത്രവും പൊന്നമ്പമേട്ടിലെ വിളക്കും ദര്‍ശിക്കുക പുണ്യമായി കരുതുന്നതിനാല്‍ ഭക്തലക്ഷങ്ങളാണ് ഇതിനായി സന്നിധാനത്തും പരിസരങ്ങളിലും ദിവസങ്ങളായി തമ്പടിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മകരവിളക്ക് കണ്ടു മടങ്ങിയ 102 പേര്‍ പുല്ലുമേട്ടില്‍ തിരക്കില്‍പ്പെട്ടു മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് ഇത്തവണ പൊലീസും ദേവസ്വം ബോര്‍ഡും ഒരുക്കിയിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്കും ഇത്തവണ കുറവാണ്. നാലായിരം പൊലീസുകാരെ കൂടാതെ കേന്ദ്ര ദ്രുതകര്‍മ സേന, ദുരന്തനിവാരണ സേന എന്നിവരെയും തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
Discussion about this post