വിതുര: ആനയും കാട്ടുപോത്തും വിഹരിക്കുന്ന പൊന്മുടി സീതാതീര്‍ഥത്തില്‍ മലദൈവങ്ങളുടെ പ്രീതിക്കായി ആദിവാസികള്‍ പൊങ്കാലയര്‍പ്പിച്ചു. പൊന്മുടി അപ്പര്‍സാനിറ്റോറിയത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരം വനത്തിനുള്ളിലൂടെ കാല്‍നടയാത്രയായി സഞ്ചരിച്ചാണ് ആദിവാസികള്‍ സീതാതീര്‍ഥ മലമുകളില്‍ പൊങ്കാലയര്‍പ്പിക്കാനെത്തിയത്. ഞാറനീലി, തണ്ണിപ്പെട്ടി, മൊട്ടമൂട്, ഈറ്റമൂട്, ഓടച്ചപാറ, പട്ടന്‍കുളിച്ചപാറ എന്നീ ആദിവാസി കോളനികളിലുള്ളവരാണ് പൊങ്കാല അര്‍പ്പിക്കാനെത്തിയത്. ആദിവാസികളോടൊപ്പം കല്ലാര്‍, മീനാങ്കല്‍, വാളാര്‍, ചെമ്പിക്കുന്ന്, പെരുമ്പാറയടി എന്നിവിടങ്ങളിലുള്ളവരും പാലോട് ഡിവിഷനിലെ കല്ലാര്‍ ഫോറസ്റ്റ് റേഞ്ച് അധികൃതരും പൊങ്കാല അര്‍പ്പിക്കാനെത്തിയിരുന്നു. മൊട്ടമൂട് ആദിവാസി കോളനിയിലെ മല്ലന്‍കാണി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ പൊങ്കാല ഉത്സവത്തിനു തുടക്കമായി.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ആദിവാസികള്‍ പൊങ്കാല അര്‍പ്പിക്കാനായി സീതാ തീര്‍ഥത്തില്‍ ഒത്തുചേരാറുള്ളത്. ഈ ചടങ്ങില്‍ പങ്കെടുത്താല്‍ ഒരുവര്‍ഷക്കാലത്തെ ദുരിതം ഒഴിയുമെന്നാണ് ആദിവാസികളുടെ വിശ്വാസം. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ ഒരുമുടി കെട്ടുമായാണ് ആദിവാസികള്‍ പൊങ്കാലയിടാന്‍ മലകയറിയത്. രാവിലെ എട്ടിന് ബ്രഹ്മഗിരിശൃംഗത്തില്‍ നടന്ന ശിവലിംഗ പൂജകള്‍ക്കുശേഷം 10.15ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ പ്രത്യേകം തയാറാക്കിയ പര്‍ണശാലയില്‍ പൂജാദികര്‍മങ്ങള്‍ നടത്തി പൊങ്കാല നിവേദിച്ചു. പൊങ്കാല അര്‍പ്പിക്കാനെത്തിയവര്‍ക്ക് മല്ലന്‍കാണി ഒറ്റമൂലി സസ്യങ്ങളുടെ നീര് പ്രസാദമായി നല്‍കി.ഓരോവര്‍ഷം കഴിയുന്തോറും പൊങ്കാലയിടാന്‍ എത്തുന്ന നാട്ടുകാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ആദിവാസികള്‍ പറഞ്ഞു.
Discussion about this post