ചെറുകോല്‍പ്പുഴ: ശബരിമലയില്‍ നിന്നുത്ഭവിക്കുന്നപുണ്യനദിയായ പമ്പയെ മാലിന്യമുക്തമാക്കാന്‍ കൂട്ടായശ്രമം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ശതാബ്ദി വര്‍ഷത്തിലെ സര്‍വധര്‍മ സമ്മേളനവും സമാപനയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പാനദിയുടെ സംരക്ഷണം ഗൗരവമായി സര്‍ക്കാര്‍ ചിന്തിക്കുന്ന വിഷയമാണ്. വേമ്പനാട്ടു കായലില്‍ ചേരുന്ന പമ്പ ഉള്‍പ്പെടെയുള്ള ആറു നദികളെ മാലിന്യമുക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണ്. പമ്പാനദിയുടെ തീരത്തുള്ള കണ്‍വന്‍ഷന്‍ സമൂഹത്തിനാകെ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ എല്ലാ ആചാരങ്ങളെയും സ്വീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഭാരതസംസ്‌കാരത്തിനു കഴിഞ്ഞിട്ടുണ്ട്. സങ്കുചിത ചിന്തകള്‍ ലോകത്തു പ്രകടമാകുമ്പോള്‍ വിശാലമായ സാംസ്‌കാരിക പാരമ്പര്യം ഭാരതത്തില്‍ മാത്രമാണുള്ളതെന്നും മതങ്ങള്‍ നന്മയ്ക്കുവേണ്ടിയുള്ളതായിരിക്കണമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
സര്‍വമതങ്ങളും മനുഷ്യനന്മയ്ക്കാണെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍ പറഞ്ഞു.54 വര്‍ഷം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റായിരുന്ന ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പിനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. ഡോ.സ്വാമി ശിവമൂര്‍ത്തി ശിവാചാര്യ ശതാബ്ദി സന്ദേശം നല്കി. തിരുമല ദേവസ്വം പ്രസിഡന്റ് വാപ്പിരാജ് എംപി, ആന്റോ ആന്റണി എംപി, കുമ്മനം രാജശേഖരന്‍, പി.എസ്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കുമ്മനം രാജശേഖരനു വിദ്യാധിരാജ പുരസ്‌കാരവും സമ്മാനിച്ചു. സ്വാമി പൂര്‍ണാമൃതാനന്ദപുരി നയിച്ച സര്‍വൈശ്വര്യ പൂജയോടെയാണ് മതപരിഷത്ത് സമാപിച്ചത്.
Discussion about this post