ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസി വാഹനത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രയേല്‍ സംഘം ഇന്ത്യയിലെത്തി. ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് എത്തിയത്. സ്‌ഫോടനത്തില്‍ സംശയിക്കുന്നവരുടെ പട്ടിക ഇസ്രയേല്‍ ഇന്ത്യക്കു കൈമാറി.
ഇന്നലെ വൈകിട്ട് 3.15ന് പ്രധാനമന്ത്രിയുടെ വസതിക്കു സമീപം അതീവ സുരക്ഷാ മേഖലയിലാണ് ഇസ്രയേല്‍ എംബസി വാഹനത്തില്‍ സ്‌ഫോടനം ഉണ്ടായത്. എംബസി ഉദ്യോഗസ്ഥന്റെ ഭാര്യ ടല്‍ യഷോവ(42)യുള്‍പ്പെടെ അഞ്ചുപേര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ യഷോവയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. നാലു കാറുകള്‍ക്കും കേടുപാടു സംഭവിച്ചു.
അതേസമയം, ഡല്‍ഹിയിലെ സുരക്ഷ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post