തിരുവനന്തപുരം: തീരസുരക്ഷ അവലോകനത്തിനായി ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നേവി, കോസ്റ്റുഗാര്‍ഡ്, പൊലീസ്, ഫിഷറീസ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. കടലിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും മത്സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവയ്പുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും മന്ത്രിസഭായോഗം ചര്‍ച്ചചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ഇറ്റലിയുടെ വാദങ്ങളൊന്നും അംഗീകരിച്ചിട്ടില്ലെന്നും പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഏതെങ്കിലും മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കര്‍ദിനാളിന്റെ പ്രസ്താവന സഭ തന്നെ നിഷേധിച്ചിട്ടുണ്ട്. ഇനി ഇത് വിവാദമാക്കേണ്ടതില്ല. ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post