തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവ എഴുന്നള്ളിപ്പിന് ആനയെ ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നു വനം മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ആനകളുടെ ഇടച്ചിലും അതുവഴിയുള്ള ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടാകുന്നുണ്ട്. ഇതു തടയുന്നതിനു ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്ന് മന്ത്രി പറഞ്ഞു.
ആനയെ പീഡിപ്പിക്കുന്നതു തടയുന്നതിനു ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. എഴുന്നള്ളിപ്പ് സമയത്ത് ആനകള്‍ തമ്മില്‍ മതിയായ അകലം പാലിക്കണം. അസുഖമുള്ളതോ ക്ഷീണമുള്ളതോ ഗര്‍ഭിണികളോ ആയ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. എഴുന്നള്ളത്തിന് മുള്ളുള്ള ചങ്ങലകൊണ്ട് ആനയെ ബന്ധിക്കാന്‍ പാടില്ല. ഉച്ചസമയത്ത് ആനയെ ടാറിട്ട റോഡിലൂടെ അധികദൂരം നടത്തരുത്. വെള്ളവും ആഹാരവും ലഭിക്കാത്ത സ്ഥലത്ത് ആനയെ തളയ്ക്കാന്‍ പാടില്ല. കുട്ടി ആനകളെ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുത്.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് മാതൃകയില്‍ ആനകളെ ഇന്‍ഷ്വര്‍ ചെയ്യണം. ആന ഇടഞ്ഞു ജീവഹാനി ഉണ്ടാവുകയാണെങ്കില്‍ ആ ആനയെ തുടര്‍ന്നുള്ള 15 ദിവസത്തേക്ക് ഉത്സവ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുത്. എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകള്‍ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് രണ്ടാഴ്ചയിലൊരിക്കല്‍ പുതുക്കണം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ചെയ്യാത്ത ആനകളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടില്ല. ആഘോഷവേളകളില്‍ ആനയെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം.
സര്‍ക്കാര്‍ ആവിഷ്കരിച്ച നാട്ടാന പരിപാലന ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Discussion about this post