ബാംഗ്ലൂര്‍: ആന്‍ട്രിക്‌സ്-ദേവാസ് എസ് ബാന്‍ഡ് ഇടപാടിനെക്കുറിച്ച് പുതിയ അന്വേഷണം വേണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹംപ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ചു. പ്രത്യുഷ് സിന്‍ഹ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ തൃപ്തികരമല്ലെന്ന് മാധവന്‍ നായര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി.നാരായണ സ്വാമിക്കാണ് കത്ത് നല്‍കിയത്. രാജിവച്ച ബഹിരാകാശ കമ്മിഷന്‍ അംഗം ആര്‍. നരസിംഹയുടെ സേവനം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി ഇടപെട്ട് ആവശ്യമായതു ചെയ്യണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. ഐഎസ്ആര്‍ഒ വിക്ഷേപിക്കാനിരിക്കുന്ന രണ്ട് ഉപഗ്രഹങ്ങളിലെ 90% ട്രാന്‍സ്‌പോണ്ടറുകള്‍ ദേവാസ് എന്ന സ്വകാര്യ കമ്പനിക്കു നല്‍കിയതാണു വിവാദമായത്. ദേവാസ് മള്‍ട്ടി മീഡിയയും ഐഎസ്ആര്‍ഒയ്ക്കു കീഴിലെ വ്യാപാരവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷനും തമ്മില്‍ 2005 ജനുവരി 28ന് ആണു കരാര്‍ ഒപ്പുവച്ചത്. 70 മെഗാഹെട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം 1000 കോടി രൂപയ്ക്കു നല്‍കാനുള്ളതായിരുന്നു കരാര്‍. ഇതേക്കുറിച്ച് അന്വേഷിച്ച മുന്‍ ചീഫ് വിജിലന്‍സ് കമ്മിഷണര്‍ (സിവിസി) പ്രത്യുഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, മാധവന്‍ നായര്‍ക്കും മറ്റ് മൂന്ന് പ്രമുഖ ശാസ്ത്രജ്ഞര്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. നായര്‍ക്കു പുറമെ ഐഎസ്ആര്‍ഒ മുന്‍ സയന്റിഫിക് സെക്രട്ടറി എ. ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സ് മുന്‍ എംഡി കെ.ആര്‍. ശ്രീധരമൂര്‍ത്തി, ഐഎസ്ആര്‍ഒ ഉപഗ്രഹകേന്ദ്രം മുന്‍ ഡയറക്ടര്‍ കെ.എന്‍.ശങ്കര എന്നിവര്‍ക്കാണ് സര്‍ക്കാര്‍ പദവികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്് 20 വര്‍ഷമായി ബഹിരാകാശ കമ്മിഷന്‍ അംഗമായിരുന്ന ആര്‍. നരസിംഹ കഴിഞ്ഞദിവസം രാജിവക്കുകയായിരുന്നു.
Discussion about this post