ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷ എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ആലപ്പുഴയിലെ ടി.ഡി സ്‌കൂളിലെത്തിയ പ്രവര്‍ത്തകര്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ ചോദ്യപ്പേപ്പറുകള്‍ വലിച്ചുകീറുകയും കൂട്ടമായി കത്തിച്ചുകളയുകയും ചെയ്തു. മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
തുടര്‍ന്ന് പ്രതിഷേധം അതിരുവിട്ടപ്പോള്‍ പരീക്ഷ എഴുതാനെത്തിയവരും അവരുടെ രക്ഷിതാക്കളും ഇടപെട്ടു. പിന്നീട് തര്‍ക്കം സംഘര്‍ഷത്തിലെത്തി. ഇതില്‍ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ എസ്.എന്‍.ഡി.പി. നേതാക്കള്‍ ആഹ്വാനം ചെയ്തു.
സംവരണതത്വം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരക്കാര്‍ പരീക്ഷ അലങ്കോലമാക്കിയത്. എന്നാല്‍ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്ന് യൂത്ത് മൂവ്‌മെന്റ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സംവരണതത്വം അട്ടിമറിച്ചുകൊണ്ടുള്ള ഇത്തരം നിയമനങ്ങള്‍ അംഗീകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തളി, കഴകം, വാച്ചര്‍ എന്നീ തസ്തികകളിലേക്കാണ് ദേവസ്വം ബോര്‍ഡ് പരീക്ഷ നടത്തിയത്.
Discussion about this post