തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ വേണു നാഗവള്ളി (61) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ഒരുമണി കഴിഞ്ഞ് ഇവിടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഉദര രോഗബാധിതനായ വേണു പത്തുദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ കവടിയാര്‍ വില്‍ക്രിസ്‌റ്റ് മാനറിലുളള വസതിയിലെത്തിക്കും. സംസ്‌കാരം ഇന്നു വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍. ഭാര്യ മീര. ഏകമകന്‍ വിവേക് എല്‍എല്‍എം വിദ്യാര്‍ഥിയാണ്. നാടകകൃത്തും എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്ന നാഗവള്ളി ആര്‍.എസ്. കുറുപ്പിന്റെയും രാജമ്മയുടെയും മകനാണ്. ആകാശവാണിയില്‍ അനൗണ്‍സര്‍ ആയാണ് വേണു നാഗവള്ളിയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1978 ല്‍ കെ.ജി. ജോര്‍ജിന്റെ ഉള്‍ക്കടലിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.
ശാലിനി എന്റെ കൂട്ടുകാരി, ഒരു സ്വകാര്യം, മീനമാസത്തിലെ സൂര്യന്‍, പക്ഷേ, ചില്ല് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വേണു നാഗവള്ളി വേഷമിട്ടു. വിഷാദഭാവമുള്ള കാമുകവേഷങ്ങളാണ് വേണു നാഗവള്ളിയെ ശ്രദ്ധേയനാക്കിയത്.എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്‌ത ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെ വേണു തിരക്കഥാ കൃത്തുമായി. തുടര്‍ന്ന് ഗായത്രീദേവി എന്റെ അമ്മ, ഗുരുജി ഒരു വാക്ക്, ദൈവത്തെ ഓര്‍ത്ത്, അര്‍ഥം, അഹം, കിലുക്കം, വിഷ്‌ണു, എന്നീ ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥയൊരുക്കി.1986 ല്‍ സുഖമോ ദേവി എന്ന ചിത്രത്തിലൂടെ വേണു നാഗവള്ളി സംവിധായകന്റെ തൊപ്പിയണിഞ്ഞു. സര്‍വകലാശാല, ലാല്‍ സലാം, ഏയ് ഓട്ടോ, അഗ്നിദേവന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ വേണു നാഗവള്ളി തന്റെ സംവിധാന പ്രതിഭ തെളിയിച്ചിട്ടുണ്ട്‌എക്കാലത്തേയും വന്‍ ഹിറ്റുകളിലൊന്നായ കിലുക്കത്തിന്റെ തിരക്കഥ എഴുതിയതും വേണുവായിരുന്നു. 2009ല്‍ പുറത്തിറങ്ങിയ ഭാര്യ സ്വന്തം സുഹൃത്ത് എന്ന സിനിമയാണ് അവസാന സിനിമ സംരംഭം. ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു. വളരെ ഹൃസ്വമായ ജീവിതകാലയളവില്‍ സിനിമയില്‍ സര്‍ഗാത്മകതയുടെ നിത്യശോഭ പുതിയ തലമുറക്കായി കരുതിവെച്ച ഉജ്ജ്വല കലാകാരനായിരുന്നു വേണു നാഗവള്ളി.
Discussion about this post