തൃശൂര്‍: 112 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പകഴിയം സമ്പ്രദായത്തില്‍ അതിരാത്രം മഹായാഗം നടക്കുന്നു. തൃശൂര്‍ കൊടകര മറ്റത്തൂര്‍കുന്ന് കൈമുക്ക് മനയില്‍ ഈമാസം 23 മുതലാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന യാഗം. കൈമുക്ക് വൈദികന്‍ രാമന്‍ സോമയാജിപ്പാടാണ് യജമാനന്‍. മാനവരാശിയുടെ ക്ഷേമവും സൗഖ്യവുമാണ് അതിരാത്രത്തിന്റ ലക്ഷ്യം.
അശ്വലായന ബൗധായന സംയുക്തമായ പകഴിയം സമ്പ്രദായത്തില്‍ 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലുള്ള യാഗം നടക്കുന്നത്.യജ്ഞസംസ്‌കാരത്തിന്റ പുനരുജ്ജീവനത്തിനായി രൂപീകരിച്ച ത്രേതാഗ്നി ഫൗണ്ടേഷനാണ് സംഘാടകര്‍. രാമന്‍ സോമയാജിപ്പാട് യജമാനനായും പത്‌നി ആര്യാദേവി പത്തനാടി യജമാനപത്‌നിയുമായ യാഗത്തിന്റ വൈദികചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് സഹോദരന്‍ ശ്രീധരന്‍ നമ്പൂതിരിയാണ്.
ആറുവര്‍ഷം മുമ്പ് സോമയാഗം നടത്തി സോമയാജിപ്പാടായ രാമന്‍ സോമയാജിപ്പാടിന് അതിരാത്രം നടത്താന്‍ പലയിടത്തുനിന്നും ക്ഷണം വന്നിരുന്നു. എങ്കിലും സ്വന്തം മണ്ണിലേ അത് നടത്തുവെന്ന ഉറച്ചനിലപാടിലായിരുന്നു അദ്ദേഹം. യാഗത്തിനായുള്ള കുതിരകളെ എത്തിച്ചുകഴിഞ്ഞു.യാഗശാലയുടെ നിര്‍മ്മാണവും തുടങ്ങി. പ്രത്യേക അളവുകളോെട തയാറാക്കിയ 1005 ഇഷ്ടികകള്‍ കൊണ്ടാണ് യാഗത്തിനുള്ള ശ്യേനചിതി തയാറാക്കുന്നത്.യാഗശാല അഗ്നിക്ക് സമര്‍പ്പിക്കുന്നതോടെ യാഗത്തിന് സമാപനമാകും.
Discussion about this post