തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് നിവേദ്യമൊരുക്കി 35 ലക്ഷത്തോളം ഭക്തജനങ്ങളാണ് പുണ്യം നേടാനായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഇക്കുറി തലസ്ഥാനത്തു തടിച്ചുകൂടിയത്. സ്ത്രീകളുടെ ശബരിമല എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുംവിധമാണ് അടുപ്പുകൂട്ടി പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ദ്രവ്യങ്ങള്‍കൊണ്ടു പൊങ്കലുണ്ടാക്കി ദേവിക്ക് സമര്‍പ്പിച്ചു പുണ്യം നേടാന്‍ അവസരമൊരുങ്ങിയത്.
ഇന്നലെ രാവിലെ 10.15ന് ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വലിയ തിടപ്പള്ളിക്കു സമീപം സജ്ജീകരിച്ചിരുന്ന അടുപ്പിലേക്കു തീ പകര്‍ന്നു. തുടര്‍ന്ന് അവിടെനിന്നു മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി ചെറിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിനു മുന്നില്‍ തയാറാക്കിയിരുന്ന പണ്ടാര അടുപ്പിലേക്കും അഗ്നി പകര്‍ന്നതോടെ നഗരം യാഗശാലയായി. വ്രതം നോറ്റു ദേവിയുടെ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തിയ ഭക്തര്‍ വായ്ക്കുരവകളും ദേവീമന്ത്രങ്ങളും ഉരുവിട്ടതോടെ തലസ്ഥാനം ഭക്തിസാന്ദ്രമായി.
ദേവിയുടെ ഇഷ്ടപ്രസാദങ്ങളായ ശര്‍ക്കര പായസവും തെരളിയും മണ്ടപ്പുറ്റും 12 മണിയോടെ ഭക്തര്‍ ഒരുക്കി നിവേദ്യത്തിനായി കാത്തിരുന്നു. കുംഭച്ചൂടിനെയും അതിജീവിച്ചാണ് ലക്ഷങ്ങള്‍ അനന്തപുരിയെ ഭക്തിസാന്ദ്രമാക്കിയത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കു ക്ഷേത്ര അടുപ്പില്‍ നിവേദ്യം കഴിഞ്ഞതോടെ പൊങ്കാലയുമായി ഭക്തര്‍ വീടുകളിലേക്കു മടങ്ങി. 250 ശാന്തിക്കാരെയാണു പുണ്യാഹം തളിക്കാന്‍ ക്ഷേത്രം ഒരുക്കിനിര്‍ത്തിയിരുന്നത്.
ക്ഷേത്രത്തില്‍ നിന്നു പതിമൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നതു വീണ്ടും ചരിത്രമായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തവണയും നന്നായി പ്രവര്‍ത്തിച്ചത് ഭക്തര്‍ക്കു വലിയ ആശ്വാസമേകി. കെഎസ്ആര്‍ടിസി 150-ഓളം സര്‍വീസുകളാണു പൊങ്കാല ദിവസം മാത്രം നടത്തിയത്. അന്നദാനവും ആഹാര പദാര്‍ഥങ്ങളുടെ വിതരണവും കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതലായിരുന്നു. ഗതാഗത തടസമുണ്ടാക്കാതെ കാര്യങ്ങള്‍ നിയന്ത്രിക്കാനായതും ഇത്തവണത്തെ പ്രത്യേകതയായി.
Discussion about this post