ഡോ.ചന്ദ്രശേഖരന്‍ നായര്‍
വ്യാഘ്രപാദ മുനിയുടെ പുത്രനായിരുന്നു ഉപമന്യു. മുന്‍ ജന്മത്തില്‍ തന്നെ സിദ്ധി കൈവരിച്ചിരുന്ന അദ്ദേഹം ഈ ജന്മത്തില്‍ മുനി കുമാരനായിട്ടാണ് ജനിച്ചത്. ശൈശവ കാലത്ത് ആ കുട്ടി അമ്മയോടൊപ്പം മാമന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. വിധിവശാല്‍ അവര്‍ ദരിദ്രരായിരുന്നു. ഒരിയ്ക്കല്‍ ആ കുട്ടിയ്ക്ക് നാമമത്രമായിട്ടെ പാല്‍ ലഭിച്ചുള്ളു. വിശപ്പ് ശമിക്കാത്ത ആ കുട്ടി വീണ്ടും വീണ്ടും പാല്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ തപസ്വിനിയായ ആ മാതാവ് വീട്ടിനകത്തുപോയി ഒരു കാര്യം ഒപ്പിച്ചു. ഭിക്ഷയായി കിട്ടിയ അല്പം അരിമണികളെ തിരികകല്ലില്‍ ഇട്ട് പൊടിച്ച് വെള്ളത്തില്‍ കലക്കി കൃത്രിമ പാല്‍ ഉണ്ടാക്കി. തുടര്‍ന്ന് കുട്ടിയെ വിളിച്ച് ആ പാല്‍ കൊടുത്തു. ആ വ്യാജ ദുഗ്ധം കുടിച്ച ബാലകനായ ഉപമന്യു ഇത് പാല്‍ അല്ലെന്ന് പറഞ്ഞുകൊണ്ട് വീണ്ടും നിലവിളിക്കാന്‍ തുടങ്ങി. നിലവിളിച്ച് കരയുന്ന കുട്ടിയുടെ കണ്ണുനീര് ഒപ്പികൊണ്ട് ലക്ഷ്മിദേവിക്ക് തുല്യമായ ഐശ്വര്യത്തോട് കൂടിയ ആ അമ്മ പറഞ്ഞു. മക്കളെ നമ്മള്‍ കാട്ടില്‍ താമസിക്കുന്നവരല്ലേ? നീ ഇപ്പോള്‍ കരഞ്ഞാല്‍ ഞാന്‍ എവിടെ നിന്നാണ് പാല്‍ ഉണ്ടാക്കുക. ഇവിടെ ഇപ്പോള്‍ പാല്‍ കിട്ടണമെന്നുണ്ടെങ്കില്‍ ഭഗവാന്‍ മഹേശ്വരന്‍ തന്നെ വിചാരിക്കണം. മുന്‍ ജന്മത്ത് മഹേശ്വര സേവയായി എത്രമാത്രം കാര്യങ്ങള്‍ ചെയ്തുവോ അതിന്റെ ഫലം
മാത്രമെ ഈ ജന്മത്ത് കിട്ടുകയുള്ളു.
അമ്മയുടെ വാക്കുകള്‍ കേട്ട ഉപമന്യു ഭഗവന്‍ ശിവനെ ആരാധിക്കാന്‍ നിശ്ചയിച്ചു. തപസനുഷ്ഠിയ്ക്കാന്‍ ആ ബാലകന്‍ ഹിമാലയത്തിലേയ്ക്ക് പുറപ്പെട്ടു. അവിടെ വായു മാത്രം ഭക്ഷിച്ച് ജീവിയ്ക്കാന്‍ തുടങ്ങി. എട്ട് കല്ലുകള്‍ കൊണ്ട് ആ ബാലകന്‍ ഒരു ശിവ ക്ഷേത്രം ഉണ്ടാക്കി. അതില്‍ മണ്ണുകൊണ്ടുള്ള ഒരു ശിവലിംഗം സ്ഥാപിച്ചു. തുടര്‍ന്ന് മാതാവായ പാര്‍വ്വതിയോടൊപ്പമുള്ള ശിവഭഗവാനെ അതില്‍ ആവാഹിച്ചു. അതിനുശേഷം വന്യങ്ങളായ പുഷ്പങ്ങളും ലതകളും ശേഖരിച്ചുകൊണ്ടുവന്നു ഓംഹ്രീം നമഃശിവായ എന്ന മന്ത്രം ചൊല്ലി ശിവപൂജ നടത്തുവാന്‍ തുടങ്ങി. ഈ പഞ്ചാക്ഷരി മന്ത്രം ഉച്ഛരിച്ചുകൊണ്ടുള്ള ആ ബാലന്റെ തപസ് ദീര്‍ഘകാലം തുടര്‍ന്നു.
ദീര്‍ഘകാലമായി നടന്നുവരുന്ന ആ ഘോര തപസിന്റെ താപം കൊണ്ട് ത്രിഭുവനങ്ങളും ചുട്ട് പൊള്ളാന്‍ തുടങ്ങി. ഈ ചൂട് ദേവതമാരുടെ നിലനില്പിനെ തന്നെ ബാധിച്ചു. ദേവന്മാര്‍ മഹാദേവനോട് ചെന്ന് തങ്ങളുടെ സങ്കടം ഉണര്‍ത്തിച്ചു. ഘോര തപസ് ചെയ്യുന്ന ഉപമന്യുവിനെ ഒന്ന് പരീക്ഷിയ്ക്കാന്‍ തന്നെ മഹാദേവന്‍ തീരുമാനിച്ചു. ആ നിശ്ചയവുമായി അദ്ദേഹം ഉപമന്യുവിനെ ഒന്ന് പരീക്ഷിയ്ക്കാന്‍ തന്നെ മഹാദേവന്‍ തീരുമാനിച്ചു. ആ നിശ്ചയവുമായി അദ്ദേഹം ഉപമന്യുവിന്റെ സമീപം എത്തി. ശിവഭഗവാനും കൂട്ടരും വേഷം മാറിയാണ് എത്തിയത്. ശിവദേവന്‍ ഇന്ദ്രന്റെ വേഷത്തിലായിരുന്നു. ദേവീ പാര്‍വ്വതി ഇന്ദ്രന്റെ ഭാര്യയായ ശചിയുടെ വേഷം ഇട്ടിരുന്നു. ശിവ വാഹനമായ നന്ദീശ്വരന്‍ ഐരാവതവേഷമാണ് അണിഞ്ഞിരുന്നത്. ശിവഗണങ്ങളെല്ലാം നാനാതരത്തില്‍പ്പെട്ട ദേവന്മാരുടെ രൂപം ഉള്‍ക്കൊണ്ടിരുന്നു.
തപസ്വിയുടെ സമീപം എത്തിയ ഇന്ദ്രരൂപധാരിയായ മഹാദേവന്‍ അയാളോട് വരം യാചിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടു. ഒട്ടും മടികൂടാതെ ബാലകനായ ഉപമന്യു ശിവഭക്തി വരമായി യാചിച്ചു. താന്‍ ഇന്ദ്രനാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ശിവ നിന്ദ ചെയ്യുവാന്‍ തുടങ്ങി. അതില്‍ തികച്ചും അസന്തുഷ്ടനായ ബാലകന്‍ ശിവനില്‍ നിന്നല്ലാതെ മറ്റ് ആരില്‍ നിന്നും ഒന്നും താന്‍ സ്വീകരിക്കയില്ലെന്ന കാര്യം തുറന്നടിച്ചു. തുടര്‍ന്ന് ആ ബാലകന്‍ ഓടിച്ചെന്ന് ഇന്ദ്രനെ പൊതിരെ തല്ലി. എന്നിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം വെട്ടിച്ചാകാന്‍ തുടങ്ങിയ ബാലകന്റെ ആയുധത്തെ നന്ദികേശ്വരന്‍ കടന്നു പിടിച്ചു. ആ ബാലകന്‍ തീയില്‍ ചാടി ഭസ്മമാകാന്‍ ശ്രമിച്ചു. മഹാദേവന്‍ ആ അഗ്നിയെ ശാന്തമാക്കിക്കളഞ്ഞു. തുടര്‍ന്ന് മഹാദേവന്‍ തന്റെ സ്വന്തം രൂപത്തില്‍ കുട്ടിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് ഭഗവനാന്‍ കുട്ടിയുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട് അരുളിച്ചെയ്തു: കുഞ്ഞെ ഉപമന്യു ഞാന്‍ തന്നെയാണ് നിന്റെ അച്ഛന്‍. ഈ പാര്‍വ്വതീ ദേവീ നിന്റെ പ്രിയ മാതാവാണ്. നീ ഇന്നു മുതല്‍ എന്നും കുമാരന്‍ തന്നെ ആയിരിക്കും. നിനക്ക് വേണ്ടി പാലിന്റെയു നെയ്യിന്റെയും തേനിന്റെയും തൈരിന്റെയും സമുദ്രങ്ങള്‍ തന്നെ ഞാന്‍ തരുന്നു. ഭക്ഷ്യവസ്തുക്കളുടെ സാഗരം തന്നെ നിനക്ക് ലഭ്യമാകും. നിന്നെ അമരനാക്കി ഗണങ്ങളുട ആധിപത്യവും തന്നിരിക്കുന്നു. തുടര്‍ന്ന് ഭഗവാന്‍ ഉപമന്യുവിന് പാശുപത വ്രതവും പാശുപത ജ്ഞാനവും എല്ലാം ഉപദേശിച്ചുകൊടുത്തു. ഉപമന്യുവിനെ മാറോടു ചേര്‍ത്ത് പിടിച്ചശേഷം അവനെ പാര്‍വ്വതിയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് ശിവഭഗവാന്‍ പറഞ്ഞു ദേവി ഇത് നിന്റെ തന്നെ കുട്ടിയാണ്. പാര്‍വ്വതിയാകട്ടെ തന്റെ കരകമലങ്ങള്‍ അവന്റെ തലയില്‍വച്ച് അവനെ ആശീര്‍വദിക്കുകയും നീ അക്ഷയകുമാരനാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. ഒരു ക്ഷീരസാഗരം തന്നെ മഹാദേവന്‍ അവന് നിര്‍മ്മിച്ചുകൊടുത്ത് ഐശ്വര്യവും നിത്യാനന്ദവും അക്ഷയബ്രഹ്മ വിദ്യയുമെല്ലാം അവന് പ്രദാനം ചെയ്ത ശേഷം അദ്ദേഹം അപ്രത്യക്ഷനായി. ഉപമന്യുവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ആ ശിവസ്വരൂപം സുരേശ്വരന്‍ എന്ന പേരില്‍ അറിയപ്പട്ടു.
കഥാതന്തു-
ബുദ്ധിമാന്റെ ആവശ്യങ്ങള്‍ അവനെ ക്ഷീണിപ്പിക്കുകയില്ല. മറിച്ച് അത് നേടിയെടുക്കുന്നതിന് ഉത്സാഹിയാക്കുകയേ ഉള്ളു. ആവശ്യത്തിനനുസരിച്ച് പാല്‍ ലഭിക്കാത്ത കുട്ടി അതില്‍ ദുഃഖിച്ച് കരഞ്ഞിരുന്നില്ല. ആഗ്രഹം സാധിച്ചെടുക്കുവാന്‍ ശക്തമായി യത്‌നിക്കുക തന്നെ ചെയ്തു. ആ പരിശ്രമത്തിന്റെ പരിണിതഫലമായി സര്‍വ്വാഭിഷ്ടങ്ങളും അയാള്‍ക്ക് നേടാന്‍ കഴിഞ്ഞു. കരയുന്നവന് പാല്‍ എന്നുള്ളത് ഒരു കാലഹരണപ്പെട്ട ചൊല്ലാണ്. ഇന്ന് ഉത്സാഹിക്ക് പാല്‍ എന്ന് പറയേണ്ടിയിരിക്കുന്നു. ഉത്സാഹപൂര്‍വ്വം കഠിന പ്രയത്‌നം ചെയ്യുന്നവന്റെ ജീവിതം ധന്യമാകുമെന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമാണ് ഈ ഉപമന്യുചരിതം. അതു കൊണ്ട് സനാതനികള്‍ ലഭ്യത്തിനുവേണ്ടി കേഴരുത്. ആവശ്യങ്ങള്‍ അര്‍ഹതപ്പെട്ടതാണെന്ന് ധരിച്ച് ശക്തമായി പരിശ്രമിച്ച് നേടിയെടുത്തുകൊള്ളണം.
Discussion about this post