ആലപ്പുഴ: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന് രാഷ്ട്രീയ കേരളത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നൊഴുകിയെത്തിയ അനേകായിരങ്ങളെ സാക്ഷി നിര്‍ത്തി ചന്ദ്രപ്പന്റെ ഭൗതിക ശരീരം പുന്നപ്ര രക്തസാക്ഷി മണ്ഡപത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ രാത്രി വൈകി സംസ്‌കരിച്ചു. വിതുമ്പലടക്കി ദേശീയ-സംസ്ഥാന നേതാക്കളും ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി പ്രിയ സഖാവിന് യാത്രാമൊഴിയേകി.
കമ്യൂണിസ്റ്റ് നേതാക്കള്‍ പി. കൃഷ്ണപിള്ള, ടി.വി തോമസ്, എം.എന്‍ ഗോവിന്ദന്‍നായര്‍, പി.ടി. പുന്നൂസ്, കെ.സി. ജോര്‍ജ്, ആര്‍. സുഗതന്‍, എം.ടി. ചന്ദ്രസേനന്‍ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിില്‍ ചന്ദ്രപ്പനും അന്ത്യനിദ്ര.
കേന്ദ്രമന്ത്രി വയലാര്‍ രവി, സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, സെക്രട്ടറി ഡി. രാജ, ഗുരുദാസ് ദാസ് ഗുപ്ത എംപി, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജെഎസ്എസ് അധ്യക്ഷ കെ.ആര്‍. ഗൗരിയമ്മ, ആനി രാജ തുടങ്ങി നേതാക്കളുടെ വന്‍നിര സംസ്‌കാരചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചു. കേന്ദ്രമന്ത്രി എ.കെ. ആന്റണിക്കു വേണ്ടി ജില്ലാ കലക്ടര്‍ സൗരഭ് ജയിന്‍ റീത്ത് സമര്‍പ്പിച്ചു.
അന്ത്യോപചാരമര്‍പ്പിക്കാന്‍ ജനസഞ്ചയം ഒഴുകിയെത്തിയതോടെ സംസ്‌കാരചടങ്ങ് നിശ്ചയിച്ചതിലും നാലു മണിക്കൂറിലേറെ വൈകി. നേരത്തെ ചന്ദ്രപ്പന് അനന്തപുരി കണ്ണീരോടെ വിടനല്‍കി. സംസ്ഥാന കമ്മിറ്റി ഓഫിസായ തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം രാവിലെ ഏഴോടെയാണ് ആലപ്പുഴയിലേക്കു കൊണ്ടു പോയത്. കേന്ദ്ര മന്ത്രി വയലാര്‍ രവി, എംപിമാരായ എം.കെ. രാഘവന്‍, എന്‍. പീതാംബരക്കുറുപ്പ്, കോണ്‍ഗ്രസ് (എസ്) നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
തിരുവനന്തപുരത്തു നിന്നു നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്ര പുറപ്പെട്ടത്. വഴിയില്‍ വിവിധയിടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ തടിച്ചുകൂടിയിരുന്നു. കൊല്ലം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒന്‍പതു മണിയോടെ ചാത്തന്നൂര്‍ ജംക്ഷനിലായിരുന്നു ആദ്യ പൊതുദര്‍ശനം. തുടര്‍ന്നു കൊല്ലം ചിന്നക്കട പ്രസ് ക്ലബ് മൈതാനം, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും വന്‍ ജനാവലി ആദരാഞ്ജലി അര്‍പ്പിച്ചു.
താന്‍ ഏറെ സ്‌നേഹിച്ചിരുന്ന കായംകുളം കെപിഎസിയില്‍ ചന്ദ്രപ്പന്റെ ഭൗതികശരീരം എത്തിയപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ജനസമുദ്രം ആര്‍ത്തലച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജവും താളവും നല്‍കിയ കെപിഎസിയുടെ മുറ്റം പ്രിയ നേതാവിന്റെ സ്മരണയില്‍ വിങ്ങി. ഹരിപ്പാടും അമ്പലപ്പുഴയും പിന്നിട്ട് വിലാപയാത്ര ആലപ്പുഴയിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയപ്പോള്‍ പ്രമുഖ നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
Discussion about this post