കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുണ്ടായ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത് തീവ്രവാദത്തിന് സമാനമാണെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ടവരുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ സംഭവത്തെ ഇത്തരത്തില്‍ കണക്കാക്കേണ്ടിവരുമെന്നാണ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ അഭിപ്രായപ്പെട്ടത്. കപ്പലിലെ പരിശോധന പൂര്‍ത്തിയായതിനാല്‍ കപ്പലിനെ കൊച്ചിവിടാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ട് ‘എന്റിക്ക ലെക്‌സി’യുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
നിരായുധരായ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ മുന്നറിയിപ്പൊന്നുമില്ലാതെ വെടിവയ്ക്കുകയായിരുന്നു എന്നാണ് കേസ് എന്നും കോടതി ഓര്‍മിപ്പിച്ചു. വെടിവയ്പ് കേസ്സില്‍ തീവ്രവാദത്തെയും കടല്‍ക്കൊള്ളയെയും മറ്റും തടയാനുള്ള നിയമമനുസരിച്ച് കേസെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് കപ്പലുടമകള്‍ക്കു വേണ്ടി അഡ്വ. വി.ജെ. മാത്യു വാദിച്ചപ്പോഴായിരുന്നു ഇത്. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണനയ്‌ക്കെടുക്കും.
കപ്പലിനെ കൊച്ചി വിടാന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ബോധിപ്പിച്ചത്. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ പരിശോധിച്ച് അതാണ് വെടിവയ്പിന് ഉപയോഗിച്ച ആയുധമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വെടിവച്ച തോക്കല്ല പിടിച്ചെടുത്തതെങ്കില്‍ കപ്പല്‍ വീണ്ടും പരിശോധിക്കേണ്ടിവരും. അതിനാല്‍ തത്കാലം കപ്പലിനെ വിട്ടയയ്ക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഫൊറന്‍സിക് ലാബിലെ പരിശോധനയ്ക്ക് രണ്ടാഴ്ച കൂടി വേണ്ടിവരുമെന്നാണ് സൂചനയെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, ക്യാപ്റ്റനെയും ജീവനക്കാരെയും മറ്റും ഭാവിയില്‍ ആവശ്യമെങ്കില്‍ കോടതിയിലും കൂടുതല്‍ ചോദ്യം ചെയ്യലിനും ഹാജരാക്കാമെന്ന് കപ്പലുടമ ഉറപ്പ് നല്‍കുകയാണെങ്കില്‍ കപ്പലിനെ ഇവിടെ പിടിച്ചിടേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കപ്പലിനകത്തെ പരിശോധനയും തെളിവ് ശേഖരണവും പൂര്‍ത്തിയായെന്നാണ് മറൈന്‍ മര്‍ക്കന്‍ൈറല്‍ വകുപ്പ് അറിയിച്ചിട്ടുള്ളത് എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍ നായര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് ചൊവ്വാഴ്ച സത്യവാങ്മൂലം നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിശദീകരണ പത്രികകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും സത്യവാങ്മൂലം വേണമെന്നും കൊല്ലപ്പെട്ട അജീഷ് പിങ്കിന്റെ സഹോദരിമാര്‍ക്ക് വേണ്ടി അഡ്വ. ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണിത്.
പിടിച്ചെടുത്ത തോക്ക് പരിശോധനയ്ക്ക് സര്‍ക്കാര്‍ വീണ്ടും രണ്ടാഴ്ച സമയം ചോദിക്കുന്നതിനെ കപ്പലുടമകള്‍ ചോദ്യം ചെയ്തു. ഇതിനകം പലതവണ സമയം നീട്ടി ചോദിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇതേപ്പറ്റി കോടതി ആരാഞ്ഞപ്പോള്‍, അടുത്ത ആഴ്ചതന്നെ റിപ്പോര്‍ട്ട് ലഭ്യമാക്കാനാവുമോ എന്ന് പരിശോധിക്കാന്‍ ലാബിനോട് ആവശ്യപ്പെടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post