വളാഞ്ചേരി: ദേശീയപാത വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ ഗ്യാസ് കയറ്റിയ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ചയുണ്ടായി. ആളപായമില്ല. അപകടത്തെത്തുടര്‍ന്ന് ഇതിലൂടയെുള്ള വാഹനഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്. കോയമ്പത്തൂരില്‍ നിന്നുളള വിദഗ്‌ധസംഘം വാതകചോര്‍ച്ചയ്‌ക്ക് തടയിടാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
തൃശൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കുറ്റിപ്പുറത്തു നിന്നു തിരൂന്നാവായ വഴി പുത്തനത്താണിയിലെത്തിയാണ് പോകുന്നത്. ഇതുപോലെ തിരിച്ചുമാണ് ഇപ്പോള്‍ പോകുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് മംഗലാപുരത്തു നിന്ന് ഗ്യാസുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടത്. ലോറിയിലെ തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ച ഉണ്ടായതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി.
തുടര്‍ന്ന് വളാഞ്ചേരി, പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ചു. സംഭവസ്ഥലത്തേക്കു ആരെയും പ്രവേശിപ്പിക്കുന്നില്ല. പ്രദേശത്തെ വീടുകളില്‍ തീ ഉപയോഗിക്കരുതെന്നു പോലീസ് നിര്‍ദേശം നല്‌കിയിരിക്കുകയാണ്. വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്‌തു. വാതക ചോര്‍ച്ചയെ തുടര്‍ന്ന് അപകട സാധ്യത മുന്നില്‍ കണ്ടാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.
അപകടത്തെത്തുടര്‍ന്നു ചേളാരി, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നു ഐഒസി ഉദ്യോഗസ്ഥരെത്തി മിറഞ്ഞ ടാങ്കറില്‍ നിന്നു ഗ്യാസ് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്‌സ് എത്തി ചോര്‍ച്ചയുടെ രൂക്ഷത കുറക്കാനായി വെളളം പമ്പു ചെയ്‌തു. മലപ്പുറം, പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ടാങ്കറില്‍ നിന്ന് ഗ്യാസ് പൂര്‍ണമായി നീക്കം ചെയ്‌തതിന് ശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കാനാവുകയുള്ളൂ.
Discussion about this post