പാറശാല: ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശ്രീരാമരഥയാത്ര കേരളത്തിലെ എല്ലാജില്ലകളിലും പരിക്രമണം നടത്തി തിരുവനന്തപുരത്തെത്തിയപ്പോള്‍ നെയ്യാറ്റിന്‍കരക്കു സമീപം അമരവിളയില്‍ വച്ച് ഒരുസംഘം സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു.
ഇന്നലെ അമരവിളയില്‍ വച്ച് അമിതവേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് രഥത്തിന്റെ വശങ്ങളില്‍ തട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ഒരുസംഘം അക്രമികള്‍ യാതൊരു പ്രകോപനവുമില്ലാതെ രഥത്തിന്റെ അകമ്പടി വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും അതിലുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും ചെയ്തു.
ആക്രമണത്തില്‍ പരിക്കേറ്റ പത്തനംതിട്ടസ്വദേശി ലിജുകുമാര്‍(33), ഓച്ചിറസ്വദേശി ഗണേശ്(24) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബിജു, രവീന്ദ്രന്‍ എന്നിവരെ പാറശാല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശ്രീരാമരഥത്തിനെ ആക്രമിച്ചതില്‍ വിവിധ ഹിന്ദുസംഘടനാ നേതാക്കള്‍ വന്‍പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദുഐക്യവേദി, ബി.ജെ.പി, ആര്‍.എസ്.എസ്., ശിവസേന തുടങ്ങിയ ഹൈന്ദവസംഘടനകളുടെയും പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പാറശാലയില്‍ പ്രകടനം നടത്തി. പ്രകടനത്തിന് വേണുഗോപാല്‍, അരവിന്ദ്, ബ്രഹ്മചാരി ഭാര്‍ഗവറാം, പെരിങ്ങമ്മല അജി, ജി.അനില്‍, പത്മലോചനനന്‍, വിജേന്ദ്രന്‍, സലീന്ദ്രന്‍, മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഗോപകുമാരന്‍നായര്‍, സി.ഐ.എം.എസ് റിയാസ്, എസ്‌ഐമാരായ ആരുണ്‍, ശ്രീകുമാര്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
അക്രമികളെ 24 മണിക്കൂറിനുള്ള അറസ്റ്റുചെയ്യുമെന്ന പോലീസിന്റെ ഉറപ്പിനെതുടര്‍ന്ന് പ്രതിഷേധക്കാര്‍ ശാന്തരായി. രഥയാത്ര തടഞ്ഞ സ്ഥലത്തുനിന്നും വന്‍ജനാവലിയുടെ അകമ്പടിയോടെ രഥയാത്ര പുനരാരംഭിച്ചു. ഇന്നു കന്യാകുമാരി ദര്‍ശനത്തിനുശേഷം രാമയാണകാണ്ഡങ്ങളില്‍ പരിക്രണത്തിനായി തിരുവനന്തപുരത്തേക്ക് തിരിക്കും.
Discussion about this post