തുറവൂര്‍: 29-ാമത് അഖിലഭാരത ഭാഗവത സത്രത്തിന് തുറവൂര്‍ മഹാക്ഷേത്ര സന്നിധിയില്‍ തിരിതെളിഞ്ഞു. പതിനായിരങ്ങളുടെ നാരായണ മന്ത്രജപങ്ങള്‍ക്കിടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു സത്ര സമാരംഭം.
കേന്ദ്ര ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഭദ്രദീപം തെളിച്ച് മഹാസത്രത്തിന് തുടക്കം കുറിച്ചു. സത്ര നിര്‍വഹണസമിതി മുഖ്യ രക്ഷാധികാരിയും കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയുമായ കെ.സി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തെ നന്മയുടെ വഴികളിലേക്കു നയിക്കാന്‍ മതഗ്രന്ഥങ്ങളുടെ കാലത്തിനനുസരിച്ച വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി ഷിന്‍ഡെ പറഞ്ഞു.
സത്രത്തില്‍ പാരായണം ചെയ്യുന്നതിനായി അഹോബിലത്തില്‍ നിന്നെത്തിച്ച ഭാഗവതം ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ കരിയമുണ്ട പ്രൊഫ. പ്രേമാ പാണ്ഡുരംഗിനു കൈമാറി. മഹാശിവപുരാണം മലയാള വിവര്‍ത്തനത്തിന്റെ പ്രകാശനം എക്‌സൈസ്- തുറമുഖ മന്ത്രി കെ.ബാബു നിര്‍വഹിച്ചു. മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഗ്രന്ഥങ്ങള്‍ സമൂഹത്തെ മൂല്യത്തകര്‍ച്ചയില്‍നിന്ന് ഉയര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നന്മയുടെയും സമത്വത്തിന്റെയും സത്യത്തിന്റെയും പുരോഗതിയുടെയും സന്ദേശങ്ങള്‍ നല്‍കുന്ന ഭാഗവതത്തിന് സമൂഹത്തില്‍ വലിയ സ്ഥാനമാണുള്ളതെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ വര്‍ക്കല ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ പറഞ്ഞു.
ജില്ലാ കലക്ടര്‍ വി. രതീശന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. രാജഗോപാലന്‍ നായര്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹനന്‍, ഭാഗവത സത്രസമിതി പ്രസിഡന്റ് എം.കെ. കുട്ടപ്പമേനോന്‍, ശബരിഗ്രൂപ്പ് ചെയര്‍മാന്‍ ശശികുമാര്‍, തുറവൂര്‍ വിശ്വംഭരന്‍, ഇന്ദിര രാജന്‍, ജെ. കൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ.വി. പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. നളിനാക്ഷന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ടി.ജി. പത്മനാഭന്‍ നായര്‍ നന്ദിയും പറഞ്ഞു.
ഏപ്രില്‍ 14 വരെയാണ് സത്രം.
Discussion about this post