Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മൂന്നാറിന്റെ ഇന്നലെകള്‍

by Punnyabhumi Desk
Jun 27, 2010, 05:58 pm IST
in കേരളം

രാജേഷ്‌ രാമപുരം

മുതിരപ്പുഴ, കന്നിമലയാര്‍, നല്ലതണ്ണിയാര്‍ എന്നീ കാട്ടരുവികളുടെ സംഗമഭൂമിയായ മൂന്നാര്‍ അതിന്റെ വശ്യസൗന്ദര്യം കൊണ്ട്‌ ലോകരുടെ മനം കവര്‍ന്നിരുന്നത്‌ ഒരു ഗൃഹാതുര സ്വപ്‌നമായി അവശേഷിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കേരളത്തിന്റെ ഊട്ടി എന്ന്‌ പ്രസിദ്ധമായ ഈ പ്രദേശം തത്വദീക്ഷ തൊട്ടുതീണ്ടിയിട്ടില്ലാത്ത അസുരജന്മങ്ങളുടെ വികൃതികളില്‍ ഞെരിഞ്ഞമരുമ്പോള്‍ നമുക്കു നഷ്‌ടമാകുന്നത്‌ ഇനിയൊരിക്കലും തിരികെ കൊണ്ടുവരുവാന്‍ കഴിയാത്ത പ്രകൃതിയുടെ വരദാനം. മാറിമാറി അധികാരത്തിലെത്തുന്ന മുന്നണികള്‍ മൂന്നാറിനുവേണ്ടി മുതലക്കണ്ണീരൊഴുക്കുമ്പോഴും മൂന്നാറില്‍ കയ്യേറ്റവും കുടിയേറ്റവും വന്‍ നശീകരണവും തുടരുകയാണ്‌. പരസ്‌പരം പഴിചാരി ജനങ്ങളുടെ മുന്നില്‍ നല്ലപിള്ള ചമയുന്നവര്‍. മൂന്നാറിനെ രക്ഷിക്കുവാന്‍ വ്യക്തമായ ഒരു പദ്ധതിയും മുന്നോട്ടുവയ്‌ക്കുന്നില്ല. മൂന്നാര്‍ മാത്രമല്ല കേരളത്തിന്റെ മലയോരങ്ങളുടെയും തീരദേശവും അനുദിനം വികൃതവികസനത്തിന്റെ പിടിയിലമരുകയാണെന്നതും ഇവര്‍ക്ക്‌ യാതൊരു വിമ്മിഷ്‌ടവുമില്ല.
പൂച്ചദൗത്യങ്ങള്‍, ഉപഗ്രഹസര്‍വെയും കൈവെട്ടല്‍ ഭീക്ഷണിയുമൊക്കെ വന്‍ പ്രാധാന്യം നേടുമ്പോഴും ഇതൊക്കെ വെറും നാടകങ്ങളാണെന്നു ബോദ്ധ്യമാകുവാന്‍ മൂന്നാറിന്റെ ചരിത്രമറിഞ്ഞാല്‍ മതി. “കൂട്ടബലാത്സംഗത്തിനിരയായ നാടന്‍ പെണ്‍കുട്ടിയുടെ അവസ്ഥയാണ്‌ മൂന്നാറിനെന്ന്‌ ഹൈക്കോടതി അഭിപ്രായപ്പെടുമ്പോഴും മൂന്നാറിലെ അസംബന്ധങ്ങള്‍ക്ക്‌ തുണയായി സമീപിക്കപ്പെടുന്നത്‌ കോടതിയെത്തന്നെയാണെന്നതാണ്‌ വൈചിത്ര്യം. നിയമങ്ങളുടേയും തെളിവുകളുടേയും ഇഴകളില്‍ക്കൂടി മാത്രം ചലിക്കുവാന്‍ വിധിക്കപ്പെട്ട ചിലന്തികളായ ന്യായാധിപന്മാരുടെ പരിമിതികള്‍ ചൂണ്ടിക്കാട്ടി തടിതപ്പാന്‍ നോക്കുന്നവര്‍ക്കും ഉത്തരംമുട്ടിക്കുന്നതാണ്‌ മൂന്നാറിന്റെ ചരിത്രം. പല കാര്യങ്ങളിലും ജുഡീഷ്യല്‍ ആക്‌ടിവിസം ശക്തമായി മുന്നേറുമ്പോള്‍ മൂന്നാറിന്റേയും മറ്റു പാരിസ്ഥിതിക വിഷയങ്ങളിലും കോടതിയും വേണ്ടത്ര ഉണരുന്നില്ലെന്ന്‌ സംശയം ജനിച്ചാല്‍ അത്‌ അസ്ഥാനത്തായിരിക്കുകയില്ല.

വന്‍കിടക്കാര്‍ക്ക്‌ എന്തു `തോന്ന്യാസവും’ ചെയ്യുവാന്‍ കണ്ണടച്ചിരുട്ടാക്കുകയും അവരെറിഞ്ഞുനല്‍കുന്ന തെണ്ടിപണം ആര്‍ത്തിയോടെ കീശയിലാക്കുകയും ചെയ്യുന്ന രാഷ്‌ട്രീയകക്ഷികള്‍ പാര്‍ട്ടി ഓഫീസിനും അണികള്‍ക്ക്‌ കുടി കെട്ടുവാനും കൂടി ഭൂമി വീതിച്ചെടുക്കുമ്പോള്‍ അവര്‍ കടിഞ്ഞാണ്‍ പിടിക്കുന്ന സര്‍ക്കാരുകള്‍ക്ക്‌ ക്രിയാത്മകമായി എന്തുചെയ്യാനാകും ?

ചെങ്ങമനാട്‌ ദേവസ്വത്തിന്റെ അധീനതയിലായിരുന്ന കണ്ണന്‍ദേവന്‍ വനമാണ്‌ മൂന്നാര്‍ എന്ന പേരില്‍ പ്രസിദ്ധമായ ഭൂപ്രദേശം. വെണ്‍പാലനാട്‌, കീഴ്‌മലനാട്‌ എന്നീ നാടുകളിലായിട്ടാണ്‌ ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നത്‌. കൊല്ലവര്‍ഷം 364 മീനമാസത്തില്‍ ചെങ്ങമനാട്‌ ദേവസ്വത്തിന്റെ അധീനതയിലായിരുന്ന മൂന്നാറിനെ ദേവസ്വം കീഴ്‌മലനാട്‌ നാടുവാഴിക്ക്‌ കൈമാറി. പ്രദേശത്തിന്റെ പരിപാലനം കാര്യക്ഷമമാക്കുന്നതിനായിരുന്നു ഈ കൈമാറ്റം. മൂന്നാര്‍ പ്രദേശത്തിന്റെ ഹൃദയഭാഗമായ കണ്ണന്‍ദേവന്‍ മലകളും ചുറ്റുമുള്ള വനഭൂമിയുടെയും ഭരണാധികാരം കീഴ്‌മലനാട്‌ നാടുവാഴിയായിരുന്ന കോതവര്‍മ്മന്‍ കൊല്ലവര്‍ഷം 427 മേടമാസത്തില്‍ പൂഞ്ഞാര്‍ കോവിലകത്തേക്ക്‌ കൈമാറി. ഈ ഭാഗത്തെ വനവാസി സമൂഹത്തിന്റേയും മറ്റ്‌ ചുരുക്കം കുടിയേറ്റക്കാരുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണ്‌ പ്രദേശത്തെ ജനങ്ങളുടെ (നാട്ടുകൂട്ടത്തിന്റെ) പൂര്‍ണ്ണസമ്മതത്തോടെ ചെങ്ങമനാട്‌ ദേവന്റെ ഹിതം നോക്കിയ ശേഷം നാടുവാഴി ഇത്തരമൊരു തീരുമാനത്തിലെത്തിയതത്രേ. അങ്ങനെ മൂന്നാര്‍ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പൂഞ്ഞാര്‍ രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി.
ബ്രിട്ടീഷുകാരനായ ജോണ്‍ഡാനിയേല്‍ മണ്‍റോ മൂന്നാറിലെത്തിയതോടെയാണ്‌ മൂന്നാറിന്റെ കാലക്കേട്‌ തുടങ്ങിയതെന്നുപറയാം. മൂന്നാര്‍ മലനിരകള്‍ യൂറോപ്പിലേതുപോലെ തേയിലതോട്ടങ്ങളുണ്ടാക്കുവാന്‍ അനുയോജ്യമാണെന്നായിരുന്നു മണ്‍റോസായിപ്പിന്റെ കണ്ടെത്തല്‍. തുടര്‍ന്ന്‌ ഭൂമി സ്വന്തമാക്കുവാനുള്ള ശ്രമങ്ങളായി. പലവഴിയില്‍ പൂഞ്ഞാര്‍ രാജാവിനെ സ്വാധീനിച്ച്‌ ഭൂമി പാട്ടത്തിനെടുക്കുന്നതില്‍ മണ്‍റോ വിജയിച്ചു. കൊല്ലവര്‍ഷം 1052 മിഥുനം 29 ന്‌ ഒപ്പുവച്ച പാട്ടക്കരാര്‍ പ്രകാരം 5000 രൂപ ആദ്യപാട്ടമായും തുടര്‍ന്ന്‌ പ്രതിവര്‍ഷം 3000 രൂപയും നല്‍കുമെന്ന വ്യവസ്ഥയില്‍ കണ്ണന്‍ദേവന്‍ മലനിരകളടങ്ങുന്ന പ്രദേശം മണ്‍റോയ്‌ക്ക്‌ കൈമാറി. കരാറില്‍ വിസ്‌തൃതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 1,38,000 ഏക്കര്‍ സ്ഥലമാണ്‌ പാട്ടക്കരാറിലൂടെ മണ്‍റോ സ്വന്തമാക്കിയതെന്ന്‌ പിന്നീട്‌ വ്യക്തമായിട്ടുണ്ട്‌.

പൂഞ്ഞാര്‍ രാജാവുമായി കരാറായെങ്കിലും തിരുവിതാംകൂര്‍ മഹാരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത്‌ തിരുവിതാംകൂറിലെ ഭൂനിയമങ്ങള്‍ ബാധകമായിരുന്നതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി തേയിലത്തോട്ട നിര്‍മ്മാണം ആരംഭിക്കുവാന്‍ രണ്ടുവര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. ആയില്യംതിരുനാള്‍ മഹാരാജാവിന്‌ മണ്‍റോ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും ദിവാന്‍ ശേഷയ്യ അപേക്ഷ പരിഗണിക്കാതെ നീട്ടിവയ്‌ക്കുകയായിരുന്നു. ശേഷയ്യ സ്ഥാനമൊഴിഞ്ഞ ശേഷം അധികാരത്തിലെത്തിയ നാണുപിള്ള ദിവാന്‍ജിയാണ്‌ ഭൂമി കൈമാറ്റത്തിന്‌ അനുമതി നല്‍കിയത്‌. 1878 നവംബര്‍ 18-ാം തീയതിയാണ്‌ അനുമതിപത്രത്തില്‍ മഹാരാജാവ്‌ തുല്യം ചാര്‍ത്തിയത്‌.
പാട്ടക്കരാര്‍ പ്രകാരം ഏറ്റെടുത്ത്‌ തോട്ടമാക്കിയ ഭൂമി 1879 ല്‍ മണ്‍റോ നോര്‍ത്ത്‌ ട്രാവന്‍കൂര്‍ ലാന്‍ഡ്‌ ആന്റ്‌ അഗ്രികള്‍ച്ചറല്‍ സൊസൈറ്റിക്ക്‌ കൈമാറി. അങ്ങനെ മൂന്നാറില്‍ ആദ്യകരാര്‍ ലംഘനം നടത്തിയ വ്യക്തിയായി മണ്‍റോ. മൂന്നാറിന്റെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി കുറിച്ചു. എന്തുകൊണ്ടോ കൈമാറ്റത്തിന്റെ നിയമസാധുത പൂഞ്ഞാര്‍ രാജാക്കന്മാരോ തിരുവിതാംകൂര്‍ സര്‍ക്കാരോ ചോദ്യം ചെയ്‌തില്ല. ഈ സൊസൈറ്റി തുടര്‍ന്നുനടത്തിയ ഭൂമി ഇടപാടുകളും നിയമപരമായി സാധുതയുള്ളതായിരുന്നില്ല. സ്‌കോട്ട്‌ലന്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കരാറിലൂടെ 1892 ല്‍ ഹില്‍ പ്രൊഡൂസ്‌ കമ്പനിക്ക്‌ ഭൂമി കൈമാറുകയായിരുന്നു. തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു കരാറിലൂടെ തിരുവിതാംകൂറിലെ ഒരു ഭൂവിഭാഗം കൈമാറ്റം ചെയ്‌താല്‍ അതിനു നിയമസാധുതയില്ലാത്തതിനാല്‍ തന്നെ മൂന്നാറില്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയായിരുന്നു.

മണ്‍റോ സായിപ്പിന്‌ പാട്ടഭൂമി അനുവദിച്ചുകൊണ്ടുള്ള തിരുവിതാംകൂറിന്റെ നിബന്ധനകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. കൃഷി ചെയ്യുന്നതിനുള്ള അവകാശം മാത്രമാണ്‌ പാട്ടക്കാരനുണ്ടായിരുന്നത്‌. പുല്‍മേടുകള്‍ക്ക്‌ രണ്ടര അണയും (15 പൈസ) പുല്‍മേടുകളൊഴികെയുള്ള ഭൂമിക്ക്‌ എട്ടണയും (60 പൈസ) പ്രതിവര്‍ഷം കരം നല്‍കണം. ആന, ആനക്കൊമ്പ്‌, ചന്ദനം, തേക്ക്‌, ഏലം, ധാതുദ്രവ്യങ്ങള്‍, ജലസ്രോതസ്സുകള്‍ എന്നിവയുടെ പൂര്‍ണ്ണ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്‌തമായിരിക്കും തുടങ്ങിയവയായിരുന്നു മുഖ്യവ്യവസ്ഥകള്‍.

കാലക്രമത്തില്‍ കണ്ണന്‍ദേവന്‍ തേയിലത്തോട്ടത്തിന്റെ അവകാശം ബ്രിട്ടണിലെ ജെയിംസ്‌ ഫിന്‍ലെ ആന്റ്‌ കമ്പനിക്ക്‌ വന്നുചേര്‍ന്നു. തുടര്‍ന്ന്‌ 1964 ല്‍ ടാറ്റയും ജെയിംസ്‌ ഫിന്‍ലെയും ചേര്‍ന്ന്‌ രൂപീകരിച്ച സംയുക്ത സംരഭത്തിന്റെ ഭാഗമായി. 1983 ല്‍ സംയുക്ത സംരംഭം അവസാനിപ്പിച്ച്‌ ജെയിംസ്‌ ഫിന്‍ഡെയുടെ ഇന്ത്യയിലെ തോട്ടങ്ങള്‍ ടാറ്റ ഏറ്റെടുത്തു. അങ്ങനെയാണ്‌ മൂന്നാറിലെ കണ്ണന്‍ദേവന്‍ തോട്ടങ്ങള്‍ക്കു മേല്‍ ടാറ്റയ്‌ക്ക്‌ പൂര്‍ണ്ണ അവകാശം ലഭിക്കുന്നത്‌. പുനര്‍സംഘടനയുടെ ഭാഗമായി 2005 ല്‍ ടാറ്റാ ടി നടപ്പാക്കിയ പദ്ധതിപ്രകാരം കണ്ണന്‍ദേവന്‍ തോട്ടങ്ങളെ ഒരു പ്രത്യേക കമ്പനിയാക്കുകയുണ്ടായി. തൊഴിലാളികളെക്കൂടി ഓഹരി ഉടമകളാക്കിക്കൊണ്ട്‌ രൂപീകരിച്ച കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ ലിമിറ്റഡ്‌ എന്ന കമ്പനിയുടേതാണ്‌ ഇപ്പോള്‍ കണ്ണന്‍ദേവന്‍ മലനിരകളിലെ തോട്ടങ്ങള്‍. 24000 ഹെക്‌ടര്‍ പ്രദേശത്ത്‌ വ്യാപിച്ചിരിക്കുന്ന ഏഴ്‌ തോട്ടങ്ങളില്‍ നിന്നായി പ്രതിവര്‍ഷം ശരാശരി 21 ദശലക്ഷം കിലോഗ്രാം തേയില ഇവിടെ ഉല്‌പ്പാദിപ്പിക്കുന്നുവെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. ഇതിനിടെ തോട്ടത്തിന്റെ ഒരു വിഭാഗം ടൂറിസം വ്യവസായത്തിനായി ടാറ്റാ ഗ്രൂപ്പില്‍പ്പെട്ട ഇന്ത്യന്‍ ഹോട്ടല്‍സ്‌ കൈമാറുവാനായിരുന്നു ടാറ്റയുടെ നീക്കം (ഒക്‌ടോബര്‍ 2005). വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നിലവിലുള്ള തോട്ടങ്ങളുടെ ആകെ വിസ്‌തൃതിയുടെ അഞ്ചു ശതമാനത്തില്‍ കവിയാത്ത സ്ഥലത്ത്‌ മറ്റ്‌ സംരംഭങ്ങളോ കൃഷികളോ അനുവദിക്കുവാനുള്ള സര്‍ക്കാര്‍ നയത്തിന്റെ പിന്‍ബലത്തിലായിരുന്നു ഈ നീക്കം.

തേയില തോട്ടങ്ങളുടെ വിസ്‌തൃതി വര്‍ദ്ധിപ്പിച്ചും വിറകിന്‌ മരങ്ങള്‍ നട്ടുപിടിപ്പിക്കാനെന്നപേരില്‍ സ്വന്തമാക്കിയ ഭൂമിയുടെ മറവില്‍ വനഭൂമി കൈയ്യേറിയും ആറായിരം ഏക്കറോളം ഭൂമി ടാറ്റാ കൈയ്യേറിയതായി പരാതി ഉയര്‍ന്നു. തുടര്‍ന്ന്‌ ഭൂമി അളന്നുതിട്ടപ്പെടുത്തിക്കൊണ്ട്‌ 1974 മാര്‍ച്ച്‌ 29 ന്‌ ലാന്റ്‌ ബോര്‍ഡ്‌ പ്രശ്‌നത്തിനു പരിഹാരം കണ്ടു. കണ്ണന്‍ദേവന്‍ പ്രദേശത്തിന്റെ വ്യക്തമായ ഭൂരേഖകള്‍ തയ്യാറാക്കിക്കൊണ്ടായിരുന്നു ലാന്റ്‌ബോര്‍ഡ്‌ നടപടി. ഈ ഭൂപടങ്ങള്‍ ഇപ്പോഴും ബോര്‍ഡ്‌ ആസ്ഥാനത്ത്‌ ഭദ്രമായിരിക്കുമ്പോഴാണ്‌ കയ്യേറ്റത്തിന്റെ പേരില്‍ ടാറ്റയുടെ ഭൂമി തിട്ടപ്പെടുത്തുവാന്‍ സര്‍വേകളുടെ ഘോഷയാത്ര തന്നെയുണ്ടാകുന്നതെന്നത്‌. ഭരണക്കാരും മൂന്നാറിലെ കൈയ്യേറ്റക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തമാക്കുന്നു. ടാറ്റയ്‌ക്ക്‌ അവകാശപ്പെട്ട ഭൂമി അളന്നു തിരിച്ചുനല്‍കിയ ശേഷം അവശേഷിച്ച ഭൂമി വനഭൂമി വനഭൂമിയായി പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശം മാറിമാറിവന്ന സര്‍ക്കാരുകളൊന്നും ഗൗരവത്തിലെടുത്തില്ല. മാത്രമല്ല ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേര്‍ന്ന്‌ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി കൈയ്യേറ്റത്തിന്‌ പറുദീസ ഒരുക്കുകയായിരുന്നുവെന്നതാണ്‌ സത്യം. വന്‍ മാഫിയകള്‍ മുതല്‍ തമിഴ്‌നാട്ടിലെ ഊരുതെണ്ടികള്‍ വരെ ഇന്ന്‌ മൂന്നാറില്‍ അവകാശം സ്ഥാപിച്ചിരിക്കുന്നു. ഇതില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍, വന്‍ ഭൂമാഫിയാകള്‍, ബിനാമി പേരില്‍ ഭൂമി സ്വന്തമാക്കിയിരിക്കുന്ന രാഷ്‌ട്രീയനേതാക്കള്‍, ഉദ്യോഗസ്ഥര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ടാറ്റായേക്കാള്‍ മൂന്നാറിനെ നശിപ്പിച്ചത്‌ ഇക്കൂട്ടരാണെന്ന നഗ്നസത്യം മറച്ചുവച്ച്‌ ടാറ്റയ്‌ക്ക്‌ എതിരെ കൊമ്പു കുലുക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനാണ്‌ എല്ലാവര്‍ക്കും താല്‌പര്യം.

ഭൂരേഖകള്‍ തിരുത്തിയും വ്യാജപട്ടയങ്ങള്‍ ചമച്ചും മൂന്നാറില്‍ കടന്നുകൂടുന്നവര്‍ അവിടുത്തെ ഭൂപ്രകൃതിയെ ആകെ തച്ചുടച്ചിരിക്കുകയാണ്‌. തണുപ്പുകാലങ്ങളില്‍ മൈനസ്‌ 4 ഡിഗ്രി സെന്റീഗ്രേഡ്‌ താഴുന്ന ഊഷ്‌മനിലയിലായിരുന്നു എഴുപതുകള്‍ വരെ മൂന്നാറിലുണ്ടായിരുന്നത്‌. ഇതു ക്രമേണ മൈനസ്‌ ഒരു ഡിഗ്രിയായും പൂജ്യം ഡിഗ്രിയും കടന്ന്‌ ഇപ്പോള്‍ രണ്ടുഡിഗ്രി സെന്റീഗ്രേഡായിരിക്കുന്നു. വൃശ്ചികം മുതല്‍ മേടം വരെ പകല്‍ പതിനൊന്നു മണി വരെ കനത്ത മഞ്ഞിന്റെ ആവരണത്തിലായിരുന്ന ഇവിടെ നിന്നും മഞ്ഞ്‌ പലായനം ചെയ്യുവാന്‍ തുടങ്ങിയിട്ട്‌ ദശകങ്ങള്‍ കഴിഞ്ഞു. ഇനി അവശേഷിക്കുന്നതുകൂടി ഇല്ലാതെയാകുവാന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വരില്ല.

1974 ലെ ലാന്റ്‌ ബോര്‍ഡ്‌ അനുവാദപ്രകാരം മൂന്നാറില്‍ ടാറ്റാ കമ്പനിക്ക്‌ 57359.14 ഏക്കര്‍ പാട്ടഭൂമിയാണുള്ളത്‌. ഈ ഭൂമി അളന്നുതിരിച്ച ശേഷം തോട്ടത്തോടു ചേര്‍ന്നുള്ള 2980.3 ഏക്കര്‍ ഭൂമിയും സമീപപ്രദേശത്തെ 25573.32 ഏക്കര്‍ ഭൂമിയും സമീപപ്രദേശത്തെ 2573.32 ഏക്കര്‍ ഭൂമിയും സര്‍ക്കാരിന്റെ അധീനതയിലാക്കിയിരുന്നു. രജിസ്‌ട്രേഷന്‍, റവന്യൂ നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി മൂന്നാറില്‍ കയ്യേറ്റം വ്യാപകമായതോടെയാണ്‌ പ്രദേശത്തെ അധികഭൂമി വനഭൂമിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ന്നത്‌. ഇത്‌ ചെവിക്കൊള്ളാതെ കണ്ണടച്ച്‌ ഇരുട്ടാക്കിയ ഭരണക്കാരാണ്‌ മൂന്നാറിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ മുഖ്യ കാരണക്കാര്‍.

മൂന്നാര്‍ ഒഴിപ്പിക്കലിന്‌ ഇറങ്ങിപ്പുറപ്പെട്ട മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ രാമസ്വാമി അയ്യര്‍ ഹെഡ്‌വര്‍ക്ക്‌ ഡാമിനു സമീപം സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ ബോര്‍ഡ്‌ ഓടയില്‍ തള്ളിയ ശേഷം അവിടെയുള്ള രണ്ടര ഏക്കറോളം ഭൂമി കയ്യേറിയിട്ട്‌ ഇക്കാര്യം ഗൗനിച്ചിട്ടില്ലെന്നിടത്താണ്‌ മൂന്നാര്‍ കയ്യേറ്റക്കാരുടെ സ്വാധീനശക്തി വെളിപ്പെടുന്നത്‌. ലക്ഷ്‌മി എസ്റ്റേറ്റില്‍ അനധികൃതമായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഡസന്‍കണക്കിന്‌ കെട്ടിടങ്ങള്‍ക്ക്‌ ആരാണ്‌ അനുമതി നല്‍കിയതെന്ന്‌ ആര്‍ക്കും അറിയില്ല. ഏലകൃഷിക്ക്‌ പാട്ടത്തിനു നല്‍കിയ ഈ ഭൂമിയില്‍ നിന്നും വന്‍ മരങ്ങള്‍ വെട്ടി കടത്തിക്കഴിഞ്ഞു. ക്ലൗഡ്‌ നയന്‍ റിസോര്‍ ട്ടിന്റെ പിന്നിലുള്ള വിസ്‌തൃതമായ പ്ര ദേശം ജെ.സി.ബി. ഉപയോഗിച്ച്‌ ഇടിച്ചുനിരത്തിയിരിക്കുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ ലിമിറ്റഡിന്‌ യൂക്കാലി പ്‌സ്‌ കൃഷിക്ക്‌ പാട്ടത്തിനു നല്‍കിയ ഭാവിയിലും നിരവധി കുടിലുകള്‍ ഉയര്‍ന്നുകഴിഞ്ഞു. നൂറ്റി അമ്പതോളം കുടിലുകളാണ്‌ ഇവിടെ ഉയര്‍ന്നിരിക്കുന്നത്‌. ഇവയുടെ എണ്ണം ദിനംപ്ര തി ഏറിവരികയാണ്‌. പ്രാദേശിക രാ ഷ്‌ട്രീയനേതൃത്വത്തിന്റേയും തൊഴിലാളി സംഘടനകളുടേയും പൂര്‍ണ്ണ പിന്തുണയോടുകൂടിയാണ്‌ കയ്യേറ്റം നടക്കുന്നതെന്ന്‌ പ്രദേശവാസികള്‍ സമ്മതിക്കുന്നു. മൂന്നാറിലും സമീപപ്രദേശങ്ങളിലും വലുതും ചെറുതുമായി രണ്ടായിരത്തിലധികം അനധികൃത കയ്യേറ്റങ്ങളാണ്‌ കഴിഞ്ഞ ഏ താനും വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിട്ടുള്ളത്‌. ഇവയെല്ലാം തന്നെ രാഷ്‌ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും തികഞ്ഞ ഒത്താശയോടെയാണ്‌ വ ന്നിട്ടുള്ളത്‌. എന്തെങ്കിലും പ്രശ്‌നമു ണ്ടായാല്‍ ഔദ്യോഗിക രേഖകള്‍ നശിപ്പിക്കുന്നതിനും വകുപ്പുകള്‍ തമ്മില്‍ അനാവശ്യമായ പിടിവലികളുണ്ടാക്കില്ല. രക്ഷ നേടുന്നതാണ്‌. മാഫിയാകളുടെ തന്ത്രം. കോടതിയെപ്പോലും പാവകളിപ്പിക്കുന്നതില്‍ ഇവര്‍ വിജയിക്കുന്നത്‌ സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പുകൊണ്ടുമാത്രമാണ്‌. ഇതിന്‌ ഏതെങ്കിലും ഒരു മുന്നണി മാത്രമല്ല മാറിമാറി ഭരിച്ചവരെല്ലാം ഉത്തരവാദികളാണ്‌.

ShareTweetSend

Related News

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

കേരളം

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies