തിരുവനന്തപുരം: 8,900 കോടി രൂപയുടെ ‘വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് സീപോര്‍ട്ട്’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്ഭവനില്‍ നിന്നും പാങ്ങോട് സൈനിക കേന്ദ്രത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് വിഴിഞ്ഞത്തെത്തിയത്.

വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ മഹാകവാടമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അനന്തപത്മനാഭന്റെ മണ്ണിലേക്ക് വന്നതില്‍ സന്തോഷമെന്ന് പറഞ്ഞ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന്റെ പണം ഇനി പുറത്തേക്ക് ഒഴുകില്ലെന്നും രാജ്യത്തിനും കേരളത്തിനും സാമ്പത്തിക സ്ഥിരത നല്‍കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇത്രയും വലിയ തുറമുഖം നിര്‍മ്മിച്ച അദാനിയെയും അദ്ദേഹം പ്രശംസിച്ചു. ഗുജറാത്തിനേക്കാള്‍ വലിയ തുറമുഖമാണ് കേരളത്തില്‍ അദാനി നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖത്തെ നവയുഗ വികസനത്തിന്റെ പ്രതീകമെന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. ”ഒരു വശത്ത്, നിരവധി അവസരങ്ങളുള്ള ഒരു വലിയ കടലുണ്ട്, മറുവശത്ത്, പ്രകൃതിയുടെ സൗന്ദര്യമുണ്ട്, അതിനിടയില്‍ ഈ ‘വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം’ ഉണ്ട്, അത് നവയുഗ വികസനത്തിന്റെ പ്രതീകമാണ്,” വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
Discussion about this post