ദില്ലി : പെഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെ രാജ്യം കനത്ത സുരക്ഷയില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു. മെയ് 13 മുതല്‍ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനമാണ് മാറ്റിവെച്ചത്.
നേരത്തെ മെയ് 9 ന് നടക്കുന്ന റഷ്യന്‍ വിക്ടറി പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ വ്യാദിമിര്‍ പുടിന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ ഈ സന്ദര്‍ശനം പ്രധാനമന്ത്രി മാറ്റിവെക്കുകയായിരുന്നു. പാകിസ്ഥാന്‍ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കം അതി പ്രധാന സാഹചര്യത്തിലാണ് രണ്ടാമതും വിദേശ സന്ദര്‍ശനം മാറ്റിവെക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട വിവരങ്ങളും തുടര്‍ നടപടികളും അതിര്‍ത്തിയിലെ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
Discussion about this post