തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ മന്ത്രി ഇ.അഹമ്മദിന്റെ പേരില്‍ വ്യാജഫാക്‌സ് സന്ദേശം അയച്ച സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയുടെ ഓഫീസിലെ മൂന്നുപേരെ പുറത്താക്കി. മന്ത്രിയുടെ ഒരു അഡീഷണല്‍ പിഎയേയും ഓഫീസിലെ രണ്ടു ക്ലര്‍ക്കുമാരേയുമാണ് പുറത്താക്കിയത്. റെയില്‍വെ ടിക്കറ്റ് റിസര്‍വ് ചെയ്യാനായി മന്ത്രി ഇ.അഹമ്മദിന്റെ വ്യാജലെറ്റര്‍ പാഡുപയോഗിച്ച് റെയില്‍വേ ഓഫീസിലേക്ക് ഫാക്‌സ് അയച്ച സംഭവത്തെത്തുടര്‍ന്നാണ് നടപടി. ഫാക്‌സ് വ്യാജമാണെന്ന് സംശയം തോന്നി റെയില്‍വേ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് അയച്ചത് മന്ത്രി ശ്രീമതിയുടെ ഓഫീസില്‍ നിന്നാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇ.അഹമ്മദിന്റെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് മൂന്നുജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്.












