തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് ഇനി മുതല്‍ ഒരു നിയമസഭാ സീറ്റില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആ മണ്ഡലത്തിന് മാത്രമാകും പെരുമാറ്റച്ചട്ടം ബാധകമാകുക. നേരത്തെ ഇത് മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയ്ക്ക് മുഴുവന്‍ ബാധമായിരുന്നു.
24 ന് ഡല്‍ഹിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗമാണ് ചട്ടത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. പക്ഷേ,ചട്ടത്തില്‍ ഉള്‍പ്പെടുന്ന എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും ഇത് ബാധകമല്ല. വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ സഹായം നല്‍കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം ഒഴികെ ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ തടസ്സമില്ല.
എന്നാല്‍, പ്രചരണവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പരസ്യം, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, ഗവ.ഗസ്റ്റ് ഹൗസുകളുടെ ഉപയോഗം തുടങ്ങിയവയില്‍ നിലവിലുള്ള ചട്ടം ജില്ലയില്‍ മൊത്തം ബാധകമാണ്.
പുതിയ ഭേദഗതി നിര്‍ദ്ദേത്തോടെ നെയ്യാറ്റിന്‍കരയില്‍ മാത്രമാകും പെരുമാറ്റച്ചട്ടം ബാധകമാവുക. മണ്ഡലത്തിന് പുറത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ തടസ്സമില്ല. മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തികൊണ്ടുള്ള ഇലക്ഷന്‍ കമ്മിഷന്‍ നിര്‍ദ്ദേശം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍മാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും നല്‍കിയിട്ടുണ്ട്.
നെയ്യാറ്റിന്‍കര, ഗോവയിലെ കോര്‍ട്ടലിം എന്നിവടങ്ങളിലെ ഉപതെരഞ്ഞെടുപ്പിലാണ് പെരുമാറ്റ ചട്ടത്തിലെ ഭേദഗതി ആദ്യം നടപ്പിലാക്കുക. ജില്ലയിലെ ഒരു ഭാഗത്തുമാത്രം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകാരണം ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന സംസ്ഥാന ഭരണകൂടങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കഴിഞ്ഞ 24ന് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഭേദഗതിക്ക് ഇലക്ഷന്‍ കമ്മിഷന്‍ തയ്യാറായത്.
Discussion about this post