കൊച്ചി : റേഷന്‍ കടകള്‍ വഴി ഗോതമ്പുവിതരണം നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടും. മണ്ണെണ്ണ വിഹിതം ഏപ്രില്‍ മുതല്‍ കുറച്ച കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റേഷന്‍ കടകളിലൂടെയുള്ള ഗോതമ്പുവിതരണം കൂടി നിര്‍ത്തിവച്ചു. ഇത് പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ബേബിച്ചന്‍ മുക്കാടന്‍, ആന്‍റണി പാലക്കുഴി, എന്‍. ബി. ശിവദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രി പ്രൊഫ. കെ. വി. തോമസ് സ്വകാര്യ ഫ്ലവര്‍ മില്‍ ഉടമകളും കുത്തക കമ്പനികളുമായി നടത്തിയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. കേന്ദ്ര വിഹിതമായി അനുവദിക്കുന്ന ഗോതമ്പ് മുഴുവന്‍ പൊടിച്ച് ആട്ടയാക്കി സപ്‌ളൈക്കോ വഴി വിതരണം ചെയ്യാനാണ് കേന്ദ്രമന്ത്രി അനുമതി നല്‍കിയിരിക്കുന്നത്.
പ്രൊഫ. കെ. വി. തോമസ് പങ്കെടുക്കുന്ന പരിപാടികള്‍ പ്രതിഷേധ സൂചകമായി റേഷന്‍ വ്യാപാരികള്‍ ബഹിഷ്‌കരിക്കും. തിങ്കളാഴ്ച മുഴുവന്‍ റേഷന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും. ഉത്തരവ് റദ്ദാക്കിയില്ലെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ യു. ഡി. എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചാരണം നടത്തുമെന്നും റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post