നെയ്യാറ്റിന്‍കര: ഒഞ്ചിയം സംഭവവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു. പര്യടനത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ആലംപൊറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കു വധഭീഷണിയുള്ളതായി ചന്ദ്രശേഖരന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോടും സംസ്ഥാന മുഖ്യമന്ത്രിയോടും നേരത്തെ വ്യക്തമാക്കിയിരുന്നതായാണ് മനസിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍, പരാതി ലഭിച്ചിട്ടും ചന്ദ്രശേഖരന് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. പ്രതിപക്ഷനേതാവ് വി.എസ്. പറഞ്ഞതുപോലെ സര്‍ക്കാരും ഈ സംഭവത്തിലെ കൂട്ടുപ്രതികളാണെന്ന് രാജഗോപാല്‍ ആരോപിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ മൌലികമായ പ്രശ്നങ്ങള്‍ വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് ഒഞ്ചിയത്ത് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര നഗരസഭയും അഞ്ചു പഞ്ചായത്തു പ്രദേശങ്ങളും വിവിധ മേഖലകളായി തിരിച്ചാണ് പ്രചരണം നടത്തുന്നത്. ഓരോ മേഖലയിലെയും പ്രമുഖരായ വോട്ടര്‍മാരെയും സാമൂഹ്യ സംഘടനാ പ്രതിനിധികളെയും കണ്ടുവരുന്നുവെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഇരുമ്പില്‍, പെരുമ്പഴുതൂര്‍, തിരുപുറം എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളില്‍ രാജഗോപാല്‍ പങ്കെടുത്തു. പെരുമ്പഴുതൂര്‍ ചന്ത, മാമ്പഴക്കര ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ച അദ്ദേഹം ഭഗവതിപുരം കാവില്‍ ദര്‍ശനം നടത്തി.
Discussion about this post