തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പുതിയ ഡാമിന് അനുകൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുപ്രീം കോടതിയില്‍ പുതിയ ഡാമിനായി നിലപാടെടുക്കും. പുതിയ ഡാം നിര്‍മിക്കാനുള്ള ചെലവ് കേരളം വഹിക്കും. അതേസമയം ജസ്റ്റിസ് കെ.ടി.തോമസിനെ മുഖ്യമന്ത്രി പിന്തുണച്ചു. വിയോജനക്കുറിപ്പില്‍ അദ്ദേഹം കേരളത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
അണക്കെട്ടിന്റെ സുരക്ഷയുടെ കാര്യം പ്രതിപാദിക്കുന്ന ഒരുഭാഗത്തുമാത്രം അദ്ദേഹം വേണ്ടരീതിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ വിയോജനക്കുറിപ്പില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂടരുതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സാധൂകരിക്കാന്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ള ആറു കാരണങ്ങള്‍ മുഴുവന്‍ സംസ്ഥാനത്തിന്റെ വാദങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജസ്റ്റിസ് കെ.ടി.തോമസ് കേരളത്തിന്റെ പ്രതിനിധിയാണ്. പക്ഷേ സംസ്ഥാനത്തിന്റെ അഭിഭാഷകനായി നില്‍ക്കണമെന്ന് പറയാനാകില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി.
പുതിയ അണക്കെട്ടിന് പച്ചക്കൊടി കിട്ടിയിരിക്കുകയാണ്. സുപ്രീം കോടതിയില്‍ അതിനുവേണ്ടി ശക്തമായ നിലപാട് കേരളം സ്വീകരിക്കും. ഇക്കാര്യത്തില്‍ അവസാനവാക്ക് സുപ്രീം കോടതിയുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അണക്കെട്ടിന്റെ നിര്‍മാണ ചെലവ് സംസ്ഥാനം വഹിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ അതിനു തയാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post