വടകര: ഒഞ്ചിയത്തെ ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഗുണ്ടാസംഘത്തിന് ‘ക്വട്ടേഷന്‍’ നല്‍കിയ സി.പി.എം. ലോക്കല്‍കമ്മിറ്റി അംഗമുള്‍പ്പെടെ നാലുപേരെ കൂടി പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ ഇതുവരെ ഒമ്പതു പേര്‍ അറസ്റ്റിലായി. ഇവരെല്ലാവരും സി.പി.എമ്മുമായി ബന്ധമുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്. ഒട്ടേറെ സി.പി.എം. നേതാക്കളെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്.
ഗുണ്ടാ സംഘാംഗം കൊടി സുനിക്ക് ചന്ദ്രശേഖരനെ വധിക്കാന്‍ ‘ക്വട്ടേഷന്‍’ നല്‍കിയ സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കുന്നുമ്മക്കരയിലെ കാവില്‍ ചെറിയ പറമ്പത്ത് കെ.സി. രാമചന്ദ്രന്‍ (51), സഹായങ്ങള്‍ നല്‍കിയ വടകര അഴിയൂരിലെ കല്ലംപറമ്പത്ത് ദില്‍ഷാദ് (27), അഴിയൂര്‍ കോറോത്ത് റോഡിലെ പാറപറമ്പത്ത് പി.കെ. മുഹമ്മദ് ഫസലു (28), കതിരൂര്‍ പൊന്ന്യം വെസ്റ്റിലെ മൂര്‍ക്കോളി സനീഷ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വ്യാഴാഴ്ച കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കും.
ആര്‍.എം.പി. പ്രവര്‍ത്തകനായ തിരുമുമ്പില്‍ ബാലനെ ഈ വര്‍ഷം ഫിബ്രവരിയില്‍ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് കെ.സി. രാമചന്ദ്രന്‍. എടച്ചേരി പോലീസാണ് അന്ന് രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കേയാണ് വീണ്ടും അറസ്റ്റിലായത്.
ബൈക്കപകടത്തില്‍ പരിക്കേറ്റ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്.
ചന്ദ്രശേഖരന്റെ കൊലപാതകത്തിനുപിന്നിലെ ഗൂഢാലോചനയിലുള്‍പ്പെടെ വിവിധ ഘട്ടങ്ങളില്‍ കെ.സി. രാമചന്ദ്രന്റെ പങ്ക് വ്യക്തമായതായി പോലീസ് പറഞ്ഞു. ‘ക്വട്ടേഷന്‍’ സംഘത്തിന് പണം നല്‍കിയതിലും ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തതിലും രാമചന്ദ്രന് പ്രധാന പങ്കുണ്ട്. സംഘാഗങ്ങള്‍ മാറി മാറി ഉപയോഗിച്ച പല മൊബൈല്‍ ഫോണുകളിലേക്കും പലപ്പോഴായി രാമചന്ദ്രന്‍ ബന്ധപ്പെട്ടതായും വ്യക്തമായിട്ടുണ്ട്.
സി.പി.എമ്മിന്റെ പാനൂര്‍, ഒഞ്ചിയം ഏരിയാ കമ്മിറ്റികള്‍ക്ക് ടി.പി. വധത്തെക്കുറിച്ച് നേരത്തെ ധാരണയുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണസംഘം കോടതിയില്‍ നല്‍കിയ രേഖയില്‍ വ്യക്തമാക്കി.
അറസ്റ്റിലായ പടയങ്കണ്ടി രവീന്ദ്രനെ വിട്ടുകിട്ടാന്‍ സമര്‍പിച്ച അപേക്ഷയിലാണ് ഈ വിവരമുള്ളത്. മാഹി പന്തക്കലിലെ ഒരു ബാറില്‍ വെച്ചാണ് ഏറ്റവുമൊടുവിലത്തെ ഗൂഢാലോചന നടന്നതെന്നും സംശയമുണ്ടെന്ന് രേഖയില്‍ പറയുന്നു.
രാമചന്ദ്രന്റെയും ചൊവ്വാഴ്ച അറസ്റ്റിലായ രവീന്ദ്രന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാവും ഉയര്‍ന്ന സി.പി.എം. നേതാക്കളിലേക്ക് അന്വേഷണം പുരോഗമിക്കുക.
കൊലപാതകത്തിനുമുമ്പ് ആയുധങ്ങള്‍ സൂക്ഷിച്ചവരും വിവരങ്ങള്‍ കൈമാറിയവരും ‘ക്വട്ടേഷന്‍’ സംഘത്തിന് രക്ഷപ്പെടാനും മറ്റും സഹായം ചെയ്തവരുമാണ് ബുധനാഴ്ച അറസ്റ്റിലായ മറ്റു മൂന്നു പേര്‍.
ഇതിനിടെ, ചൊവ്വാഴ്ച രാത്രി കെ.സി. രാമചന്ദ്രന്റെ കുന്നുമ്മക്കരയിലെ വീടിനുനേരേ അജ്ഞാതസംഘത്തിന്റെ ആക്രമണവും തീവെപ്പും നടന്നു. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
അറസ്റ്റിലായ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സി.പി.എം. നേതാക്കളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ ചില ഏരിയാ കമ്മിറ്റി അംഗങ്ങളും മുന്‍ ഏരിയാ സെക്രട്ടറിയും ഉണ്ടെന്നാണ് സൂചന. കൂടുതല്‍ അറസ്റ്റുകള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും. ഇതുവരെ അറസ്റ്റിലായ ആരും മുഖ്യപ്രതിസ്ഥാനത്ത് ഉള്ളവരല്ല.
Discussion about this post