തിരുവനന്തപുരം: നഗരത്തിലെ മാലിന്യം രണ്ടുദിവസത്തിനകം നീക്കിത്തുടങ്ങുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം രാജാജി നഗറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ നിര്‍മാര്‍ജനമാണ് കേരളത്തില്‍ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന്. മാലിന്യ സംസ്‌കരണ പ്‌ളാന്റ് എവിടെയും സ്ഥാപിക്കാന്‍ പാടില്ലെന്ന നിലപാടാണ്‌പൊതുവെ ജനങ്ങള്‍ക്കുള്ളത്. റെയില്‍വേയുടെ സ്ഥലം നികത്താന്‍ മാലിന്യവും മണ്ണും ചേര്‍ത്ത് ഉപയോഗിക്കാന്‍ ധാരണയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രതിദിനം 500 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള വലിയ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. ഒന്നിന് ടെന്‍ഡര്‍ വിളിച്ചു. ഒന്നര വര്‍ഷത്തിനകം മൂന്നിടത്തും പ്‌ളാന്റ് ആരംഭിക്കാന്‍ കഴിയും. തിരുവനന്തപുരത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു പ്‌ളാന്റ് സ്ഥാപിക്കാനും നടപടിയായി. പ്രതിദിനം 35 ടണ്‍ ശേഷിയുള്ള പ്‌ളാന്റിന് ടെന്‍ഡര്‍ വിളിച്ചു. ആറുമാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. മൊബൈല്‍ ഇന്‍സിനറേറ്ററിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതും ഉടന്‍ നടപ്പിലാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post