തിരുവനന്തപുരം: അനന്തപുരിക്കിനി മാമ്പഴക്കാലം. മാമ്പഴത്തിന്റെ നിറവും മണവും മാധുര്യവും നിറച്ച് ദേശീയ മാമ്പഴോല്‍സവത്തിന് കനകക്കുന്നില്‍ തുടക്കമായി. വരുന്ന പത്തു നാളുകളില്‍ അനന്തപുരി മധുരത്തിന്റെ തലസ്ഥാനമാകും. മനംകുളിര്‍പ്പിക്കുന്ന നാട്ടുമാധുര്യവും മറുനാടന്‍ കൌതുകങ്ങളും ഇനി ഇവിടെ നിറയും. രസമാങ്ങ, പഞ്ചാരമാങ്ങ, കാട്ടുമാങ്ങ, വെള്ളരിമാങ്ങ, അല്‍ഫോണ്‍സ, പനഞ്ചിറവരിക്ക, ജഹാംഗീര്‍, ജാംബവരിക്ക, കപ്പമാങ്ങ, എച്ച്-45, എച്ച്-87, എച്ച്-51, എച്ച്-56, ചെറിമാങ്ങ, ഗദംബരി, ചിറ്റൂര്‍, റാണി, മല്‍ഗോവ, ഗോമാങ്ങ, ഗുണ്ടു മുതലായ എഴുപത് ഇനങ്ങളോളം ഇവിടെ പ്രദര്‍ശനത്തിനുണ്ട്. മാമ്പഴ ഇനങ്ങളില്‍ ഏറ്റവും ചെറിയ സക്കരക്കട്ടി മുതല്‍ വലിയ ഇനമായ ജവാന്‍ പസന്ത് വരെ മേളയുടെ ആകര്‍ഷണമായി രംഗത്തുണ്ട്. ഇരുപത്തഞ്ചോളം ഇനങ്ങളിലുള്ള മാമ്പഴങ്ങള്‍ വാങ്ങാനുള്ള സൌകര്യവും ഇവിടെയുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ മാംഗോ ഗ്രോവേഴ്സ് അസോസിയേഷന്‍ കേരളയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
മാവു കൃഷിയില്‍ വിത്തു മുതല്‍ വിപണനം വരെയുള്ള ഘട്ടങ്ങളെ സംബന്ധിച്ച പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 27 വരെ പത്ത് ദിവസങ്ങളിലായാണ് ദേശീയ മാമ്പഴോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് തലസ്ഥാനത്ത് മാമ്പഴോത്സവം എത്തുന്നത്. വിപണി വരെയുള്ള നൂതന സാങ്കേതികവിദ്യകള്‍ കര്‍ഷകര്‍ക്ക് കൈമാറാനുമാണ് മാമ്പഴോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.വിവിധ മാവിനങ്ങളുടെയും നടീല്‍ വസ്തുക്കളുടെയും വില്‍പനയും വിത്തു മുതല്‍ വിപണനം വരെയുള്ള ഘട്ടങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടക്കുന്നു.
മാമ്പഴോല്‍സവത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി കെ.പി മോഹനന്‍ നിര്‍വഹിച്ചു. കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ മാമ്പഴോത്സവത്തിലൂടെ കഴിയുമെന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ മേഖലയും നാം ഉപയോഗിക്കണം. അട്ടപ്പാടിയില്‍ രൂപീകരിച്ച അക്ഷയപാത്രം പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അട്ടപ്പാടി പഴം പച്ചക്കറികളുടെ പ്രധാന കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായമെന്ന നിലയില്‍ ഹൈടെക്ക് ഫാമിംഗ് സംഘടിപ്പിച്ചാല്‍ മാത്രമേ യുവജനങ്ങള്‍ ഈ മേഖലയിലേക്ക് വരുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. മേളയിലെ പവലിയനുകളുടെ ഉദ്ഘാടനം ചടങ്ങില്‍ കെ മുരളീധരന്‍ എം എല്‍ എ നിര്‍വഹിച്ചു.സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍
ഡോ. കെ പ്രതാപന്‍, കൃഷി വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐ എ എസ്, വാര്‍ഡ് കൌണ്‍സിലര്‍ ലീലാമ്മ ഐസക്ക്, പി പി എം സെല്‍ ഡയറക്ടര്‍ പി രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, മാംഗോ ഗ്രോവേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ബി മോഹന്‍ കുമാര്‍ എന്നിവരും സംബന്ധിച്ചു.
Discussion about this post