കൊല്ലം: കടലില്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി മിലിയാനോയും സാല്‍വത്തോറെ ജിറോണും സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ജാമ്യം കൊടുത്താല്‍ വിചാരണയ്ക്കു പ്രതികളെ കിട്ടുമോ എന്ന കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഉറപ്പ് വിചാരണക്കോടതിക്ക് അംഗീകരിക്കാനാവില്ല. കേസിന്റെ പ്രാധാന്യവും പൊതുതാല്‍പര്യവും പരിഗണിച്ച് ഉടന്‍ വിചാരണ തുടങ്ങണമെന്നും ജഡ്ജി പി.ഡി.രാജന്‍ ഉത്തരവിട്ടു.
ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ചയാണ് വാദം തുടങ്ങിയത്. കേസന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിക്കണമെന്ന് നാവികര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ജാമ്യത്തിനായി എന്ത് നിബന്ധന മുന്നോട്ടുവച്ചാലും നാവികരും ഇറ്റലിയും അംഗീകരിക്കുമെന്നും അഭിഭാഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാകില്ല എന്ന നിലപാടില്‍ പ്രോസിക്യൂഷന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ടുള്ള പൊലീസിന്റെ കുറ്റപത്രമാണ് ഇന്നലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്റിക്ക ലെക്‌സി കപ്പലില്‍ നിന്നു 12 റൗണ്ട് വെടിയുതിര്‍ത്ത ലസ്‌തോറെ മാസിമിലിയാനോയും എട്ടു റൗണ്ട് വെടിയുതിര്‍ത്ത സാല്‍വത്തോറെ ജിറോണുമാണ് ഒന്നും രണ്ടും പ്രതികള്‍.
അറസ്റ്റ് നടന്നു 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നത് മുന്‍നിര്‍ത്തിയാണ് കാലാവധി പൂര്‍ത്തിയാവുന്നത് മുന്‍പ് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആലപ്പുഴ തീരത്തുനിന്ന് 20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണു സംഭവം നടന്നതെന്നു കുറ്റപത്രത്തില്‍ പറയുന്നു.
Discussion about this post