*സ്വാമി ജ്ഞാനാന്ദസരസ്വതി*
നാം എവിടെനിന്നു ജനിച്ചു വന്നുവെന്നോ, എവിടെ മരിച്ചുപോകുന്നുവെന്നോ, ഇവിടെ എന്താവശ്യത്തിനുവേണ്ടി വന്നുവെന്നോ അറിയാതെതന്നെയാണ് അധികപേരും ജീവിക്കുന്നത്. ദുര്‍ല്ലഭം ചിലര്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാമെന്നു താല്‍പ്പര്യമുദിക്കാറുണ്ട്. അങ്ങനെയുള്ളവര്‍ കഴിവുപോലെ ചില അന്വേഷണങ്ങള്‍ നടത്താറുമുണ്ട്, അന്ധമായ തന്റെ അന്തഃകരണത്തിലും തന്നെപ്പോലെതന്നെ ഒന്നും അറിയാത്ത മറ്റുളളവരുടെ ഇടയിലുമാണ് അന്വേഷണം നടത്തുന്നത്. അല്ലാതെ മറ്റെവിടെ അന്വേഷിക്കാനാണ്! മിക്കവാറും ആവക കാര്യങ്ങളൊന്നും അറിയേണ്ട ആവശ്യമില്ലെന്നുള്ളവരാണ് പലരും. അങ്ങനെയുള്ളവരുടെ ഇടയില്‍ പോയി ഈവക കാര്യങ്ങളെപ്പറ്റി ചര്‍ച്ചയ്‌ക്കൊരുങ്ങിയാല്‍ പറയുന്നവനു ഭ്രാന്താണെന്നുപോലും പറയാന്‍ മടിക്കാത്തവരാണ് അവര്‍, അങ്ങനെ കുറച്ചുകാലം പിടികിട്ടാത്ത വിഷയങ്ങളെപ്പറ്റി അന്വേഷിച്ചതിന്റെ ഫലമായി അവ്യക്തങ്ങളും അര്‍ദ്ധസത്യങ്ങളുമായ ചില വിശ്വാസങ്ങളില്‍ എത്തിപ്പെടും. അതുകൊണ്ടും തൃപ്തിപ്പെടാതെ ജിജ്ഞാസ വളരുമ്പോള്‍ യാദൃശ്ചികമായോ, തക്ക കാരണത്താലോ മതത്തെപ്പറ്റിയും തത്ത്വശാസ്ത്രങ്ങളെപ്പറ്റിയും അറിയാനിടയാവും, കേവലം ചില ചടങ്ങുകള്‍ മാത്രമാണ് മതമെന്നും, അവ മിക്കവാറും അന്ധവിശ്വാസങ്ങളുടെ സന്താനങ്ങളാണെന്നും വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് തന്റെ വിശ്വാസം തെറ്റാണെന്നും, അറിവിന്റേയും സംസ്‌കാരത്തിന്റേയും സമ്പൂര്‍ണ്ണതയാണ് മതമെന്നും ബോദ്ധ്യമാവും.
ധര്‍മ്മശാസ്ത്രങ്ങളും തത്ത്വശാസ്ത്രങ്ങളും എന്നിങ്ങനെ രണ്ടു വിഭാഗമുള്ളതാണ്. മതം. പ്രായേണ എല്ലാ മതങ്ങളുടേയും സ്വഭാവം അതുതന്നെയാണ്. ധര്‍മ്മശാസ്ത്രമാണ്, ആചരണങ്ങളേയും ജീവിതരീതിയേയും ചിട്ടപ്പെടുത്തുന്നത്. ധര്‍മ്മശാസ്ത്രങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് എല്ലാവരും ജീവിക്കേണ്ടതെന്നാണ് നിയമം. ധാര്‍മ്മികമായ പ്രസ്തുത ജീവിതംകൊണ്ട് ചിത്തശുദ്ധിയും ബുദ്ധികൂര്‍മ്മതയുമുണ്ടാവുമ്പോള്‍ തത്ത്വശാസ്ത്രപരങ്ങളായ ഗ്രന്ഥങ്ങളെ വായിക്കാനും വായിച്ചവയെ മനസ്സിലാക്കാനും കഴിവുണ്ടാവും. വേദങ്ങള്‍, ഉപവേദങ്ങള്‍, വേദാംഗങ്ങള്‍, ദര്‍ശനങ്ങള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, പ്രകരണങ്ങള്‍, സംഹിതകള്‍ എന്നിങ്ങനെ അനേക വകുപ്പുകളായി പരന്നുകിടക്കുന്ന തത്ത്വശാസ്ത്രപരമ്പരകളില്‍ ഓരോ വകുപ്പിലും ആയിരക്കണക്കിലുള്ള ഗ്രന്ഥങ്ങളുണ്ടെന്നും ബോദ്ധ്യമാവും. എങ്കിലും ചിലതൊക്കെ വായിച്ചു മനസ്സിലാക്കുമ്പോള്‍ എല്ലാ ഗ്രന്ഥങ്ങളും വായിക്കേണ്ട ആവശ്യമില്ലെന്നും, ചിലതൊക്കെ അറിയാറാവുമെന്നും ബോദ്ധ്യമാവും.
ജീവന്‍, ഈശ്വരന്‍, ജഗത്ത് എന്നീ മൂന്നു ഘടകങ്ങളുടെ സമാഹാരമാണ് പ്രപഞ്ചം. കര്‍ത്താവും ഭോക്താവുമായ താന്‍ ജീവനാണ്. തന്റെ കര്‍മ്മത്തിന്റേയും ഭോഗത്തിന്റേയും ആകെത്തുകയാണ് ജഗത്ത്. ഈശ്വരന്‍ രണ്ടിനും സാക്ഷിയുമാണ്. ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നീ മൂന്നു കരണങ്ങളാണ് ജീവന്റെ മുഖ്യങ്ങളായ ഉപാധികള്‍. ഇന്ദ്രിയങ്ങള്‍വഴി ജാഗ്രദവസ്ഥയില്‍ പുറമെയുള്ള സ്ഥൂലപ്രപഞ്ചത്തേയും, സ്വപ്‌നാവസ്ഥയില്‍ മനസ്സില്‍ക്കൂടെ അകത്തുള്ള സൂക്ഷ്മപ്രപഞ്ചത്തേയും, പ്രസ്തുത രണ്ടുവിധ പ്രപഞ്ചങ്ങള്‍ക്കും കാരണമായ അവിദ്യയെയും സുഷുപ്ത്യവസ്ഥയില്‍ ബുദ്ധികൊണ്ടും ജീവനനുഭവിക്കുന്നു. പ്രസ്തുത മൂന്നുവിധം അനുഭവവും ഇല്ലാത്ത സമയം എപ്പോഴും ഇല്ലെന്നതിനാല്‍ ജനനം മുതല്‍ മരണംവരെ ജീവന്റെ അനുഭവം പ്രപഞ്ചം മാത്രമാണ്. പ്രപഞ്ചം സത്യമോ ചേതനാത്മകമോ അല്ല; അസത്യവും ജഡവുമാണ്. അവയോടുള്ള നിത്യ സംബന്ധം ജീവനേയും ഒരുവിധം ജഡവസ്തുവാക്കിയിരിക്കുകയാണ്. വാസ്തവത്തില്‍ ജീവന്‍ ഈശ്വരന്റെ അംശമാകായാല്‍ ജഡമല്ല; അചേതനവുമല്ല, ചൈതന്യസ്വരൂപനും സത്യവസ്തുവും ആനന്ദമയനുമാണ്. പക്ഷേ സത്യവസ്തുവും ആനന്ദമയനുമാണ്. പക്ഷേ കഥയൊക്കെ മറന്ന് ജഗത്തിന്റെ നിത്യസമ്പര്‍ക്കംകൊണ്ടു ജഗന്മയനായിരിക്കുകയാണ്. ഈ നിലയാണ് അജ്ഞാനം. ജാഗ്രദാദി അവസ്ഥാത്രയത്തെയോ ഇന്ദ്രിയാദി കരണത്രയത്തെയോ വിടാന്‍ കഴിയുന്നില്ലെന്നതു ബന്ധവുമാണ് അജ്ഞനും ബദ്ധനുമാണ് ജീവനെന്നതുകൊണ്ട് നിത്യദുഃഖിയുമാണ്. ജ്ഞാനംകൊണ്ടു മാത്രമേ ഈ ദുരവസ്ഥയില്‍നിന്നു രക്ഷകിട്ടാന്‍ പോവുന്നുള്ളൂ. ഈശ്വരനെ അറിയല്‍തന്നെ ജ്ഞാനം. അറിഞ്ഞുകഴിയുമ്പോള്‍ താനും ഈശ്വരനും ഒന്നാണെന്നു ബോദ്ധ്യമാവും. അപ്പോള്‍ അജ്ഞാനവും ബന്ധവും നീങ്ങി നിരുപാധികനായി ഈശ്വരനോടുകൂടിച്ചേര്‍ന്ന് ഒന്നായിത്തീരുകയും ചെയ്യും. ഈ അവസ്ഥതന്നെ മോക്ഷം.
മോക്ഷമാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് നിസ്സംശയസ്വരൂപേണ ഉദ്‌ബോധിപ്പിക്കുന്ന തത്ത്വശാസ്ത്രങ്ങള്‍, മോക്ഷപ്രാപ്തിക്കു ചെയ്യേണ്ട സാധനാനുഷ്ഠാനസമ്പ്രദായങ്ങളേയും വിവരിക്കുന്നു അദ്ധ്യാത്മശാസ്ത്രങ്ങള്‍. ഈ ലോകമോ ലോകാനുഭവങ്ങളോ സത്യമോ സുഖമോ അല്ലെന്നും അതിനാല്‍ അവയുടെ പിടിയില്‍നിന്നു നിശ്ശേഷം വിട്ടുപോരല്‍ തന്നെയാണ് ജീവിതലക്ഷ്യമെന്നും ആവര്‍ത്തിച്ചുദ്‌ബോധിപ്പിക്കുന്നു തത്ത്വശാസ്ത്രങ്ങള്‍. ജനിച്ച എല്ലാ ജീവികള്‍ക്കും മരണം നിയതമാണ്. മരണത്തിനുമുമ്പ് മോക്ഷപ്രാപ്തി സാധിച്ചിട്ടില്ലെങ്കില്‍ വീണ്ടും ജനനമരണങ്ങള്‍ ആവര്‍ത്തേക്കേണ്ടിവരും. അങ്ങനെ തുടര്‍ച്ചയായി ജനനമരണങ്ങളെ ആവര്‍ത്തിച്ചനുഭവിക്കേണ്ടി വരുന്ന ജീവന് ആ അനുഭവത്തില്‍നിന്നുവിട്ടുപോരല്‍ തന്നെയാണ് രക്ഷ. അത് മനുഷ്യനായി ജനിക്കുമ്പോള്‍മാത്രമേ അറിയാനും പ്രാപിക്കാനും സാധിക്കുകയുള്ളൂ. എപ്പോഴും മനുഷ്യശരീരം കിട്ടുമെന്നു വിശ്വസിക്കാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ കര്‍മ്മമാണ് ജനനമരണങ്ങള്‍ക്കും ജീവിതത്തിനും കാരണം. അതിനാല്‍ ഓരോരുത്തരിലും അപ്പഴപ്പോള്‍ ശേഷിച്ചിരിക്കുന്ന കര്‍മ്മവാസനകളാണ് അവരവരുടെ ജനനമരണങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. മനുഷ്യജീവിതതത്തില്‍ മാത്രമേ കര്‍മ്മം ചെയ്യുന്നുള്ളൂവെങ്കിലും എപ്പോഴും ചെയ്യപ്പെടുന്ന കര്‍മ്മങ്ങള്‍ നല്ലവയായിക്കൊള്ളണമെന്നില്ല. എന്തുകൊണ്ടെന്നാല്‍ അജ്ഞാനകാര്യമാണ് കര്‍മ്മമെന്നതിനാല്‍ അജ്ഞാനം വര്‍ദ്ധിക്കുംതോറും കര്‍മ്മം ദുഷിച്ചതാവാനേ ഇടയുള്ളൂ. അതിനാല്‍ മനുഷ്യജീവിതം സാധിച്ചുകഴിഞ്ഞാല്‍ സത്കര്‍മ്മങ്ങള്‍ ചെയ്യാനും മനസ്സിന്റെ അശുദ്ധികളെ നീക്കി സത്യവും അദ്വിതീയവുമായ ജ്ഞാനത്തെ സമ്പാദിക്കാനും പ്രയത്‌നിക്കണം. അതുകൊണ്ടുമാത്രമേ ജന്മസാഫല്യമായ മോക്ഷപ്രാപ്തിയുണ്ടാവൂ.
കൂടാതെ സദാചാരനിഷ്ഠനും ധാര്‍മ്മികനുമായി ജീവിക്കണമെന്നതും മതത്തിന്റെ അന്തഃസത്തയുടെ ഒരംശമാണ്. മോക്ഷത്തില്‍ താല്‍പ്പര്യമോ പ്രവൃത്തിയോ ഇല്ലാത്തവര്‍കൂടി സദാചാരനിരതന്മാരും, സത്കര്‍മ്മികളും, ധര്‍മ്മനിഷ്ഠന്മാരുമായി ജീവിക്കണമെന്നതും മതത്തിന്റെ അനിഷേദ്ധ്യമായ നിര്‍ദ്ദേശമാണ്. എന്തുകൊണ്ടെന്നാല്‍ സുഖസമാധാനങ്ങളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുവേണ്ടായാണ് എല്ലാവരും എപ്പോഴും പ്രയത്‌നിക്കുന്നതും. എന്നാല്‍ സുഖസമാധാനങ്ങള്‍ ധര്‍മ്മാചരണത്തിന്റേയും സദാചാരനിഷ്ഠയുടേയും ഫലങ്ങളാണ്. ദുരാചാരിയും അധര്‍മ്മിയുമായ ഒരാള്‍ക്ക് സുഖമോ സമാധാനമോ ഉണ്ടാവാന്‍ വയ്യ. അതിനാല്‍ തന്റേയും മററുള്ളവരുടേയും സുഖസമാധാനങ്ങള്‍ക്കുവേണ്ടി എല്ലാവരും എപ്പോഴും ധാര്‍മ്മികന്മാരും സദാചാരനിഷ്ഠന്മാരുമായി ജീവിക്കേണ്ടതാവശ്യമാണ്. അപ്പോള്‍ സദാചാരപരമായ ധാര്‍മ്മികജീവിതവും, ജീവേശ്വരൈക്യമാകുന്ന മോക്ഷവുമാണ് മതങ്ങളുടെയെല്ലാം അന്തഃസത്തയെന്ന് ഇത്രയും പറഞ്ഞതില്‍നിന്നു വ്യക്തമാവുന്നുണ്ടല്ലോ. ഇത് ഒരു മതത്തിന്റേതല്ല; എല്ലാ മതങ്ങളുടേയും.
എല്ലാ കാലത്തേയ്ക്കും എല്ലാ ദേശത്തേയ്ക്കും എല്ലാ മനുഷ്യന്മാര്‍ക്കുംകൂടി ഒരീശ്വരനേ ഉള്ളൂ. അനേകമീശ്വരന്മാരില്ല. ആ ഈശ്വരനെ പലരും പലപ്രകാരത്തില്‍ അറിയുകയും പറയുകയും ചെയ്യുന്നു. ഈശ്വര പ്രാപ്തിയാകുന്ന മോക്ഷത്തെ പലപ്രകാരത്തില്‍ നിര്‍വചിക്കുകയും അതിനുവേണ്ടിയുള്ള ആചരണങ്ങളെ പല സ്വരൂപങ്ങളില്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുന്നു. അനേകമതങ്ങളുടെ അടിസ്ഥാനവും ഇതുതന്നെയെന്നു കരുതാം. അതിനു കാലദേശങ്ങളും സംസ്‌കാരവിശേഷണങ്ങളും കാരണമായിരിക്കുകയും ചെയ്യാം. അതെന്തൊക്കെയായാലും എല്ലാ മതങ്ങളുടേയും ലക്ഷ്യവും അന്തസത്തയും ഒന്നുതന്നെയെന്നു പറയുന്നതില്‍ അബദ്ധമുണ്ടെന്നു തോന്നുന്നില്ല.
Discussion about this post