കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും. സ്വര്‍ണക്കൊള്ള വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറും. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണപാളികളുടെ തൂക്കത്തില്‍ ഗണ്യമായ കുറവുണ്ടായി എന്നാണ് കണ്ടെത്തല്‍. ബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019-ല്‍ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലന്‍സ് എത്തിയതായി സൂചനയുണ്ട് .സ്വര്‍ണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയാണ്. ചെന്നൈയിലെത്തും മുന്‍പേ ശില്‍പ പാളികള്‍ വിറ്റിരിക്കാമെന്ന് ദേവസ്വം വിജിലന്‍സ് കരുതുന്നു.
ഇതടക്കം ഗുരുതര കണ്ടെത്തലുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ ചെമ്പടക്കം മറിച്ചു വിറ്റു എന്ന നിര്‍ണായക മൊഴി ദേവസ്വം വിജിലന്‍സിന് ലഭിച്ചു. ചെന്നൈയില്‍ സ്വര്‍ണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളി ആയിരുന്നെന്നും സ്വര്‍ണം പൊതിഞ്ഞവ
ആയിരുന്നില്ലെന്നും കാലപ്പഴക്കവും ഉണ്ടായിരുന്നില്ലന്നും മൊഴിയുണ്ട്. ഈ സ്ഥിരീകരണം സ്മാര്‍ട്ട് ക്രീയേഷന്‍സ് സി ഇ ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയിലാണുള്ളത്. ഇതോടെ ചെന്നൈയിലെത്തും മുന്‍പ് ദ്വാരപാലക ശില്‍പപാളികള്‍ വിറ്റിരിക്കാമെന്ന് ദേവസ്വം വിജിലന്‍സ് കരുതുന്നു.
സ്വര്‍ണപ്പാളികള്‍ കേരളത്തിനു വെളിയില്‍ ആര്‍ക്കോ നല്‍കിയെന്നാണ് സൂചന. പാളിയുടെയോ സ്വര്‍ണത്തിന്റെയോ വിപണിവിലയല്ല ഇതിനുണ്ടായിരിക്കുന്നത് . ശബരിമല ശ്രീകോവിലിന്റെ ഭിത്തിയിലെ ശില്പങ്ങളുടെ പാളി എന്ന നിലയില്‍ അമൂല്യമായ ഒരു വസ്തുവാണിത്.
ഇത്തരം വസ്തുക്കള്‍ എന്തുവിലനല്‍കിയും വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്ന ചിലരുണ്ട്. അവരില്‍നിന്ന് വന്‍തുകവാങ്ങി ഉണ്ണികൃഷ്ണന്‍പോറ്റി കൈമാറിയിരിക്കാമെന്നാണ് നിഗമനം.