തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്‍ പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം. കേരളത്തിലെ സംഘ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന നല്‍കിയ ധന്യാത്മാവാണ് അദ്ദേഹമെന്നും ആ ദീപ്തസ്മരണയ്ക്ക് മുന്നില്‍ ഭാരതീയ വിചാര കേന്ദ്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു.
ഒരു നിഷ്ഠാവാനായ സ്വയംസേവകന്‍ എന്ന നിലയില്‍ അദ്ദേഹം സ്വയം സൃഷ്ടിച്ച മാതൃക ഏവരുടെയും ആദരവ് നേടിയിട്ടുണ്ട്. അറിയപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റും, മാണിക്യമംഗലം പറയത്തു കുടുംബാംഗവുമായ മേനോന്‍ സാര്‍ 1980 കളോടെയാണ് സംഘപ്രസ്ഥാനത്തില്‍ സജീവമാകാന്‍ തുടങ്ങിയത്. സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും ആധ്യാത്മിക സാധകനുമായിരുന്ന സ്വര്‍ഗീയ പി മാധവജിയില്‍ നിന്ന് കിട്ടിയ പ്രേരണയാലാണ് ആദ്യം ക്ഷേത്ര സംരക്ഷണ സമിതിയിലും, പിന്നീട് സംഘത്തിലും മറ്റും നിരവധി ചുമതലകള്‍ ഏറ്റെടുക്കാന്‍ അദ്ദേഹം മുന്നോട്ടു വന്നത്.
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ മേനോന്‍ സാറിന്റെ സംഭാവന നിസ്തുലമാണ്. സൗമ്യനും മൃദുഭാഷിയുമായിരുന്ന അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പ്രവര്‍ത്തകര്‍ക്ക് ഏറെ ഉത്സാഹവും ആത്മവിശ്വാസവും പകരുന്നതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.