കണ്ണൂര്‍: മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്തതു ശരിയായില്ലെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്കു മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മറുപടി. മാധ്യമങ്ങള്‍ക്കെതിരെ കോടതിയില്‍ പോയത് തെറ്റല്ല. സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി അനുസരിച്ചാണ് കോടതിയെ സമീപിച്ചത്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വിലക്കായി കാണേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ഒളിവില്‍ പോയിട്ടില്ല, മണി ഇടുക്കിയില്‍ തന്നെയുണ്ട്. ഇന്നു രാവിലെയും എന്നെ വിളിച്ചു. മണി ഒളിവിലാണെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണ്, മണിയുടെ പ്രസംഗം വലിയ കാര്യമായി മാധ്യമങ്ങള്‍ പറഞ്ഞു നടക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
കേസെടുത്ത് പാര്‍ട്ടിയെ ഒതുക്കാന്‍ ശമിക്കേണ്ടെന്നും പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അക്രമത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ ഇനിയും പേരെടുത്തുപറഞ്ഞ് വിമര്‍ശിക്കുമെന്നും പിണറായി പറഞ്ഞു. പയ്യന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.
Discussion about this post