ഡോ. ചെന്നിത്തല കൃഷ്ണന്‍നായര്‍
ഭാരതീയ പ്രതിഭയുടെ സ്ത്രീസങ്കല്പത്തെക്കുറിച്ചുള്ള ഉദാത്തവും ബൃഹത്തുമായ ഭാവം സ്വരൂപപ്പെട്ടതാണ് പാണ്ഡവമാതാവായ കുന്തിഭോജതനയ, ലജ്ജാവതിയായ കുമാരി, പരിചരണതല്പരയായ ബാലിക, പതിപരായണയായ ഭാര്യ, വാത്സല്യനിധിയും ശിക്ഷണപ്രവീണയും, ലക്ഷ്യബോധമുള്ള ഉപദേഷ്ടാവുമായ അമ്മ, അന്തസ്സും കുലീനതയുമുള്ള റാണി, ത്യാഗിയും സേവാതല്പരയുമായ അനുജത്തി എന്നിങ്ങനെ എത്ര എത്ര ഭാവങ്ങളാണോ അവരില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. ത്രികാലജ്ഞനും, ജീവിതതത്ത്വവേദിയും അചേതനങ്ങളുടെപോലും ഹൃദയപിപഠിഷുവുമായ വ്യാസദേവന്റെ നിര്‍മ്മിതിയല്ലേ അവര്‍? അങ്ങിനെ ആ കുന്തി ഇല്ലെങ്കിലേ അതിശയിക്കാനുള്ളൂ. എല്ലാ നാരീഭാവങ്ങളും ഒത്തുചേര്‍ന്ന് ഒരിടത്തു കാണണമെന്ന ആഗ്രഹത്തില്‍ ഭാരതത്തിന്റെ സംസ്‌ക്കാരനായകനായ ‘ശുകുഗുരു’ നിര്‍മ്മിച്ചതാണ് ഈ കുന്തിയെ, ഈ പാണ്ഡുമഹിഷിയെപ്പറ്റി പലതും, തല്‍സ്രഷ്ടാവുതന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. അതിനേപ്പറ്റിയൊക്കെ ചര്‍ച്ചകളും, വിചിന്തനങ്ങളും ഒക്കെ നടന്നുപോരുന്നു. തെറ്റിന്റെയും ആ തെറ്റു നല്കിയ ദുഃഖത്തിന്റെ അലയാഴിയില്‍ ആ മരണം യാതന അനുഭവിച്ച മറ്റൊരു കഥാപാത്രം കുന്തിയെപ്പോലെ പുരാണങ്ങളിലോ ലോകസാഹിത്യത്തിന്റെ തന്നെയോ കാണുകയില്ല. ഈ കുന്തിഭോജന്റെ ദത്തുപുത്രികാരണമാണ് ക്ഷത്രിയകുലാന്തം തന്നെ വരുത്തിയ മഹാഭാരതം ഉണ്ടായതെന്ന ഏറ്റവും മര്‍മ്മപ്രധാനമായ വശത്തേക്കു പ്രകാശം അധികം വീഴ്ത്തിയിട്ടില്ല എന്നാണ് തോന്നുന്നത്. കുന്തീകുമാരിയുടെ അഭിനിവേശം ഒരാകാംക്ഷയാണ് ഭാവിയില്‍ നടന്ന മഹാഭാരതയുദ്ധത്തിനു വിപത്തുപാകിയത് ഒരുപക്ഷേ, നമ്മുടെ പുരാണകഥാപാത്രങ്ങളില്‍ ആരുംതന്നെ സ്വന്തം തെറ്റിന് ഇത്രയും വലിയ ഒരു വില കൊടുത്തുകാണുകയില്ല.
കൗരമാപ്രായത്തില്‍ സൂര്യനില്‍നിന്നും കുന്തി ഗര്‍ഭം ധരിക്കുകയും, പ്രസവിച്ച ഉടന്‍തന്നെ ആ കുട്ടിയെ നദിയില്‍ ഒഴുക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍, ആ കുട്ടി ദുര്യോധനപക്ഷത്തെത്തുമായിരുന്നില്ല. അങ്ങിനെ ഒരജയ്യനെ തങ്ങള്‍ക്കു സഖാവായി കിട്ടിയതുകൊണ്ടാണ് ദുര്യോധനന്‍, അര്‍ജ്ജുനനൊത്തുള്ള പാണ്ഡവരോടു വൈരംവച്ചത്. അയാള്‍ കലയുടെ അവതാരമാണ്. ‘ദുരു’വില്‍ ആരംഭിക്കുന്ന എല്ലാ പര്യായങ്ങളും അയാള്‍ക്കു ചേരും. അയാള്‍ ആരു പറഞ്ഞാലും അനുസരിക്കുകയില്ല എന്നതൊക്കെ ഇരുന്നാലും ഇത്ര ഉറച്ച നിലപാടിനു കാരണം കര്‍ണ്ണന്റെ ശക്തിയിലും സ്‌നേഹത്തിലും ബുദ്ധിയിലുമുള്ള വിശ്വാസമാണ്, താന്‍ ചെയ്യാന്‍പാടില്ലാത്ത തെറ്റു ചെയ്തിട്ട് അത് അവസാനംവരെ ഒളിച്ച് വെച്ച് സ്വന്തം അഭിമാനം അന്യദൃഷ്ടിയില്‍ പൊടിപറ്റാത്തതാക്കിച്ചെയ്തു കുന്തി. ഇത് വലിയ തെറ്റായി എന്ന് അവര്‍ക്കും ബോദ്ധ്യമായി. കാട്ടിലേക്കു പോകുന്ന സമയം അവര്‍ അത് ഏറ്റുപറയുകയും ചെയ്തു. പക്ഷെ വൈകിവരുന്ന വിവേകത്തിനു മഹത്ത്വമില്ലല്ലോ? ആ കര്‍ണ്ണകഥ തന്റെ മക്കളോടു പറഞ്ഞിരുന്നെങ്കില്‍, ഭ്രാതൃസ്‌നേഹികളായ അവര്‍ ഒരിക്കലും, ആ മൂത്ത ജ്യേഷ്ഠന് എതിര്‍നില്ക്കുമായിരുന്നില്ല. പാണ്ഡവരോടുള്ള ദുര്യോധനന്റെ ഏതൃപ്പു വഴിമുട്ടുമ്പോഴൊക്കെ യുക്തിയും ഉപായവും ബുദ്ധിപരമായ ഉപദേശവുംകൊണ്ട് മുന്നോട്ടു നയിച്ചതു കര്‍ണ്ണനാണ്. അങ്ങിനെ ഒരമ്മയുടെതന്നെ മക്കള്‍ പരസ്പരം ശത്രുക്കളായിനിന്ന് അരുംകൊല നടത്തുന്നതിനും ആ രഹസ്യം മൂടിവെയ്ക്കാന്‍ കാരണമായി.
കുന്തിയുടെ ജീവിതം ബാല്യം മുതലേ ദുഃഖനിമഗ്നമായിരുന്നു. ചുരുങ്ങിയപക്ഷം ദുര്‍വ്വാസാവിന്റെ മന്ത്രശക്തി പരീക്ഷിക്കാനുള്ള അഭിനിവേശമുണ്ടായ നിമിഷം മുതലെങ്കിലും ആ ദുഃഖം ആരംഭിച്ചു. ആ ദുഃഖത്തില്‍ അവര്‍ തന്നോട് ബന്ധപ്പെട്ടവരെയെല്ലാം മുക്കി. ഒരു തെറ്റിനെ തുടര്‍ന്നുണ്ടാകുന്ന അപരാധബോധം വിവേകിത കാണിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ മറ്റൊരു ദുഃഖത്തിന് അത് ബീജാധാനമാകുന്നു. കര്‍ണ്ണന്‍ പ്യഥാകുമാരിക്ക് സൂര്യനാകുന്ന മഹാദേവനു ജനിച്ച മകനാണ്. കവചകുണ്ഡലങ്ങളോടെയാണ് അയാള്‍ ജനിച്ചത്. അവ അണിഞ്ഞു നിലക്കുന്ന കര്‍ണ്ണനെ നേരിടാന്‍ കാലനുപോലും ഭയമുണ്ടാകും. വിദ്യ ആഭ്യസിച്ചത് അസത്രവിദ്യാപാരഗതനായ പരശുരാമനില്‍നിന്ന്. ആയുധവിദ്യയില്‍ അദ്ദേഹത്തിന് എത്രയോ പിന്നിലാണ് അര്‍ജ്ജുനന്‍.
ശാസ്ത്രവേദപുരാണപാരംഗതനായിരുന്നിട്ടും ചെന്നുപെട്ടതു ദുര്‍ബുദ്ധികളുടെകൂടെ. നീതിബോധവും ധര്‍മ്മശാസ്ത്രപടുത്വവും ‘മഹാഭാരത്’ത്തില്‍ കൃഷ്ണന്‍ കഴിഞ്ഞാല്‍പിന്നെ കര്‍ണ്ണനാണ്. ദൂതു കഴിഞ്ഞു മടങ്ങുമ്പോള്‍ കൃഷ്ണന്‍ അതു കര്‍ണ്ണനോടു തുറുന്നു പറയുകയും ചെയ്തല്ലോ? എന്നിട്ടും കര്‍ണ്ണന്‍ സൂതപുത്രനായ രാധേയനാണെന്ന് പറഞ്ഞ് എല്ലാവരാലും ആക്ഷിപ്തനായി ആരു കാരണം? കുന്തിയുടെ ആ പരിത്യാഗം കാരണമാണ് ഇത്ര ഉന്നതനായ ഒരു വ്യക്തി ഇത്ര മോശമായി സമൂഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷമാകാന്‍ കാരണം. പാണ്ഡവരോട് ആ ജന്മവൈരംവച്ചു പുലര്‍ത്തുന്ന അധര്‍മ്മപടുവായ ദുര്യോധനനുപോലും ബഹുമാനമുളവാക്കിയ ആകാരമോടിയും വ്യക്തിമാഹാത്മ്യവും, ആയോധനനൈപുണ്യവും ഉണ്ടായിട്ടും വെറും സൂതന്റെ മകനാക്കി മാറ്റിയ കുന്തിയുടെ നടപടി സ്വന്തം അഭിമാനം രക്ഷിക്കാന്‍ വേണ്ടി സമൂഹത്തിനു മുമ്പില്‍ നല്ലപിള്ള ചമയല്‍ മാത്രമായിരുന്നു. ശാപലബ്ധിക്കുശേഷം പാണ്ഡു മുനിദത്തമായ വിദ്യ ഉപയോഗിച്ച് സന്താനോല്പാദനം നടത്താന്‍ ഉപദേശിച്ചപ്പോഴെങ്കിലും ഈ സത്യം, വംശപരമ്പര നിലനിന്നു കാണാന്‍ അതിയായി ആഗ്രഹിച്ച അദ്ദേഹത്തോടു പറഞ്ഞിരുന്നെങ്കില്‍ മഹാഭാരതത്തിന്റെ അവസാനം മറ്റൊന്നാകുമായിരുന്നു.
ഈ അപരിഹാര്യമായ കളങ്കം കഴുകിക്കളയാന്‍ കുറച്ചൊന്നുമല്ല കുന്തി കണ്ണീരൊഴുക്കിയത്. ദുഃഖത്തിന്റെ ചൂടില്‍ അന്ധകാരത്തിന്റെ കട്ടി ഉരുകി ഒലിച്ചെങ്കിലും ആ മുഖചന്ദ്രന്‍ ഒട്ടും തെളിഞ്ഞില്ല. തന്റെ തെറ്റിനെപ്പറ്റി സദാ ഓര്‍മ്മയുണ്ടായിരുന്നു അവര്‍ക്ക്, ധാര്‍ത്തരാഷ്ട്രന്മാരുടെ ഹവനാഗ്നിയായ കുരുക്ഷേത്രയുദ്ധം നടക്കാന്‍ താനാണ് ഇടതടവില്ലാതെ ധര്‍മ്മജാദികളെ പ്രേരിപ്പിച്ചത്. വിദുളയുടെ കഥ പറഞ്ഞ് അവരെ ഉദ്ബുദ്ധരാക്കി. ഉദകക്രിയയ്ക്കായെങ്കിലും നൂറുപേരില്‍ ഒരാളെയെങ്കിലും അവശേഷിപ്പിക്കാഞ്ഞതെന്തേ എന്ന ഭഗവാന്‍ കൃഷ്ണനുപോലും ഉത്തരംമുട്ടിച്ച ഗാന്ധാരിയുടെ ചോദ്യത്തിനുപിന്നിലുള്ള കദനത്തിനു കാരണക്കാരി താനാണെന്നു കുന്തി നല്ലതുപോലെ അറിയുന്നു. ജനനം മുതല്‍ ആശങ്കയിലും ദുഃഖത്തിലും കഴിഞ്ഞ അവര്‍ക്ക് യുധിഷ്ഠരന്‍ ചക്രവര്‍ത്തിയായപ്പോള്‍പോലും മനസ്സമാധാനം കിട്ടിയില്ല. ഭീമാദികളുടെ ധൃതരാഷ്ട്രരോടുള്ള പെരുമാറ്റം കുന്തിയെ വളരെ വേദനിപ്പിച്ചു. ഒടുവില്‍ അവരുടെ നിയന്ത്രണങ്ങളെല്ലാം ഭേദിച്ചു ഭീമന്‍ ധൃതരാഷ്ട്രരോട് ധാര്‍ഷ്ട്യത്തില്‍ പറഞ്ഞ വാക്കുകള്‍ കുന്തിയുടെ ഹൃദയത്തിലാണ് ആഴത്തില്‍ തറച്ചത്. ഇതുപോലെ ഒരനുഭവം സഹസ്രാബ്ദങ്ങള്‍ക്കുശേഷം തന്റെ ശിഷ്യന്മാരാല്‍ അവഗണിക്കപ്പെട്ട ഗാന്ധിജിക്കേ ഉണ്ടായിട്ടുള്ളൂ. ആ ഹൃദയഗ്ലാനിയില്‍നിന്ന് രൂപപരിവര്‍ത്തനം വന്ന വിവേകിതയാണ് അവര്‍ക്ക് വനത്തിലേക്ക് ഭര്‍ത്തൃ സഹോദരനേയും ഭാര്യയേയും അനുഗമിപ്പാന്‍ പ്രേരണ നല്കിയത്. തന്റെ കടിഞ്ഞൂല്‍ പ്രസവത്തിലെ കുഞ്ഞിനോടു കാണിച്ച നിഷ്‌കാരുണ്യമല്ലേ ഈ ഒരു സാഹചര്യം അവര്‍ക്കു വരുത്തിവെച്ചത്?
കര്‍ണ്ണന്റെ ശക്തിയിലും വീരത്ത്വത്തിലും കുന്തിക്കു നല്ല മതിപ്പുണ്ടായിരുന്നു. കര്‍ണ്ണനോടൊത്തു നില്ക്കുന്ന കൗരവപക്ഷത്തെ തോല്പിക്കാന്‍ തന്റെ മക്കള്‍ അശക്തരാണെന്നവര്‍ അറിഞ്ഞു. അഭിമാനക്ഷതം പററിയ വീരന്‍ ക്ഷതമേറ്റ സര്‍പ്പത്തേക്കാള്‍ ഭീകരനാകും. കൃപാചാര്യന്‍ കര്‍ണ്ണനേ അധിക്ഷേപിച്ചത് അര്‍ജ്ജുനനുവേണ്ടിയാണ്. ആ തോല്‌വാറ്‌ഭേസേണ്ട കയ്യില്‍ പോര്‍വില്ല് എങ്ങനെ ഇണങ്ങുമെന്നറിയാന്‍ കര്‍ണ്ണന്‍ അവസരപ്പെട്ടരിക്കുകയാണ്. അതുകൊണ്ടാണ് രഹസ്യമായി ആ പരിത്യക്ത മകനെ കാണാന്‍ കുന്തി ഒരുമ്പെട്ടത്. കര്‍ണ്ണന്റെ സ്ഥിരനിശ്ചയത്തിലും സ്‌നേഹദാര്‍ഡ്യത്തിലും ആ മാതാവ് ആനന്ദം അനുഭവിച്ചിരിക്കാം. പാണ്ഡവരില്‍പോലും കാണാന്‍ ഞെരുങ്ങുന്ന ധര്‍മ്മബോധവും നീതികുശലതയും ഒരു നിമിഷത്തേക്കുപോലും മാതാവിന്റെ കടമകാട്ടാത്ത ആ അമ്മയുടെ മനശ്ശാന്തിക്കായി കര്‍ണ്ണന്‍ സത്യം ചെയ്യുന്നു. പാണ്ഡവരില്‍ അര്‍ജ്ജുനനെയല്ലാതെ, മറ്റാരെയും കൊല്ലുകയില്ല എന്ന്, അവസരം വന്നിട്ടുപോലും അയാള്‍ അതിനെതിരായി പ്രവര്‍ത്തിച്ചില്ല. യുധിഷ്ഠിരനെ വത്സലനായ അനുജനെപ്പോലെ കൂടാരത്തിലേക്ക് വിശ്രമത്തിനുവിട്ടു. ആ യുധിഷ്ഠരന്‍പോലും കര്‍ണ്ണന്‍ മരിച്ചില്ലെന്ന് അറിഞ്ഞപ്പോള്‍ കാണിച്ച ഈറ. വാസ്തവത്തില്‍ നമ്മുടെ ധര്‍മ്മബോധത്തെച്ചൊല്ലിയുള്ള ഊറ്റം കൊള്ളലില്‍ പരിഹസിക്കുകയായിരുന്നു കവി. തരം കിട്ടുമ്പോഴൊക്കെ ധര്‍മ്മാദികളുടെ പറച്ചിലും പെരുമാറ്റവും എടുത്തുകാട്ടി. തനിക്കറിയാവുന്ന തന്റെ അനുജന്റെ കൈകൊണ്ട് ആ ജ്യേഷ്ഠന്‍ മരിച്ചു. താനറിയാത്ത തന്റെ ജ്യേഷ്ഠനെ അര്‍ജ്ജുനന്‍ കൊന്നു. അതിനും സമാധാനം പറയേണ്ടതു കുന്തിതന്നെ.
കണ്ണുനീരില്‍ കുഴഞ്ഞ കണ്ണുമായി ഗാന്ധാരിയെ മുന്നില്‍ നടത്തി കൂടെ നടന്ന കുന്തി പറഞ്ഞതു ശ്രദ്ധിക്കുക. ‘ മഹാരാജാവേ, (ധര്‍മ്മപുത്രര്‍) ഒരിക്കലും സഹദേവനോട് അപ്രിയം നിനക്ക് ഉണ്ടാവരുത്. കര്‍ണ്ണനോട് മമത പുലര്‍ത്തണം. അയാളെ എപ്പോഴും ഓര്‍ക്കണം. അവനെ കാണാതായിട്ടും പൊട്ടിത്തെറിക്കാത്ത എന്റെ ഹൃദയം ഇരുമ്പാണ്. എനിക്ക് എന്തു ചയ്യാനുണ്ട് ഇനി? എന്റെ മകനാണ് കര്‍ണ്ണനെന്നറിയിക്കാത്തത് എന്റെ തെറ്റുതന്നെ. അയാള്‍ക്കുവേണ്ടി നീ അനുജന്മാരോടൊത്തു ദാനം ചെയ്യണം’ ഇവിടെ കുന്തീപ്രവ്രജ്യക്ക് രണ്ടു കാരണമുണ്ട്. അതിലൊന്ന്, ധൃതരാഷ്ട്രദമ്പതികളെ നിസ്സന്താനരാക്കി കാടേ ശരണാക്കിയതിന്റെ ഉത്തരവാദിത്വം തനിക്കാണ്. മറ്റൊന്ന്. താന്‍ കാരണമാണ് കര്‍ണ്ണന്‍ മരിക്കാനിടയായത്. അവര്‍ സ്വയം തീരുമാനിച്ചു; ധര്‍മ്മാദികള്‍ നല്‍കുന്ന രാജ്യസുഖം അനുഭവിക്കാന്‍ തനിക്കവകാശമില്ലെന്ന്. ഗാന്ധാരി ഭീമനോടു ചോദിച്ചല്ലോ; ‘ ഉണ്ണീ നീ തോല്‍വിപറ്റാതെ ഈ വൃദ്ധന്റെ നൂറു മക്കളേയും കൊന്നൊടുക്കുമ്പോള്‍, കുറച്ചുമാത്രം കുറ്റംചെയ്ത ഒരുവനെയെങ്കിലും ബാക്കിവെയക്കാഞ്ഞതെന്തേ? ഈ രണ്ടു കുരുടന്മാര്‍ക്ക് ഒരൊറ്റക്കൈവടി വിട്ടേക്കാഞ്ഞതെന്തേ? ഇതിനു ഉത്തരം നല്കാന്‍ ഭീമനോ പാണ്ഡവരിലാര്‍ക്കെങ്കിലുമോ കഴിയുകയില്ല. പാണ്ഡവമാതാവിനും മാത്രമേ അല്പമെങ്കിലും കഴിയൂ. അതാണ് കുന്തി പ്രവൃത്തിയില്‍കൂടി ചെയ്തത്.
കുന്തിയെപ്പോലെ ഒരു വീരമാതാവിനെ ലോകം കണ്ടിരിക്കുകയില്ല. ക്ഷത്രിയധര്‍മ്മം ശരിക്കുമറിയാവുന്ന അവര്‍ ലോകത്തിനായി അഞ്ചു പുരുഷകേസരികളെ സംഭാവനചെയ്തു. കുരുപിതാമഹനായ ഭീഷ്മര്‍ കഴിഞ്ഞാല്‍, ധര്‍മ്മചിന്തയിലും അതിന്റെ ആചരണത്തിലും ഉയര്‍ന്നുനില്‍ക്കുന്ന ധര്‍മ്മാത്മജന്‍ ഈ വീരമാതാവിന്റെ ശിക്ഷണത്തിന്റെ ഫലമാണ്. അച്ചടക്കവും ഭ്രാതൃസ്‌നേഹവും അവര്‍ പഠിപ്പിച്ചു. തങ്ങളെപ്പോലും പണയംവച്ച് ദീവാളികുളിച്ചിട്ടും ഒരക്ഷരം എതിരു പറയാത്ത ഭ്രാതൃത്ത്വം മാദ്രീപുത്രന്മാരെ സ്വന്തം പുത്രന്മാരേക്കാള്‍ ഉപരിയായി സ്‌നേഹിച്ചു. എപ്പോഴും ആ മാതാവിനു ധര്‍മ്മപുത്രരോട് പറയാനുള്ളത് നകുലസഹദേവന്മാരെ സ്‌നേഹിക്കുക എന്നാണ്. വനയാത്രാസമയത്തും അവര്‍ക്കു പറയാനുള്ളത് സഹദേവനെ ദുഃഖിപ്പിക്കരുതെന്നുമാത്രം.
ഒരു സ്ത്രീയുടെ മൗലികമായ ഉണ്മ അധിവസിക്കുന്നത് അവളുടെ മാതൃത്ത്വത്തിലാണ്. മാതാവായ കുന്തിക്ക് മക്കളെച്ചൊല്ലിയുള്ള ദുഃഖം ഒഴിഞ്ഞനിമിഷമില്ലായിരുന്നു. സതിയാകുന്നതില്‍ തനിക്കുള്ള യോഗ്യതയില്‍ ഒന്ന്, പുത്രന്മാരെ ശരിയായി വളര്‍ത്തുന്നതിലുള്ള കഴിവുകുറവ്. കുന്തിക്കത് ഏറിയിരുന്നു. ആ കടമ അങ്ങേയറ്റം പാലിച്ചു. തന്റെ അഭാവത്തില്‍ വല്ല കുറവും വരുമോ എന്നുള്ള ആശങ്കയാണ് സഹദേവന്റെ കാര്യം എടുത്തുപറയാന്‍ കാരണം. അമ്മയുടെ ഈ സ്‌നേഹം പതിന്മടങ്ങു വളര്‍ന്നതല്ലെ നാം ധര്‍മ്മപുത്രരില്‍ മറ്റൊരിക്കല്‍ കാണുന്നത്. യക്ഷന്‍ ഏതെങ്കിലും ഒരു സഹോദരനെ ജീവിപ്പിച്ചുതരാമെന്നു പറഞ്ഞപ്പോള്‍, അതു നകുലനാകട്ടെ എന്നാണ് ധര്‍മ്മപുത്രര്‍ പറഞ്ഞത്.
പാണ്ഡുവിന്റെ വംശം നശിക്കാതിരിക്കാന്‍ ആഗ്രഹിച്ച കുന്തിക്ക് പാഞ്ചാലിയുടെ ഒറ്റ മകനേയും ജീവനോടെ കിട്ടിയില്ല. ശ്രീകൃഷ്ണന്റെ വരബലമാണ് പരീക്ഷിത്തിനെ ജീവനുള്ളയാളാക്കിയത്. കര്‍ണ്ണനെക്കുറിച്ചുളള ദുഃഖം എന്നും അവരെ എരിച്ചു. വ്യാസദേവന്‍ മനുഷ്യജീവിതം കണ്ട്, അതിന്റെ പൊരുളറിഞ്ഞ് ഇതിഹാസം ചമച്ച ഋഷികവിയാണ്. സ്ത്രീയുടെ എല്ലാ നന്മതിന്മകളും മാത്രമല്ല കുന്തിക്ക് അടുക്കിവെച്ചത്. സ്ത്രീയില്‍ ഉണ്ടാകാനിടയുള്ളവകൂടി അദ്ദേഹം ധ്വനിപ്പിച്ചു. വിവാഹത്തിനുമുന്‍പ് സ്ത്രീകള്‍ കാമവികാരം അടക്കിയില്ലെങ്കില്‍ ഏതു നിലയിലുള്ളവരായാലും എത്ര വലിയവരായാലും അതവരെ നരകത്തിലാഴ്ത്തും എന്നാണ് കവിക്കു പറയാനുള്ളത്. കല്യാണം കഴിച്ച ഭര്‍ത്താവിനോടൊപ്പം ഒരു ദിവസം രമിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. ലോകലജ്ജയെ മൂടിവെയ്ക്കാന്‍ പെറ്റ മകനെ ഉടന്‍ ഉപേക്ഷിച്ച അവര്‍ക്ക് ചക്രവര്‍ത്തികളായ മക്കളെ മറ്റൊരു പ്രത്യേക കാരണവുമില്ലാതെ ഉപേക്ഷിച്ച് ദുഃഖത്തിന്റെ ഘോരാരണ്യം പൂകേണ്ടിവന്നു. ഹാ! മഹാപ്രതിഭകളാണ് മഹത്തായ പാത്രസൃഷ്ടി നടത്തുന്നത്.
നമസ്‌തെ വ്യാസായ വിഷ്ണുരൂപായ.
Discussion about this post