തിരുവനന്തപുരം: എഫ്‌ഐആറില്‍ പേരുണ്ടെന്നതിന്റെ പേരില്‍ പി.കെ. ബഷീര്‍ എംഎല്‍ എയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അങ്ങനെയെങ്കില്‍ അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം എംഎല്‍എ കെ.കെ. ജയചന്ദ്രന്‍ അറസ്റ്റിലായേനെയെന്നും അദ്ദേഹം പറഞ്ഞു. അരീക്കോട് ഇരട്ടക്കൊലപാതകത്തില്‍ ബഷീറിന്റെ പങ്കിനെകുറിച്ച് എഫ്‌ഐആറിലുള്ളത് ദുര്‍ബലമായ പരാമര്‍ശം മാത്രമാണ്. പ്രതിപക്ഷം നിയമവാഴ്ചയോട് സഹകരിക്കണം. ഏത് ചര്‍ച്ചയ്ക്കും തയാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഭ സ്തംഭിപ്പിച്ചത് ജനാധിപത്യവിരുദ്ധമാണ്. സ്പീക്കറോട് പ്രതിപക്ഷം എടുത്ത നിലപാട്് പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തിന്റേത് പരിധിവിട്ടുള്ള സമീപനമാണ്. യഥാര്‍ഥ പ്രതി ആരായാലും പിടിക്കപ്പെടും. പ്രതിപക്ഷം തെറ്റായ കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കാന്‍ സത്യം മൂടിവയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഷീറിന്റെ 2008ലെ പ്രസംഗം അടഞ്ഞ അധ്യായമാണ്. അന്നത്തെ പ്രസംഗവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ സംഭവത്തെ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേസ് അന്വേഷണം വഴിതെറ്റിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post