ഗുഡ്ഗാവ് (ഹരിയാന): ഹരിയാനയിലെ മനേസറില്‍ കുഴല്‍ക്കിണറില്‍ അകപ്പെട്ട നാലുവയസുകാരി മഹി മരിച്ചു. 86 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മഹിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയുള്ള ഡോക്ടര്‍മാരാണ് മഹിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. കുഴല്‍ക്കിണറിനുള്ളില്‍ വച്ചു തന്നെ കുട്ടി മരിച്ചതായാണു സൂചന.
സൈന്യവും എന്‍എസ്ജി. കമാന്‍ഡോകളും ചേര്‍ന്ന് സമാന്തരമായി മറ്റൊരു കിണര്‍ നിര്‍മിച്ചാണ് കുട്ടിക്ക് സമീപമെത്തിയത്. മനേസറിലെ ഖൊ ഗ്രാമത്തില്‍ ജന്മദിനത്തില്‍ വീടിനു പുറത്ത് കളിക്കുന്നതിനിടെയാണ് മാഹി നിര്‍മാണം പൂര്‍ത്തിയാകാത്ത 75 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ടത്.
കുഴല്‍ക്കിണറിനു സമാന്തരമായി എട്ടടി അകലെ 70 അടി താഴ്ചയില്‍ മറ്റൊരു കുഴിയെടുത്താണു രക്ഷാശ്രമം. കുട്ടി കിടക്കുന്നതിനു തൊട്ടടുത്ത് ഇന്നലെ രാവിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ഇടയില്‍ പാറക്കെട്ടു കണ്ടതു ശ്രമം ദുഷ്‌കരമാക്കി. യന്ത്രമുപയോഗിച്ചു പാറ പൊട്ടിക്കുന്നതു കുട്ടിക്കു പരുക്കേല്‍ക്കാന്‍ ഇടയാക്കുമെന്ന നിഗമനത്തെത്തുടര്‍ന്നു പിക്കാസ് ഉപയോഗിച്ചു നീക്കാനായിരുന്നു ശ്രമം. ഇതു പ്രായോഗികമല്ലെന്നു ബോധ്യപ്പെട്ടതിനാല്‍ ഡല്‍ഹി മെട്രോ കോര്‍പറേഷന്റെ വിദഗ്ധ സംഘത്തെ എത്തിച്ചു വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചു പാറയുടെ വശത്തുകൂടി വഴിയൊരുക്കിയത്.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണു സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥനപ്രകാരം ഗുഡ്ഗാവ് റാപ്പിഡ് മെട്രോയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി. സമാന്തരമായി നിര്‍മിച്ച കുഴിയില്‍നിന്നു കുട്ടി വീണുകിടക്കുന്നിടത്തേക്കു തുരങ്കം നിര്‍മിക്കാനായിരുന്നു ശ്രമം. സൈന്യത്തിന്റെ എന്‍ജിനീയറിങ് വിഭാഗത്തിനായിരുന്നു സമാന്തര കിണര്‍ നിര്‍മിക്കാനുള്ള ചുമതല. കനത്ത ചൂടും പൊടിക്കാറ്റും ദൗത്യം ദുഷ്‌കരമാക്കി. ഓരോ 10 മിനിറ്റിലും ആളുകള്‍ മാറിമാറിയാണു പണി പുരോഗമിച്ചത്. മണ്ണിടിഞ്ഞുവീഴാനുള്ള സാധ്യതയുമുണ്ടായിരുന്നു.
ഡല്‍ഹി മെട്രോ കോര്‍പറേഷന്റെ സഹായം തേടാന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹുഡ പ്രത്യേക നിര്‍ദേശം നല്‍കുകയായിരുന്നു. സൈന്യം, പൊലീസ്, അഗ്നിശമനസേന, ആരോഗ്യ, റവന്യു വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ, കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മിഷന്‍ സംഭവത്തെക്കുറിച്ചു സംസ്ഥാന സര്‍ക്കാരില്‍ നിന്നു വിശദീകരണം തേടി.
Discussion about this post