*സി.എസ്സ്. ജയദേവി*
ഒരിക്കല്‍ വസിഷ്ഠ മഹര്‍ഷിയും ശിഷ്യജനങ്ങളുംകൂടി വിശ്വാമിത്രമഹര്‍ഷിയുടെ ആശ്രമം സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ടു. ആശ്രമസമീപത്തെത്തിയപ്പോള്‍തന്നെ വിശ്വാമിത്രമഹര്‍ഷി അവരെ യഥായോഗ്യം സ്വീകരിച്ച് ആശ്രമത്തില്‍ കൊണ്ടുചെന്നിരുത്തി വേണ്ട ഉപചാരങ്ങള്‍ചെയ്തു. എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ രണ്ടുമൂന്നു ദിവസം അവിടെ താമസിച്ചതിനുശേഷം വിശ്വാമിത്ര മഹര്‍ഷിയോട് വസിഷ്ഠമഹര്‍ഷി യാത്രചോദിച്ചു. അപ്പോള്‍ വിശ്വാമിത്രമഹര്‍ഷി പറയുകയാണ്.
അങ്ങിപ്പോള്‍ പോകരുത്. എന്റെ ശിഷ്യന്മാര്‍ക്ക് സദുപദേശങ്ങള്‍ നല്‍കി, നമുക്കു കുറച്ചുദിവസംകൂടി ഒരുമിച്ചു താമസിക്കാം.
മഹര്‍ഷി അതു സമ്മതിച്ചു. വീണ്ടും കുറച്ചുദിവസങ്ങള്‍ക്കുശേഷം പോകുന്നതിനു യാത്രചോദിച്ചു. അപ്പോഴും അദ്ദേഹത്തിനു യാത്രഅനുവദിച്ചില്ല. ഇങ്ങനെ എതാണ്ടൊരു മാസം കഴിഞ്ഞു. അതിനുശേഷം വസിഷ്ഠമഹര്‍ഷി ഇനിയും ഇവിടെ താമസിക്കുവാന്‍ നിവര്‍ത്തി ഇല്ല എന്നു പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍, വിശ്വാമിത്രമഹര്‍ഷി അതിനെ ഒരുവിധം സമ്മതിച്ചു. അടുത്തദിവസം രാവിലെ യാത്രതിരിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ എല്ലാം ചെയ്തു. പോകുവാനുള്ള സമയമായി. എല്ലാവരും തയാറായി.
ഭക്തിബഹുമാനങ്ങളോടെ ഞാനും എന്റെ ശിഷ്യഗണങ്ങളും കൂടി താമസിയാതെ അവിടുത്തെ ആശ്രമത്തില്‍ വരുന്നുണ്ടെന്ന് അറിയിച്ചശേഷം തന്റെ ആയിരംകൊല്ലത്തെ തപോബലം അങ്ങില്‍ സമര്‍പ്പിച്ചിരിക്കുന്നു. എന്നുപറഞ്ഞ് അനുഗ്രഹിച്ച് അവരെ യാത്ര അയയ്ക്കുകയും ചെയ്തു.
കുറേ ദിവസങ്ങള്‍ക്കുശേഷം വിശ്വാമിത്രമഹര്‍ഷിയും ശിഷ്യഗണങ്ങളുംകൂടി വസിഷ്ഠമഹര്‍ഷിയുടെ ആശ്രമം സന്ദര്‍ശിക്കുന്നതിനു പോയി. അവിടെയും അവരെ വേണ്ടതരത്തില്‍ സ്വീകരിച്ച് ഉപചാരങ്ങള്‍ എല്ലാം ചെയ്ത് കുറച്ചുദിവസം എല്ലാവരുമൊത്ത് അവിടെ താമസിച്ചു. അതിനുശേഷം വിശ്വാമിത്രമഹര്‍ഷി യാത്രചോദിച്ചപ്പോള്‍ അങ്ങിപ്പോള്‍ പോകാന്‍ പാടില്ല. എന്റെ ശിഷ്യഗണങ്ങള്‍ക്കു വേണ്ട ജ്ഞാനോപദേശങ്ങള്‍ ചെയ്ത് കുറച്ചുദിവസംകൂടി ഇവിടെ താമസിച്ചിട്ടു പോകാമെന്നു പറഞ്ഞു. അദ്ദേഹം അതു സമ്മതിച്ചു. അല്പ ദിവസങ്ങള്‍ക്കുശേഷം വിശ്വാമിത്ര മഹര്‍ഷി വീണ്ടും യാത്രചോദിച്ചു. അന്നും യാത്ര അനുവദിക്കാതെ സമാശ്വസിപ്പിച്ചു.
ഏതാണ്ടൊരു മാസമായപ്പോള്‍ വിശ്വാമിത്രമഹര്‍ഷി, തന്റെ ആശ്രമത്തിലാരുമില്ല, പോകാതെ നിവര്‍ത്തിയില്ല എന്നു നിര്‍ബന്ധിച്ചപ്പോള്‍ വസിഷ്ഠ മഹര്‍ഷി അതൊരുവിധം സമ്മതിച്ചു. അടുത്തദിവസം രാവിലെ അവരെ അയയ്ക്കുന്നതിനുള്ള ഒരുക്കങ്ങളായി. വിശ്വാമിത്രമഹര്‍ഷി ഭക്തിബഹുമാനത്തോടുകൂടി യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ വസിഷ്ഠമഹര്‍ഷി തന്റെ ഇതുവരെയുള്ള സല്‍സംഗത്തിന്റെ ഒരു നിമിഷത്തെ ഫലം അങ്ങില്‍ സമര്‍പ്പിച്ചിരിക്കുന്നു, എന്നനുഗ്രഹിച്ച് യാത്ര അയച്ചു.
വിശ്വാമിത്ര മഹര്‍ഷിക്കു വസിഷ്ഠമഹര്‍ഷിചെയ്ത ഈ ലഘുസമര്‍പ്പണം തന്നെ ആക്ഷേപിച്ചതാണോ എന്നുള്ള വിചാരം മനസ്സില്‍ കടന്നുകൂടി. ആകപ്പാടെ വിഷമിച്ചു. ഏതായാലും ആശ്രമത്തില്‍ വന്നുചേര്‍ന്നു. യാതൊരു സ്വസ്ഥതയും ഇല്ല. ആകപ്പാടെ മനസ്സിനൊരു വിഷമം. ഇങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ആദിശേഷനെ ഒന്നുകണ്ടാല്‍ തന്റെ സംശയനിവര്‍ത്തി വരുത്തിത്തരുമെന്നു കരുതി അതിനായിട്ടുപോയി. അദ്ദേഹത്തിനെ കണ്ട് വന്ദിച്ച് ഇപ്രകാരം അറിയിച്ചു. അനതരാജാ, ഒരിക്കല്‍ വസിഷ്ഠമഹര്‍ഷിയും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും കൂടി എന്റെ ആശ്രമത്തില്‍ വന്നിരുന്നു അദ്ദേഹത്തിനെയും ശിഷ്യഗണങ്ങളെയും യഥായോഗ്യം സ്വീകരിച്ചു.
അവര്‍ ഒരു മാസം അവിടെ താമസിച്ചു. പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ആയിരം കൊല്ലത്തെ തപസ്സിന്റെ ഫലം അദ്ദേഹത്തില്‍ സമര്‍പ്പിക്കയും ചെയ്തു. പിന്നീടൊരിക്കല്‍ ഞാനും എന്റെ ശിഷ്യഗണങ്ങളുംകൂടി പ്രതിസന്ദര്‍ശനത്തിന് വസിഷ്ഠമഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്നിരുന്നു. അവിടേയും ഞങ്ങളെ യഥായോഗ്യം സ്വീകരിച്ചു. ഞങ്ങള്‍ ഒരു മാസം അവിടെ താമസിച്ചു.
യാത്രയ്‌ക്കൊരുങ്ങിയപ്പോള്‍ അദ്ദേഹത്തിനുണ്ടായിട്ടുള്ള സല്‍സംഗത്തിന്റെ ഒരു നിമിഷത്തെ ഫലം എനിയ്ക്കു സമര്‍പ്പിച്ചു. അത് എന്നെ അധിഷേപിക്കുകയല്ലേ ചെയ്തതെന്ന് എനിക്കുള്ള സംശയം ചോദിച്ചറിയുന്നതിനായിട്ടാണ് ഞാന്‍ വന്നത്.’ ഇതു കേട്ടപ്പോള്‍ അനന്തന്‍ ഒരു പുഞ്ചിരിയോടുകൂടി മഹര്‍ഷേ സമാധാനമായിരിക്കു. പരിഹാരം ഉണ്ടാക്കാം എന്നു പറഞ്ഞിട്ട് ആകട്ടെ, ഈ ബ്രഹ്മാണ്ഡം മുഴുവന്‍ എന്റെ തലയിലല്ലേ ഇരിക്കുന്നത്. ഇത് തലയില്‍വെച്ചുകൊണ്ട് സമാധാനം പറയാന്‍ നിവര്‍ത്തിയില്ല.
അതുകൊണ്ട് അങ്ങയുടെ ആയിരം കൊല്ലത്തെ തപസ്സിന്റെ ഫലം ഇങ്ങോട്ട് മാറ്റിവെച്ചിട്ട് എന്റെ തലയിലിരിക്കുന്ന ഈ ഭൂമണ്ഡലം അതിലേക്ക് വെച്ചിട്ട് ഞാന്‍ സമാധാനം പറയാം. ഇതു കേട്ടപ്പോള്‍ വിശ്വാമിത്രന്‍ തന്റെ ആയിരം കൊല്ലത്തെ തപസ്സിന്റെ ഫലം അങ്ങോട്ട് സമര്‍പ്പിച്ചു. അനന്തന്‍ ഭൂമണ്ഡലം അതില്‍വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഭൂമണ്ഡലം ചാഞ്ഞും ചരിഞ്ഞും വീഴാന്‍ തുടങ്ങി. എന്നാല്‍ വസിഷ്ഠമഹര്‍ഷി തന്നതായ ഒരു നിമിഷത്തെ സല്‍സംഗത്തിന്റെ ഫലത്തെ അങ്ങോട്ട് സമര്‍പ്പിച്ചു. അനന്തന്‍ ഭൂമണ്ഡലമാകെ എടുത്ത് അതില്‍വെച്ചപ്പോള്‍ അതിന് യാതൊരു കുലുക്കവും ഇല്ലാതെയിരുന്നു. ഇതു കണ്ടപ്പോള്‍ വിശ്വാമിത്രമഹര്‍ഷിയുടെ സംശയം തീര്‍ന്നു. ഇത്ര മാഹാത്മ്യമാണ് സല്‍സംഗത്തിനെന്ന് മനസ്സിലായി.
Discussion about this post